ഹേ മനുഷ്യാ, നീ നിന്റെയുടലോ കഴുത്തോ

Web Desk
Posted on September 08, 2019, 8:20 am

അജിത് എസ്.ആര്‍

മരണം ഒരു വലിയ സത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മനുഷ്യന് ജീവിതം അത്രയും തന്നെ വലിയ കള്ളമാണെന്ന് മനസിലായത്. അന്നുമുതല്‍ക്കാണ് അവന് സ്വന്തം അസ്തിത്വം അന്വേഷിച്ചു തുടങ്ങിയത്. അങ്ങനെ ജീവിതം ദാര്‍ശനികവും ദര്‍ശനം ആധുനികവുമായി. ആ മഹാവ്യസനത്തില്‍ നിന്നാണ് ‘ഞാനാരാ നാണ്വായരെ?’ എന്ന് മലയാത്തില്‍ മുകുന്ദന്‍ ചോദിച്ചതും. ഉത്തര, ഉത്തരോത്തര ആധുനികതയൊക്കെ പെയ്തിറങ്ങാന്‍ തുടങ്ങിയതുമുതല്‍ അസ്തിത്വ ദു:ഖങ്ങളൊക്കെ ഏറെക്കുറെ അസ്തമിച്ച മട്ടാണ്. എങ്കിലും അന്വേഷണം അവസാനിക്കാറില്ലല്ലോ. ഒരു ഇറ്റാലിയന്‍ ഡോക്ടറെ ചുറ്റിപ്പറ്റി സത്യാനന്തരകാലത്തെ അസ്തിത്വാന്വേഷണങ്ങള്‍ പുതുതായി പിടിമുറുക്കിത്തുടങ്ങുന്നു.
ഇറ്റലിയിലെ ഡോക്റ്റര്‍ സെര്‍ജിയോ കനാവെരോ ഇന്ന് പ്രശസ്തനാണെങ്കിലും നാലുകൊല്ലം മുമ്പ് അത്രകണ്ട് പ്രശസ്തനല്ലാതിരുന്ന കാലത്ത് ‘മനുഷ്യന്റെ തല വെട്ടിമാറ്റി മറ്റൊരു മനുഷ്യന്റെ ഉടലില്‍ പിടിപ്പിക്കാനാവും’ എന്ന് അദ്ദേഹം ആധികാരികമായി പറഞ്ഞപ്പോള്‍ ലോകം അന്തംവിട്ടായിരുന്നു അത് കേട്ടിരുന്നത്. രണ്ടുമാസം മുമ്പ് അദ്ദേഹം തന്നെ ലോകത്തോട് പറഞ്ഞതനുസരിച്ചാണെങ്കില്‍ ‘തല മാറ്റിവെക്കല്‍ പദ്ധതി’ പ്രതിസന്ധികളെ അതിജീവിച്ച് ഒരുപാടുദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു.
കനാവെരോയുടെ പദ്ധതിക്ക് പ്രധാനമായും രണ്ടു പ്രതിസന്ധികളാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ഒന്ന്, ഒരു തല വെട്ടിക്കൊടുക്കാനും മറ്റൊരു തല വെട്ടിമാറ്റാനുമായി രണ്ടുപേര്‍ തയ്യാറാവണം. രണ്ടാമത്തേത് തലവെട്ടിമാറ്റിവെക്കലില്‍ ധാര്‍മ്മികതക്ക് നിരക്കാത്തതായി എന്തെങ്കിലുമുണ്ടോ?
ഒന്നാമത്തെ പ്രതിസന്ധി ഡോക്റ്റര്‍ തന്നെ പ്രതീക്ഷിക്കാത്ത വേഗത്തിലാണ് മറികടന്നത്. വലേരി സ്പിരിഡിനോവ് എന്ന റഷ്യക്കാരനായ ഐടി യുവാവ് 2016 ല്‍ സ്വന്തം ‘തല’ നല്കാന്‍ തയ്യാറായി. അസാധാരണമായ നിലയില്‍ പേശികളുടെ ശേഷി നിരന്തരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അസുഖത്തിന്റെ ഇരയാണ് സ്പിരിഡിനോവ്. ഡോക്ടര്‍ കനാവെരോയുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നിമിഷംപ്രതി മരിച്ച് മരിച്ച് മരിച്ചുകൊണ്ടിരിക്കുന്ന ആള്‍’. പ്രവര്‍ത്തനനിരതമായ ‘തല’ കിട്ടിയപ്പോഴാണ് കനാവെരോയ്ക്ക് മുന്നില്‍ രണ്ടാമത്തെ പ്രതിസന്ധി മലപോലെ വളര്‍ന്നത്. സ്വന്തം രാജ്യമായ ഇറ്റലിയോ, ബ്രിട്ടനോ അമേരിക്കയോ പോലും ഇത്തരം ഒരു ശസ്ത്രക്രിയക്ക് അനുമതി നല്‍കാന്‍ മടിച്ചു. ധാര്‍മികപ്രശ്‌നങ്ങളാ യിരുന്നു രാജ്യങ്ങള്‍ പ്രധാനമായും ഉന്നയിച്ചത്. ‘മനുഷ്യവിരുദ്ധം’, ‘മനുഷ്യത്വരഹിതം’, ‘ശുദ്ധ അസം ബന്ധം’ തുടങ്ങിയ പദങ്ങള്‍ കൊണ്ടുള്ള അഭിഷേകമായിരുന്നു ഡോക്ടര്‍ക്ക് മേല്‍. ഇത്തരം മ്ലേച്ഛമായ ഒരു അവിവേകത്തിന് തയ്യാറാകരുത് എന്നുപോലും പലരും താക്കീതുചെയ്തു. മേരി ഷെല്ലിയുടെ പ്രശസ്ത കഥാപാത്രമായ ഭീകരസത്വത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് പലരും കനാവേരോയെ ‘ഡോക്ടര്‍ ഫ്രാങ്കൈന്‍ സ്റ്റീന്‍’ എന്നുപോലും വിളിച്ചുതുടങ്ങി. എന്നാല്‍ കനാവെരോ അടങ്ങിയിരുന്നില്ല. അദ്ദേഹം ചൈനക്ക് വിട്ടു. അവിടത്തെ ഹാര്‍ബിന്‍ മെഡിക്കല്‍യൂണിവേഴ്‌സിറ്റിയിലെ ഷിയോവിംഗ് റെന്‍ എന്ന ശസ്ത്രക്രിയാ വിദഗ്ദ്ധനുമായി ചേര്‍ന്ന് പദ്ധതികള്‍ വിപുലീകരിച്ചു. യൂറോപ്പും അമേരിക്കയും ‘മെഡിക്കല്‍ എത്തിക്‌സി‘ന്റെ പേരില്‍ തള്ളിയ ശിരസ് മാറ്റല്‍ പ്രക്രിയ ചൈനയില്‍ പുരോഗമിച്ചു. ഡസന്‍ കണക്കിന് ഡോക്റ്റര്‍മാരേയും സ്‌പെഷ്യലിസ്റ്റുകളേയും അണിനിരത്തിക്കൊണ്ടാണ് നൂറുമില്യണ്ഡോളര്‍ ചെലവ് വരുന്ന പദ്ധതിക്ക് ചൈനയില്‍ കളമൊരുങ്ങിയത്. ശസ്ത്രക്രിയക്ക് വേണ്ടിയുള്ള മുഴുവന്‍ സന്നാഹവും അവര്‍ ഒരുക്കി. എലി, പട്ടി, കുരങ്ങ് തുടങ്ങിയ ജീവികളുടെ തല വെട്ടിമാറ്റിവെക്കുകയും അവ മണിക്കൂറുകളും ദിവസങ്ങളും ജീവിച്ചതായും ഇരുവരും അവകാശപ്പെട്ടു. സ്‌പൈനല്‍കോഡ് മാറ്റിവെക്കുക എന്ന ഏറ്റവും നിര്‍ണായകമായ പരീക്ഷണവും വന്‍വിജയമായിരുന്നു വെന്നാണ് ഏറ്റവും ഒടുവിലത്തെ അവകാശവാദം. ആസന്നമായ മരണത്തില്‍നിന്ന് പുനര്‍ജ്ജന്മം തേടി തലനല്‍കാന്‍ തയ്യാറായ സ്പിരിഡിനോവ് ഇന്ന് ഭാര്യാസമേതനായി കുഞ്ഞുമൊത്ത് കഴിയുന്നുവെന്നത് മറ്റൊരുകാര്യം.
ധാര്‍മികതയുടെ പേരിലുള്ള കൂരമ്പുകള്‍ ഒരുപാട് നേരിട്ടെങ്കിലും ഡോക്ടര്‍മാര്‍ തളര്‍ന്നില്ല . എന്നാല്‍ മതങ്ങളുടെ ഭാഗത്തുനിന്ന് അവര്‍ ഉദ്ദേശിച്ച വിധത്തിലുള്ള ‘വ്രണപ്പെടലോ’ ‘വികാരപ്രകടനങ്ങളോ’ ഇതുവരെ ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു കുരങ്ങന്റെ തലവെട്ടിമാറ്റിവെച്ചുകൊണ്ട് 1970ലാണ് ആദ്യമായി ഇത്തരമൊരു പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുന്നത്. അത്രകണ്ട് വിജയിക്കാതിരുന്ന അതിന് നേതൃത്വം നല്കിയത് റോ ബര്‍ട്ട് ജെ വൈറ്റ് എന്ന ഡോക്ടറായിരുന്നു . ഇദ്ദേഹം പിന്നീട് സാക്ഷാല്‍ ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റിയല്‍ അംഗമായി മാറി എന്നതാണ് ചരിത്രം. അരനൂറ്റാണ്ട് മുമ്പ് ക്രിസ്റ്റ്യന്‍ ബെര്‍ണാഡ് ആദ്യത്തെ ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങിയപ്പോള്‍ ‘അത് പാടില്ല, അവിടം ദൈവത്തിന്റെ ഇരിപ്പിടമാണ്’ എന്ന് പറഞ്ഞതിന്റെ പേരില്‍ പരിഹാസ്യരായ പാതിരിമാരുടെ ചരിത്രവും കാലം മായ്ച്ചിട്ടില്ല. 2015ലെ പ്രശസ്തമായ പൂനെ ശാസ്ത്രകോണ്‍ഗ്രസ് സമാനമായ മറ്റൊരു ഓര്‍മ്മയാണ്. ഗണപതിയെന്നത് ലോകത്തെ ആദ്യത്തെ പ്‌ളാസ്റ്റിക്‌സര്‍ജറിയാണെന്ന് അവകാശപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗം ഇന്നും ആയിരക്കണക്കിന് ആര്‍ഷഭാരതീയ സംസ്‌കാരകര്‍ത്താക്കള്‍ ഏറ്റ് പിടിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ മതങ്ങള്‍ക്ക് ഇതില്‍ വലിയ എതിര്‍പ്പിന് സ്‌കോപ്പില്ലായിരിക്കും. പക്ഷെ തലമാറ്റിവെക്കല്‍ ഉയര്‍ത്തുന്ന ചില മതേതരസംശയങ്ങള്‍ ഇന്നും സജീവമാണ് . അത് കാണാതിരുന്നുകൂടാ.
കനാവെരോയുടെ പദ്ധതിയനുസരിച്ച് പ്രവര്‍ത്തനക്ഷമമായ തലയുള്ളയാള്‍ സ്വീകര്‍ത്താവും മസ്തിഷ്‌കമരണം സംഭവിച്ചയാള്‍ ദാതാവുമാണ്. അങ്ങനെയെങ്കില്‍ ശസ്ത്രക്രിയക്ക് ശേഷമുണ്ടാകുന്ന വ്യക്തി സ്വീകര്‍ത്താവായിരിക്കുമോ? ദാതാവായിരിക്കുമോ? അയാള്‍ക്ക് നല്‍കാനാവുന്ന വീടും മുറിയും ഇതിലാരുടേതായിരിക്കും? എന്നെങ്കിലുമൊരിക്കല്‍ ദാതാവ് സ്ത്രീയും സ്വീകരിക്കുന്നത് പുരുഷനുമായാല്‍ പുതിയമനുഷ്യന്റെ ജെന്‍ഡര്‍ അവകാശങ്ങള്‍ ആരുടേതായിരിക്കും? ആ ശരീരത്തിന്റെ ഉടമ ആരായിരിക്കും? ഇരുവരും ഇരു രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ അവരുടെ ദേശീയതയും ദേശസ്‌നേഹവും അളക്കേണ്ടതെങ്ങനെ? പൗരന് ദേശം തന്നെ നിര്‍ബന്ധമുണ്ടാകുമോ? സാത്വികബുദ്ധിയും ക്രിമിനല്‍ശരീരവുമായുണ്ടാകുന്ന(അല്ലെങ്കില്‍ തിരിച്ച്) ആ പുതിയ മനുഷ്യനെ സമൂഹത്തിന്റെ ഏതു വഴിത്തിരിവിലാവും കനാവെരോ കൊണ്ടുചെന്ന് നിര്‍ത്തുക? അവിശ്വാസിയുടെ തലച്ചോറും വിശ്വാസിയുടെ ശരീരവുമുള്ള മനുഷ്യരുടെ നാട്ടില്‍ ദൈവങ്ങളുടെയും മതങ്ങളുടെയും പ്രസക്തി എന്തായിരിക്കും? സ്വീകര്‍ത്താവിന്റെയോ ദാതാവിന്റെയോ ഭാര്യയോടും മക്കളോടും ‘പുതിയ മനുഷ്യന്‍’ കാണിക്കേണ്ട ‘മര്യാദ’കളെന്തൊക്കെ? ഇന്നലെ വരെ അന്യന്റെ മലം ചുമന്ന, മൂത്രവിസര്‍ജ്യങ്ങള് വഹിച്ച ഉടലിനോട് പുതിയ മനുഷ്യന്റെ തല ഉദാരമതിയായിരിക്കുമോ?
ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ ഈ പദ്ധതിയ്ക്ക് അനുകൂലമോ പ്രതികൂലമോ എന്നല്ല, ചോദ്യങ്ങളെല്ലാം യുക്തിഭദ്രമാണ് എന്നതാണ് കനാവെരോ സൃഷ്ടിക്കാന്‍ പോകുന്ന ലോകത്തെ പ്രശ്‌നവല്‍ക്കരിക്കുന്നത്. ഉടനെ ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും കനാവെരോ രണ്ടുപേരെയില്ലാതാക്കി പുതിയൊരാളെ സൃഷ്ടിക്കുമ്പോള്‍ സൃഷ്ടികര്‍ത്താവിന്റെ സ്ഥാനം ദൈവത്തില്‍നിന്നും മനുഷ്യരില്‍ നിന്നും ആശുപത്രിയിലെ ഓപ്പറേഷന്‍ മേശ തട്ടിപ്പറിക്കുന്നു എന്ന് കാണാതെപോകരുത്!
ഒരുകാര്യം കൂടി പറഞ്ഞേമതിയാവൂ. ഉറപ്പായ മരണത്തിന്റെ പടിവാതിലില്‍ നിന്ന് തല വാഗ്ദാനം ചെയ്ത സ്പിരിഡിനോവ് ഇന്നൊരു കൊച്ചുമിടുക്കന്റെ അച്ഛനാണ്! കനാവെരോയുടെ പദ്ധതി നീണ്ടുപോയപ്പോള്‍ സ്പിരിഡിനോവ് അനസ്താസിയ എന്ന സുന്ദരിയുമായി പ്രണയത്തിലാവുകയും ഇന്നയാള്‍ സ്വന്തം കുഞ്ഞുമായി ജീവിതത്തിലേക്ക് തിരിച്ചുനടക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. തലയിലെഴുത്തിനെ ഹൃദയം കൊണ്ട് മായ്ച്ചുകളഞ്ഞവന്‍.
എങ്കിലും കനാവെരോയും ഷിയോവിംഗ് റെനെയും ഇപ്പോഴും തിരക്കിലാണ്. മനുഷ്യനെയും മനുഷ്യചരിത്രത്തെയും രണ്ടായി പിളര്‍ക്കാന്‍ പോന്ന ആ മുഹുര്‍ത്തത്തിനായി. അത് വിജയിക്കുമെങ്കില്‍ ആധുനിക ഉത്തരോത്തരകാലത്ത് നമുക്ക് ഉറക്കെ ചോദിക്കേണ്ടിവരും, ‘ഹേ മനുഷ്യാ, നീ നിന്റെയുടലോ കഴുത്തോ?’ എന്ന്.