കൂടത്തായി കൊലപാതക പരമ്പര: ഓരോ മരണവും അന്വേഷിക്കാൻ ഓരോ സംഘം

Web Desk
Posted on October 09, 2019, 10:47 pm

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണവും ഓരോ സംഘം അന്വേഷിക്കാന്‍ തീരുമാനം. അന്വേഷണ സംഘങ്ങളിൽ ആരൊക്കെ ഉണ്ടാവണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതും സംഘത്തിന്റെ മൊത്തം ചുമതലയും റൂറൽ എസ് പി കെ ജി സൈമണിനായിരിക്കും. അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നേരത്തെ ഡി ജി പി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു. പുതിയ അന്വേഷണ സംഘം രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാവും. സൈബർ ക്രൈം, ഫോറൻസിക് പരിശോധന, എഫ് ഐ ആർ തയ്യാറാക്കുന്നതിൽ വിദഗ്ധർ, അന്വേഷണ വിദഗ്ധർ എന്നിവരായിരിക്കും സംഘത്തിലുണ്ടായിരിക്കുക. കോഴിക്കോട് ജില്ലയിലെ ഏറ്റവും സമർത്ഥരും കുറ്റാന്വേഷണത്തിൽ മികവ് പുലർത്തുന്നവരുമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം.

റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടാണിപ്പോൾ കേസ് രജിസ്റ്റർ ചെയ്തത്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റുള്ളവരുടേതും കൊലപാതകമാണെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച് എത്തിച്ചേർന്നത്. ഒരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓരോ കൊലപാതകവും പ്രത്യേകം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇൻസ്പെക്ടർമാർക്ക് ഓരോരുത്തർക്കും ചുമതല നൽകും. ഡി വൈ എസ് പി ഹരിദാസൻ മേൽനോട്ടം നൽകും. കേസിൽ അറസ്റ്റിലായ ജോളി നിരന്തരം കോയമ്പത്തൂരിലേക്ക് യാത്ര നടത്തിയതും പരിശോധിക്കുന്നുണ്ട്. അറസ്റ്റിലാകുന്നതിന് തൊട്ട് മുമ്പത്തെ ആഴ്ചയും ഇവർ കോയമ്പത്തൂരിൽ പോയതായാണ് അറിയുന്നത്. പി എച്ച് ഡി ചെയ്യാൻവേണ്ടിയെന്ന വ്യാജേനയായിരുന്നു ഇവരുടെ യാത്രകൾ. കോയമ്പത്തൂരിൽ ജോളി ആരെയൊക്കെ ബന്ധപ്പെട്ടുവെന്ന് അന്വേഷണസംഘം പരിശോധിക്കും.