ഡോ. അജീഷ് പി ടി

റിസർച്ച് ഓഫീസർ, എസ്­സിഇആർടി

October 18, 2020, 4:00 am

ഡിജിറ്റൽ ക്ലാസുകളുടെ വേറിട്ട തലം

Janayugom Online

രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്കെല്ലാം മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസരംഗത്ത് കേരളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഗുണമേന്മയേറിയ വിദ്യാഭ്യാസം നൽകുന്നതിൽ സ്ഥിരത പുലർത്തുന്നതിനാൽ നിതി ആയോഗിന്റെ റാങ്കിങ്ങിലും മുൻപന്തിയിലെത്തി. അത്യന്തം ഗൗരവവും കലുഷിതവുമായ കോവിഡ് സാഹചര്യത്തെ അഭിമുഖീകരിച്ചും കഠിനമായ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ടും കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പുവരുത്തുന്നതിൽ പൊതുവിദ്യാഭ്യാസവകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ജൂൺ ഒന്നു മുതൽ പൊതുവിദ്യാഭ്യാസ മേഖലയിലെ മുഴുവൻ കുട്ടികൾക്കും വിക്ടേഴ്സ് ചാനൽ മുഖാന്തിരവും മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സഹായത്താലും ഫലപ്രദമായ രീതിയിൽ ഡിജിറ്റൽ ക്ലാസുകൾ നൽകുന്നുണ്ട്. സംപ്രേഷണം ആരംഭിച്ച കാലം മുതൽ ഈ ക്ലാസുകളെ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും പൊതുജനങ്ങളും ഏറ്റെടുത്തത് പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രൗഢി വർധിപ്പിക്കുന്നു.

ക്ലാസുകൾ ആരംഭിച്ച് മൂന്നുമാസം പിന്നിടുമ്പോൾ ആദ്യസമയങ്ങളിൽ കുട്ടികൾകാണിച്ചിരുന്ന താല്പര്യം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി ക്ലാസുകൾ കാണുന്നവരാണ് കൂടുതലും. കുട്ടികളുടെ സർഗശേഷി വികാസത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ കൂടി ഡിജിറ്റൽ ക്ലാസുകളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. വീട്ടിനുള്ളിൽ തളയ്ക്കപ്പെട്ടു ജീവിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം എങ്ങനെയെങ്കിലും സ്കൂൾ തുറന്നുകിട്ടിയാൽ മതിയെന്ന് ആഗ്രഹിക്കുന്നു. മക്കളെ പുതുമയാർന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുവാൻ കഴിയാതെ ധർമ്മസങ്കടത്തിലായ രക്ഷിതാക്കൾ വീട്ടിലെ ഡിജിറ്റൽ ഉപകരണങ്ങളെല്ലാം കുട്ടികൾക്ക് യഥേഷ്ടം ഉപയോഗിക്കുവാനായി നൽകിത്തുടങ്ങിയിട്ടുണ്ട്. കുട്ടികൾ അവരുടെ സമയവും സന്തോഷവും കണ്ടെത്തുവാൻ ഇത്തരം ഉപകരണങ്ങളെ അനിയന്ത്രിതമായി ഉപയോഗിക്കുന്ന പ്രവണതകൂടി വരുന്നു. ശാരീരികവും മാനസികവുമായ കരുത്തോ പിന്തുണയോ ഉണർവോ ഒന്നും ഈ പ്രവൃത്തിയിലൂടെ ലഭിക്കുന്നില്ല എന്ന സത്യം ഇവർ മനസിലാക്കുന്നുമില്ല. ഡിജിറ്റൽ ഗാഡ്ജറ്റുകൾ കൂടുതൽ നേരം ഉപയോഗിക്കുന്നതിലൂടെ സ്ക്രീൻ അഡിക്ഷൻ സാധ്യതകളും കാഴ്ചസംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനും ത്വക്കിൽ റേഡിയേഷൻ ഏൽക്കുവാനും കാരണമാകുന്നു. ഗുണമേന്മയേറിയ ഉപകരണങ്ങൾ വികിരണ കാഠിന്യം കുറയ്ക്കുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അമിതോപയോഗം അത്യാപത്താണ്.

ജിജ്ഞാസ പ്രകടിപ്പിക്കുന്ന ഓരോ കുട്ടിയും അവരിഷ്ടപ്പെടുന്ന സംഗതികളെപ്പറ്റി കൂടുതലായി അറിയുവാൻ ശ്രമം നടത്തും. ഇലക്ട്രോണിക് ഗാഡ്ജറ്റുകളോട് പൊതുവേ കുട്ടികൾക്ക് കമ്പം കൂടുതലായതിനാൽ അവയുടെ പരമാവധി സാധ്യതകളെപ്പറ്റി അറിയുവാൻ എപ്പോഴും ശ്രമം നടത്തും. ഇവയെല്ലാം അക്കാദമിക കാര്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെങ്കിൽ ഏറെ നല്ലതാണ്. എന്നാൽ തെറ്റായ രീതിയിൽ ഉപയോഗിക്കുവാനുള്ള ശ്രമം അപകടങ്ങൾ ക്ഷണിച്ചു വരുത്തും. പാഠ്യപദ്ധതിയുടെ ഭാഗമായും അല്ലാതെയും സൈബർ ലോകത്തെപ്പറ്റി നിരവധി അറിവുകൾ മനസിലാക്കിയവരാണ് ഓരോ കുട്ടിയും. എന്നാൽ വർധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു എന്നത് വളരെയധികം ആശങ്കപ്പെടുത്തുന്നു. ഇന്ന് രക്ഷിതാക്കളെല്ലാം സഹാധ്യാപകന്റെ ചുമതലകൂടി വഹിക്കുമ്പോൾ സ്നേഹപൂർവമായ ഇടപെടലിലൂടെ വീടുകൾക്കുള്ളിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് അവരുമായി കൂടുതൽ ഇടപഴകേണ്ടതുണ്ട്.

എപ്പോഴും സന്തോഷത്തോടെ ഇരിക്കുവാനും ന്യൂജെൻ രീതികൾ ഇഷ്ടപ്പെടുന്നവരുമായ ഇന്നത്തെ കുട്ടികളെല്ലാം ഡിജിറ്റൽ അതിപ്രസരകാലത്താണ് ജീവിക്കുന്നത്. കുട്ടികളുടെ വളർച്ചാ വികാസഘട്ടങ്ങളിൽ ഇവയുടെ സ്വാധീനം വളരെയധികം പ്രതിഫലിക്കുന്നതിനാൽ ദിനചര്യകളിലും വൈവിധ്യം ആഗ്രഹിക്കുന്നവരാണ് ഓരോ കുട്ടിയും. പഠനവൈകല്യമുള്ള പഠനപിന്നാക്കാവസ്ഥയുള്ള കുട്ടികൾക്ക് നിലവിലുള്ള ഓൺലൈൻ ക്ലാസുകൾ ഗുണപരമാകുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടണം. അത്തരം കുട്ടികളെ സ്കൂൾ തലത്തിൽ പ്രത്യേകം കേന്ദ്രീകരിപ്പിച്ച് പഠന പിന്തുണാ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് ഉചിതമാകും. ഡിജിറ്റൽ ക്ലാസുകളിൽ നിന്നും വ്യതിചലിച്ച് മറ്റു വിനോദ പരിപാടികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന കുട്ടികളുണ്ടെന്നും ചില രക്ഷിതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈലും ടെലിവിഷനും കാണുന്ന ശീലം ചിലരിൽ ഉടലെടുത്തിട്ടുണ്ട്. ഇത് ഉറക്കത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുകയും ശരീരത്തിന്റെ സന്തുലനാവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിവിധ ഹോർമോണുകളുടെ അസന്തുലനത്തിനും ജൈവഘടികാരത്തിന്റെ പ്രയാണത്തിൽ കൃത്യതയില്ലാതെ വരാനും വിവിധ ജീവിതശൈലീ രോഗങ്ങൾക്കിടയാകുവാനും കാരണമാകുന്നു.

വീടുകൾക്കുള്ളിൽ ദീർഘനാളായി കഴിയുന്ന വിദ്യാർത്ഥികളിൽ കൃത്യതയില്ലാത്ത ഭക്ഷണരീതികളും ജീവിതചര്യയും കടന്നുകൂടിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിൽ യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്താതെ രക്ഷിതാക്കൾ മക്കളുടെ സന്തോഷത്തിനായി ദൈനംദിനം ലഭ്യമാകേണ്ട കലോറിയേക്കാൾ അധികം ഭക്ഷണം നൽകി വരുന്നു. ഇത്തരത്തിൽ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന അധിക കലോറി ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയാത്തതിനാൽ കൊഴുപ്പായി ശരീരഭാഗങ്ങളിൽ അടിയുന്നു. ഇത്തരത്തിൽ അമിതമായി അടിഞ്ഞുകൊണ്ടിരിക്കുന്ന അധികോർജത്തെ ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിച്ചില്ലെങ്കിൽ ജീവിതശൈലീ രോഗങ്ങളായ പൊണ്ണത്തടി, ശൈശവ പ്രമേഹം, രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഇവരെ ബാധിക്കുന്നതിന് കാരണമാകുന്നു. സ്കൂളിൽ നിന്നും നഷ്ടപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ കുറവ് ഏകാന്തതയുടെ തോത് കുട്ടികളിൽ വർധിപ്പിച്ചിട്ടുണ്ട്. ഇത് സമ്മർദം, വിരസത, ഉത്കണ്ഠ, ഭയം, ആക്രമണോത്സുകത തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അതിനാൽ ശരീരത്തിനും മനസിനും കരുത്തും ബലവും ദൃഢതയും വരുത്തുന്നതിന് ദൈനംദിനം കുറച്ചു നേരം കായികമായ അധ്വാനത്തിലോ വ്യായാമ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്നത് അത്യുത്തമമാണ്. കായിക പ്രവർത്തനത്തിൽ ഏർപ്പെടുന്നതിലൂടെ ആരോഗ്യ കായികക്ഷമതയും മാനസിക സംതൃപ്തിയും കരസ്ഥമാക്കുന്നതിനും മുഴുവൻ ശരീര കോശങ്ങളിലും ഊർജോത്പാദനം നടക്കുവാനും കാര്യക്ഷമമായ രീതിയിൽ പ്രവർത്തനനിരതമാകുവാനും കഴിയുന്നതിലൂടെ മാനസികമായ എല്ലാവിധ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നതിനുള്ള കരുത്ത് കുട്ടി ആർജിക്കുന്നു.

ഏകീകൃത സ്വഭാവത്തോടെ നടന്നു വരുന്ന ഡിജിറ്റൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ അവതരണരീതി എല്ലാത്തരം കുട്ടികൾക്കും മനസിലാക്കുവാൻ കഴിയുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. കേവലം ചില അറിവുകൾ കൈമാറുന്നതിലുപരി കുട്ടികളുടെ സാമൂഹിക വൈകാരിക മണ്ഡലങ്ങളിൽ സമഗ്രമായ വികാസമുണ്ടാക്കുവാൻ കഴിയുന്നില്ല എന്ന പരിമിതിയുണ്ട്. ക്ലാസുകളുടെ ഫലപ്രദമായ ഉപയോഗത്തെയും ഇടപെടലിനെയും കുട്ടികളുടെ ഇടപെടലിനെയും സംബന്ധിച്ച് മനസിലാക്കി നിർദേശങ്ങൾ നൽകുവാൻ സ്കൂൾതലത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഓരോ സ്കൂളിലും വിഷയബന്ധിതമായി അധ്യാപകർ തനതായ അവതരണം നടത്തുന്നതാണ് ക്ലാസ് ഗ്രഹിക്കുന്നതിന് ഉത്തമം. ക്ലാസുകൾ കാണുന്നതിന് രക്ഷിതാക്കളുടെ പൂർണ പിന്തുണയോടെ കൂടുതൽ താല്പര്യം കാട്ടുന്ന കുട്ടികൾ, രക്ഷിതാക്കളുടെ പരോക്ഷ പിന്തുണ ലഭിക്കുന്ന കുട്ടികൾ, ദൈനംദിന ജീവിതത്തിലെ പ്രതിബന്ധങ്ങൾ കാരണം രക്ഷിതാക്കൾക്ക് തീരെ ശ്രദ്ധിക്കാൻ കഴിയാത്ത കുട്ടികൾ എന്നിങ്ങനെയുള്ള വിഭാഗത്തിൽപ്പെടുന്ന കുട്ടികളാണ് ഇതിന്റെ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

കുട്ടികൾക്കും അധ്യാപകർക്കും വിദ്യാലയങ്ങൾ തുറക്കാത്തതിന്റെ ആശങ്ക ഓരോ ദിവസം കഴിയുംതോറും വർധിച്ചു വരുന്നു. കുട്ടിയോ രക്ഷിതാവോ ആഗ്രഹിക്കുന്ന തരത്തിലുള്ള സ്വാഭാവിക ജൈവ ക്ലാസിന് ബദലാകുവാൻ ഡിജിറ്റൽ ക്ലാസുകൾക്ക് സാധിക്കുന്നില്ല. പാരമ്പര്യമായി നിലനിൽക്കുന്ന പരീക്ഷാരീതികൾ കുട്ടികൾക്ക് നഷ്ടമായി. കുട്ടിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചിന്ത രക്ഷിതാക്കൾക്കുണ്ട്. ലഭ്യമാകുന്ന ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്താൽ ക്ലാസിലെ മുഴുവൻ കുട്ടികളുമായി അധ്യാപകർക്ക് നേരിട്ട് സംസാരിക്കുവാനും ആശയവിനിമയം നടത്തുവാനും കഴിയണം. ഇത് കുട്ടിയിൽ ആത്മവിശ്വാസവും ആന്തരിക പ്രചോദനവും രൂപപ്പെടുത്തുന്നു. ആശയവിനിമയത്തിന് സാധിക്കാത്ത കുട്ടികളുടെ വീടുകളിൽ അധ്യാപകർ ഇടയ്ക്ക് പോകാൻ ശ്രമിക്കുന്നതും കുട്ടിക്ക് ആശ്വാസം പകരുവാൻ ഇടയാക്കും. പാഠഭാഗങ്ങളുടെ വിനിമയം ജീവിതബന്ധിയായി ഉൾച്ചേർത്തുകൊണ്ട് നിർവഹിക്കുന്നത് ഏറെ ഗുണപരമാകും.