Saturday
16 Feb 2019

പൊതുജനാരോഗ്യം: രണ്ട് സമീപനം രണ്ട് കാഴ്ചപ്പാട്

By: Web Desk | Sunday 10 February 2019 10:37 PM IST

കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും പൊതുജനാരോഗ്യ രംഗത്ത് അവലംബിച്ചുപോരുന്ന നയസമീപനങ്ങള്‍ വരച്ചുകാട്ടുന്ന രണ്ട് ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്‍ഷുറന്‍സിനെ അടിസ്ഥാനമാക്കിയുള്ള ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ നല്‍കുന്ന കേന്ദ്രനയം പൊതുജനാരോഗ്യ മേഖലയില്‍ നിന്നുള്ള സര്‍ക്കാരിന്റെ പിന്‍മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷം വരെ കേന്ദ്രബജറ്റ് ആരോഗ്യമേഖലയ്ക്ക് നീക്കിവയ്ക്കുന്ന വിഹിതത്തിന്റെ 60 ശതമാനം വരെ ദേശീയ ആരോഗ്യ ദൗത്യത്തിനായിരുന്നു. എന്നാല്‍ 2019-20 കാലത്തേക്കുള്ള ബജറ്റിലേക്ക് എത്തുമ്പോള്‍ ആ വിഹിതം 50 ശതമാനമായി കുറഞ്ഞിരിക്കുന്നു. പകര്‍ച്ചേതര രോഗ ചികിത്സയ്ക്കായുള്ള വിഹിതത്തില്‍ മാത്രം 28.63 ശതമാനം കുറവുണ്ടായതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1004.67 കോടി രൂപയായിരുന്നത് ഇക്കൊല്ലം അത് 717 കോടിയായി കുറഞ്ഞിരിക്കുന്നു. കുട്ടികള്‍ക്കുള്ള പ്രതിരോധ-പോളിയോ കുത്തിവയ്പ്പുകള്‍, മാതൃസംരക്ഷണം എന്നിവയ്ക്കുള്ള തുകയിലും 30 ശതമാനം കുറവുവരുത്തിയിരിക്കുന്നു. 2017-18ല്‍ ഈ ഇനത്തില്‍ വകയിരുത്തിയിരുന്നത് 7,545.07 കോടി രൂപയായിരുന്നത് നടപ്പുവര്‍ഷം 5,253.51 കോടിയായി കുറഞ്ഞു. 30 ശതമാനമായിരുന്നു ഈ കുറവ്. ഇടക്കാല ബജറ്റില്‍ ഈ തുകയില്‍ വീണ്ടും കുറവു വരുത്തി 5,253.46 കോടിയായി. പൊതുജനാരോഗ്യ പരിപാലനത്തില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കുത്തകകള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഈ നയസമീപനം പൊതുജനാരോഗ്യ രംഗത്തുനിന്നുള്ള സര്‍ക്കാരിന്റെ പടിപടിയായുള്ള പിന്‍മാറ്റത്തെയാണ് രേഖപ്പെടുത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായ പൊതുജനാരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും ചികിത്സാ സൗകര്യങ്ങളുടെ വിപുലീകരണത്തിനും സര്‍ക്കാര്‍ ആരോഗ്യ പരിപാലനരംഗത്ത് കൂടുതല്‍ ജനങ്ങളെ ഉള്‍ക്കൊള്ളുന്നതിനും ഉതകുന്ന നയസമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് വസ്തുതകള്‍ സാക്ഷ്യപ്പെടുത്തുന്നു.

കേരളത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 40 ആരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. മൊത്തം നാലായിരം കോടി രൂപ നിക്ഷേപം വരുന്ന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുളളത്. അതില്‍ രണ്ടായിരം കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കൊച്ചി കാന്‍സര്‍ സെന്ററില്‍ 400 കോടി രൂപയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി തലത്തിലേക്ക് ഉയര്‍ത്താന്‍ 300 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. സര്‍ക്കാര്‍ മേഖലയിലുള്ള അഞ്ച് മെഡിക്കല്‍ കോളജുകളിലും കാന്‍സര്‍ സെന്റര്‍ എന്നതാണ് ലക്ഷ്യം. 2014ല്‍ കാന്‍സര്‍ ചികിത്സയ്ക്കായി 66 ശതമാനം രോഗികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. പുതിയ സംവിധാനങ്ങളുടെ പൂര്‍ത്തീകരണത്തോടെ 85 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ ചികിത്സ നല്‍കാനാവും. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ഇക്കൊല്ലം പത്തു കാത്ത് ലാബുകളും അടുത്തവര്‍ഷം രണ്ട് ആശുപത്രികളും നിലവില്‍ വരും. നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും എട്ട് ജില്ലാ ആശുപത്രികളിലും പക്ഷാഘാത ചികിത്സാ സംവിധാനങ്ങളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ അത് എല്ലാ ജില്ലാ ആശുപത്രികളിലും നിലവില്‍ വരും. 2014 ലെ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ 34 ശതമാനം പേര്‍ മാത്രമായിരുന്നു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചുപോന്നിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഇതില്‍ ആറ് ശതമാനം കണ്ട് വര്‍ധനവുണ്ടായി. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും ജില്ലാ, താലൂക്ക് ആശുപത്രികളുമടക്കം മൊത്തം നാല്‍പതിലധികം ആരോഗ്യ കേന്ദ്രങ്ങളെ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളാക്കുന്ന നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. കോര്‍പ്പറേറ്റ് മേഖലയിലെ ആശുപത്രികളോട് കിടപിടിക്കുന്ന സ്ഥാപനങ്ങളായി പൊതുജനാരോഗ്യ കേന്ദ്രങ്ങളെ മാറ്റിയെടുക്കാനാണ് എല്‍ഡിഎഫ് ശ്രമം.

ലോകത്തെമ്പാടും മനുഷ്യന്റെ ആരോഗ്യ സംരക്ഷണ രംഗം സ്വകാര്യ കോര്‍പ്പറേറ്റുകളും ഇന്‍ഷുറന്‍സ് കമ്പനികളും കയ്യടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുക എന്നത് ആധുനിക ക്ഷേമ രാഷ്ട്ര സങ്കല്‍പത്തിന്റെ അവിഭാജ്യ ഘടകമാണ്. ജനങ്ങളുടെ ആയുരാരോഗ്യ സൗഖ്യമാണ് ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ചയുടെയും പുരോഗതിയുടെയും പ്രമുഖ അളവുകോലില്‍ ഒന്ന്. കേരളത്തെ ലോകത്തിനു മുന്നില്‍ ഒരു വിജയകരമായ മാതൃകയാക്കി നിലനിര്‍ത്തുന്നതില്‍ ആരോഗ്യ പരിപാലന രംഗത്തിന്റെ സംഭാവന അവഗണിക്കാവുന്നതല്ല. അതുകൊണ്ടുതന്നെ ഒരു പുരോഗമന ജനാധിപത്യ സമൂഹത്തില്‍ പൊതുജനാരോഗ്യ നയസമീപനങ്ങള്‍ നിര്‍ണായക പ്രാധാന്യം അര്‍ഹിക്കുന്നു. അത് കരുതലോടെ സംരക്ഷിക്കുന്നതിനും അതിനെ മുന്നോട്ടു കൊണ്ടുപോകുന്നതിനും എല്‍ഡിഎഫ് ഭരണം സവിശേഷ ശ്രദ്ധ പതിപ്പിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Related News