മത്സ്യത്തൊഴിലാളി സംരക്ഷണത്തിന് പ്രത്യേക നിയമനിര്‍മ്മാണം വേണം: കാനം

Web Desk

കൊച്ചി/കൊല്ലം

Posted on November 21, 2017, 10:06 pm

കേരള മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംഘടിപ്പിച്ച ലോകമത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് മൂന്ന് കേന്ദ്രങ്ങളില്‍ മത്സ്യത്തൊഴിലാളിസംഗമം സംഘടിപ്പിച്ചു. ഇടക്കൊച്ചിയില്‍ മത്സ്യത്തൊഴിലാളിസംഗമം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
വനാവകാശ നിയമത്തിന്റെ മാതൃകയില്‍ ജലാശയങ്ങളെയും മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കാന്‍ പ്രത്യേക നിയമം നിര്‍മ്മിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ കാനം അഭിപ്രായപ്പെട്ടു. വനാവകാശ നിയമം ഒന്നാം യുപിഎ മന്ത്രിസഭയുടെ കാലയളവില്‍ കൊണ്ടുവന്നെങ്കിലും അത് വളരെ മോശമായ രീതിയിലാണ് ഇപ്പോള്‍ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് തിരിച്ചറിവുണ്ടാവുമ്പോള്‍ അതിനെതിരെ ജനവികാരം ഉയരണം.
പരിസ്ഥിതിയേയും ജീവനോപാധികളേയും ഇല്ലാതാക്കി വന്‍കിട പദ്ധതികള്‍ വരുമ്പോള്‍ അതിനെതിരായി നില്‍ക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണം. വികസന വിരോധിയെന്ന് മുദ്രകുത്തപ്പെടുമെങ്കിലും ഭാവിയില്‍ അത് പ്രയോജനകരമായി മാറുമെന്ന് കാനം പറഞ്ഞു.
സുപ്രിം കോടതിവിധി വന്നിട്ടും പൊളിച്ചുനീക്കാന്‍ കഴിയാത്ത സൗധങ്ങള്‍ വേമ്പനാട്ടുകായല്‍ തീരത്ത് ഇന്നുമുണ്ട്. വേമ്പനാട് കായലിന്റെ 40 ശതമാനം നികത്തി കഴിഞ്ഞുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ആധുനിക സാങ്കേതിക വിദ്യകള്‍ കൊണ്ടുവരുന്നതിന് ആരും എതിരല്ല. എന്നാല്‍ തൊഴിലിടം, പാര്‍പ്പിടം എന്നിവ നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നാണ് പാര്‍ട്ടി നയം. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ച് കായല്‍ കയ്യേറ്റവും വയല്‍നികത്തലുമെല്ലാം നടത്തുന്നത് മന്ത്രിയാണെങ്കില്‍പോലും അംഗീകരിക്കാനാവില്ല. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ജനകീയ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുന്നത് ആശാസ്യമല്ലെന്നും കാനം പറഞ്ഞു.
കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും പറഞ്ഞിട്ടുള്ളതാണ്. ഇതനുസരിച്ചുള്ള തീരുമാനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെതിരായി രംഗത്തുവരുന്നവരുടെ താല്‍പര്യം ജനങ്ങള്‍ തിരിച്ചറിയണം. നിയമങ്ങള്‍കൊണ്ട് സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ജനങ്ങള്‍ അതിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും കാനം ചൂണ്ടിക്കാട്ടി.
പ്രകൃതിയും ജലസമ്പത്തുമടക്കം ചൂഷണം ചെയ്യുന്ന വികസന സങ്കല്‍പ്പമാണ് കോര്‍പ്പറേറ്റുകള്‍ പലരും മുന്നോട്ടുവയ്ക്കുന്നത്. ഇത്തരം സങ്കല്പങ്ങളെ ജനങ്ങള്‍ അംഗീകരിക്കണമെന്നില്ല. ജീവിതചുറ്റുപാടുകളെ ബലികഴിച്ചുള്ള വികസനസങ്കല്‍പ്പങ്ങള്‍ക്കെതിരെ പോരാടുക തന്നെ വേണമെന്നും കാനം പറഞ്ഞു.
ടി എന്‍ സോമന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. എം കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ ഫിഷ്‌വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി രാജു, ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി രഘുവരന്‍, എഐടിയുസി ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി, വി മോഹന്‍ദാസ്, വി കെ സന്തോഷ്‌കുമാര്‍, ആര്‍ പ്രസാദ്, എം കെ ഉത്തമന്‍, ടി കെ ചക്രപാണി, മിനി രാജേന്ദ്രന്‍, പി ഒ ആന്റണി, എ ആര്‍ ശിവജി, ഒ കെ മോഹനന്‍, കെ എസ് രത്‌നാകരന്‍, ഡി ബാബു, പി വി ചന്ദ്രബോസ് എന്നിവര്‍ സംസാരിച്ചു.
കൊല്ലം പോര്‍ട്ട് കടപ്പുറത്ത് മത്സ്യത്തൊഴിലാളി സംഗമം സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. ആര്‍ വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി.
ചാവക്കാട് കടപ്പുറത്ത് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എഐടിയുസി തൃശൂര്‍ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ അധ്യക്ഷനായി. സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെകെ വത്സരാജ്, എഐടിയുസി സംസ്ഥാന സെക്രട്ടറി എഎന്‍ രാജന്‍, ഇ ടി ടൈസന്‍ എം എല്‍ എ, മത്സ്യത്തൊഴിലാളി ക്ഷേമ ബോര്‍ഡ് അംഗങ്ങളായ കുമ്പളം രാജപ്പന്‍, എ കെ ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഭാഗമായി മത്സ്യത്തൊഴിലാളി പ്രതിജ്ഞ, നാടന്‍ പാട്ട് അവതരണം എന്നിവയുമുണ്ടായി.