ഓഹരിവിപണിയില്‍ കനത്ത നഷ്ടം; 800 പോയിന്റ് ഇടിഞ്ഞു

Web Desk
Posted on September 03, 2019, 3:40 pm

മുംബൈ: ജിഡിപി വളര്‍ച്ചയിലെ ഇടിവിനെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സ് 800 പോയിന്റ് ഇടിവ് രേഖപ്പെടുത്തി.

800 പോയിന്റ് വരെ ഇടിവ് രേഖപ്പെടുത്തിയ സെന്‍സെക്‌സ് പിന്നീട് അല്‍പം തിരിച്ചുകയറി 727 പോയിന്റ് നഷ്ടത്തില്‍ 36,605 എന്ന നിലയിലാണ്. നിഫ്റ്റി 206 പോയിന്റ് ഇടിഞ്ഞ് 10,817 എന്ന നിലയിലാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡോളറിനെതിരെ 72 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ജിഡിപി നിരക്കിലെ ഇടിവും യുഎസ്-ചൈന വ്യാപാരയുദ്ധവുമാണ് വിനിമയ നിരക്ക് കുത്തനെ കുറയാന്‍ പ്രധാന കാരണം. ഓഹരി വിപണി സൂചികകളായ സെന്‍സെക്‌സ്, നിഫ്റ്റി എന്നിവയിലെ ഇടിവും രൂപയുടെ ഇടിവിനെ ബാധിച്ചിട്ടുണ്ട്.

ഒരു ഡോളറിന് 71.97 രൂപ നിരക്കില്‍ തുറന്ന വിപണി രൂപയുടെ ഏറ്റവും താഴ്ന്ന നിരക്കായ 72.36 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തപ്പോള്‍ 71.40 രൂപ ആയിരുന്നു വിനിമയ നിരക്ക്. രൂപയുടെ ഇടിവ് ആഭ്യന്തര വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും നിരക്ക് ഉയരുകയും ചെയ്തിട്ടുണ്ട്.

ജൂണ്‍ മാസത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച നിരക്ക് കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5 ശതമാനമായി കുറഞ്ഞുവെന്ന് വെള്ളിയാഴ്ച കണക്കുകള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് രൂപയുടെ സമ്മര്‍ദ്ദം വര്‍ദ്ധിച്ചത്. തിങ്കളാഴ്ച പുറത്തിറക്കിയ മറ്റൊരു സ്വകാര്യ സര്‍വേയില്‍ ഇന്ത്യയുടെ ഉല്‍പാദന മേഖല ഓഗസ്റ്റില്‍ 15 മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് കൈവരിച്ചതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.