പേശികള്‍ക്ക് ക്ഷതം: സെറീന ഫ്രഞ്ച് ഓപ്പണില്‍നിന്നു പിന്മാറി

പാരീസ്:
സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍നിന്നു പിന്മാറി. മരിയ ഷറപ്പോവയുമായുള്ള നാലാം റൗണ്ട് മത്സരത്തിനു മുമ്പാണ് സെറീനയുടെ പിന്‍വാങ്ങല്‍. പേശികള്‍ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നതായാണ് സെറീന പ്രഖ്യാപിച്ചത്.
പ്രസവത്തിനായി കോര്‍ട്ടില്‍നിന്നു വിട്ടുനിന്നശേഷമുള്ള സെറീനയുടെ തിരിച്ചുവരവായിരുന്നു ഫ്രഞ്ച് ഓപ്പണിലേത്. അതേസമയം, ഡബിള്‍സില്‍ സഹോദരി വീനസ് വില്ല്യംസിനൊപ്പം കളിക്കാനിറങ്ങുമോ എന്നു സെറീന വ്യക്തമാക്കിയിട്ടില്ല. 23 ഗ്രാന്‍സ്ളാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് സെറീന.
അടുത്തിടെ പുറത്തിറങ്ങിയ ഷറപ്പോവയുടെ ആത്മകഥയില്‍ തനിക്കെതിരായുള്ള പരാമര്‍ശങ്ങള്‍ കേട്ടുകേള്‍വി മാത്രമെന്നും സത്യമാകണം എന്നില്ലെന്നും സെറീന പ്രതികരിച്ചിരുന്നു. ഷറപ്പോവയെ തുടര്‍ച്ചയായി 18 തവണ പരാജയപ്പെടുത്തിയ താരമാണ് സെറീന. തന്റെ ആത്മകഥയായ ‘അണ്സ്റ്റോപ്പബി’ളില്‍ 2004 വിംബിള്‍ഡന്‍ ഫൈനലില്‍ തന്നോടു
പരാജയപ്പെട്ട സെറീന പൊട്ടിക്കരഞ്ഞത് താന്‍ കേട്ടതാണ് സെറീനയ്ക്കു തന്നോടു വെറുപ്പുളവാകാന് കാരണം എന്നു ഷറപ്പോവ ചൂണ്ടിക്കാട്ടിയിരുന്നു. പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും കേട്ടുകേള്‍വി മാത്രമാണെന്നാണ് സെറീന പ്രതികരിച്ചത്.