18 April 2024, Thursday

ഓഹരി വിപണിയില്‍ നേട്ടം: 60,000 തൊട്ട് സെന്‍സെക്സ്

Janayugom Webdesk
മുംബൈ
September 24, 2021 7:16 pm

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക സെൻസെക്‌സ് ഇതാദ്യമായി 60,000 കടന്നു. നിഫ്റ്റി 17,900 എന്ന ഉയരവും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 325 പോയിന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയിന്റ് ഉയർന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ ഓഹരിവിപണികളിലും പ്രതിഫലിച്ചത്.

പലിശ നിരക്ക് ഉയർത്തൽ, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡറല്‍ റിസർവിന്റെ നിലപാടുകളാണ് വിപണിക്ക് കരുത്തായത്. ഡൗ ജോൺസ് സൂചിക 1.48 ശതമാനവും എസ്ആൻഡ്പി 500 1.21 ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്‌ചെയ്തത്. നാസ്ഡാക് സൂചിക 1.04 ശതമാനവും ഉയർന്നു.
ജപ്പാന്റെ ടോപിക്‌സ്, ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടമുണ്ടാക്കി. അതേസമയം റിയല്‍റ്റി ഭീമനായ എവർഗ്രാൻഡെയുടെ തകര്‍ച്ചയെത്തുടര്‍ന്ന് ചൈനീസ് വിപണികൾ നഷ്ടത്തിലാണ്. ഈ വർഷം ജനുവരിയിലാണ് സെൻസെക്സ് ആദ്യമായി 50,000 പിന്നിട്ടത്. എട്ടുമാസം കൊണ്ട് വിപണി 60,000ത്തിലെത്തി. ഐപിഒകളുടെ കടന്നുവരവും ഇതിന് കരുത്തായെന്ന് വിലയിരുത്തപ്പെടുന്നു.

163.11 പോയിന്റ് നേട്ടത്തില്‍ 60,048.47ലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 30.20 പോയിന്റ് ഉയര്‍ന്ന് 17,853.20ലുമെത്തി. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച്സിഎൽ, ടെക് മഹീന്ദ്ര, ഒഎൻജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ഇന്നലെ നേട്ടമുണ്ടാക്കി. ഇൻഡസ് ബാങ്ക്, എൽ ആന്റ് ടി ടെക് സർവീസസ്, സി ജി പവർ, അപ്പോളോ ഹോസ്പിറ്റൽ, എൻഡിടിവി എന്നിവയുടെ വിലയും ഉയര്‍ന്നു. നിഫ്റ്റിയിൽ ടാറ്റ മോട്ടോഴ്‌സ്, ഒഎൻജിസി, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

Eng­lish sum­ma­ry;  sen­sex 60000 above

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.