ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സ് 450 പോയിന്റ് ഇടിഞ്ഞു

Web Desk

ന്യൂഡൽഹി

Posted on May 22, 2020, 9:20 pm

വളർച്ച നിരക്ക് പൂജ്യത്തിൽ താഴെയെത്തുമെന്ന് ആർബിഐ പ്രഖ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ വൻ തകർച്ച. റിപ്പോ നിരക്കുകൾ 40 ബെയ്സിസ് പോയിന്റാണ് കുറഞ്ഞത്. സെൻസെക്സ് 450 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 8970 പോയിന്റ് ഇടി‌ഞ്ഞു. ഇന്നലെ രാവിലെ ലാഭത്തിൽ വിറ്റിരുന്ന ഓഹരികളുടെ വില മുഖവിലപോലും ലഭിക്കാത്ത അവസ്ഥയിൽ കൂപ്പുകുത്തി. ആർബിഐ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സമീപകാലത്ത് രാജ്യം വളർച്ച കൈവരിക്കില്ലെന്ന് മാത്രമല്ല പണപ്പെരുപ്പം ഗണ്യമായി വർധിക്കാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

കൊറോണ പ്രതിസന്ധി നേരിടുന്നതിന് മോഡ‍ി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജിലെ പൊള്ളത്തരങ്ങളാണ് ആർബിഐ പ്രഖ്യാപനം വ്യക്തമാക്കുന്നത്. പാക്കേജ് പ്രഖ്യാപിച്ച അടുത്ത ദിവസം മുതൽ ഓഹരി കമ്പോളം ഗണ്യമായ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം വികസ്വര ഏഷ്യൻ രാജ്യങ്ങളിൽ നിന്നും 26 ദശലക്ഷം ഡോളറിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളാണ് പിൻവലിച്ചത്. ഇതിൽ 16 ദശലക്ഷം ഡോളറും ഇന്ത്യയിൽ നിന്നായിരുന്നു. കൊറോണ പ്രതിസന്ധി മറികടക്കുന്നതിൽ മോഡി സർക്കാരിന്റെ പിടിപ്പുകേടാണ് വൻതോതിലുള്ള നിക്ഷേപം പിൻവലിക്കൽ വെളിവാക്കുന്നത്.

പാവപ്പെട്ട ജനങ്ങൾക്ക് സഹായം നൽകേണ്ട പൊതുമേഖലാ ബാങ്കുകൾക്ക് ഒരു സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചില്ല. അതേസമയം വിദേശ കുത്തകളുടെ അധീനതയിൽ പ്രവർത്തിക്കുന്ന ഫ്രാങ്ക്ളിൻ ടെംപിൾടൺ ഉൾപ്പെടെയുള്ള മ്യൂുച്വൽ ഫണ്ട് സ്ഥാപനങ്ങൾക്ക് 50,000 കോടി രൂപയുടെ സഹായമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. അപ്പോഴും നിക്ഷേപകർക്ക് നൽകാനുള്ള പണം ഒന്നര വർഷത്തിന് ശേഷം നൽകാമെന്നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ കഴിഞ്ഞ ദിവസം പറഞ്ഞത്. ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തതും വിദേശ നിക്ഷേപങ്ങൾ വൻതോതിൽ പിൻവലിക്കുന്നതിന് കാരണമായി. ബാങ്കുകളുടെ ഇപ്പോഴത്തെ പ്രതിസന്ധി നേരിട്ട് ബാധിക്കുന്നത് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയാണെന്നും വിദഗ്ധർ പറയുന്നു.

Eng­lish Summary:Sensex falls 450 pts

You may also like this video: