Friday
19 Apr 2019

സീരിയല്‍ പോലെ ദുരൂഹത നിറഞ്ഞ രമാദേവിയുടെയും പെൺമക്കളുടെയും ജീവിതം

By: Web Desk | Thursday 5 July 2018 10:27 AM IST


കൊല്ലം: സീരിയല്‍ നടിയുടെ വീട്ടില്‍ നിന്ന് കള്ളക്കമ്മട്ടം ഉള്‍പ്പെടെ 40 ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ ഗൃഹനായികയായ വാരാവില്‍ ഉഷ എന്ന രമാദേവി(60)യുടെ ജീവിതം സിനിമ തിരക്കഥകളെ വെല്ലുന്നത്.
നഗരഹൃദയത്തിലെ മനയില്‍കുളങ്ങരയിലെ സമ്പന്ന തറവാടുകളില്‍ ഒന്നില്‍ ജനിച്ചുവളര്‍ന്ന ഇവരുടെ ജീവിതം ചെറുപ്പം മുതലേ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു. ഉന്നത സൗഹൃദവലയങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നതിനാല്‍ ആദ്യം മുതല്‍ തന്നെ നാട്ടുകാരുമായി അകലം പാലിച്ചു. തന്നേക്കാള്‍ ചെറുപ്പവും അന്യസമുദായക്കാരനുമായ ശശികുമാറുമായി പ്രണയവിവാഹമായിരുന്നു ഉഷയുടേത്.
കുവൈറ്റില്‍ സ്വര്‍ണക്കടയില്‍ സെയില്‍സ്മാന്‍ ആയിരിക്കവെ അറബി കവര്‍ച്ചാസംഘത്തിന്റെ വെടിയുണ്ടയ്ക്ക് ഇരയാവുകയായിരുന്നു. ശശികുമാറിന്റെ മരണത്തെ സംബന്ധിച്ചും പല കഥകളും നാട്ടില്‍ ആയിടയ്ക്ക് പ്രചരിച്ചിരുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം പെണ്‍മക്കളെ വളര്‍ത്തി വലുതാക്കിയപ്പോഴും നാട്ടുകാരുമായി അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളര്‍ന്നുനില്‍ക്കുന്ന ബോഗന്‍വില്ലകള്‍ തണലൊരുക്കുന്ന വീടിന്റെ മതിലിന് സാധാരണയിലും കവിഞ്ഞ പൊക്കമായിരുന്നു. വലിയ ഇരുമ്പ് ഗേറ്റുകളും തുറന്ന് കണ്ടിട്ടില്ല. ആഡംബരവാഹനങ്ങളെത്തുമ്പോള്‍ മാത്രമാണ് ഇവ തുറക്കാറ്.
മൂത്തമകള്‍ സൂര്യ സീരിയല്‍ താരവും ഫാഷന്‍ ഡിസൈനറുമായിരുന്നു. മലയാളത്തിലെ ജനപ്രിയ ചാനലുകളിലൊന്നിലെ സ്ഥിരം അഭിനേതാവായിരുന്ന സൂര്യയുടെ വിവാഹവും ഒടുവില്‍ വിവാദത്തില്‍ ചെന്നെത്തി. സീരിയല്‍ നിര്‍മ്മാതാവായിരുന്നു വരന്‍. 300 പവന്‍ സ്വര്‍ണാഭരണങ്ങള്‍ സ്ത്രീധനമായി നല്‍കി. ഗുരുവായൂരില്‍ വച്ച് നടന്ന വിവാഹത്തില്‍ വിഐപികളുള്‍പ്പെടെ എത്തി. വിവാഹത്തിനുശേഷം ഉഷ വെസ്റ്റ് പൊലീസില്‍ കബളിപ്പിക്കലിന് പരാതി നല്‍കി. കേസ് അന്വേഷിച്ചപ്പോള്‍ വരന്റെ ബന്ധുക്കളായി എത്തിയവര്‍ പോലും ഇവന്റ്മാനേജ്‌മെന്റുകാര്‍ വേഷമിട്ട് കൊണ്ടുവന്നതാണെന്ന് വ്യക്തമായി. എന്നാല്‍ കേസ് പിന്നീട് ഒത്തുതീര്‍പ്പിലാവുകയായിരുന്നു. മകളുടെ ആദ്യവിവാഹത്തിന്റെ തകര്‍ച്ചയും തുടര്‍ന്നുണ്ടായ സാമ്പത്തിക കുഴപ്പങ്ങളുമെല്ലാമാണ് കള്ളനോട്ടിന്റെ ഏര്‍പ്പാടിലേയ്ക്ക് തിരിച്ചുവിട്ടതെന്നാണ് ഉഷ ഇടുക്കി പൊലീസിന് നല്‍കിയ മൊഴി. ഇളയമകള്‍ ശ്രുതിയായിരുന്നു ബിസിനസിന് ചുക്കാന്‍ പിടിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
ഇടുക്കി സ്വദേശി ലിയോ(44) കരുനാഗപ്പള്ളി ആദിനാട് സ്വദേശി കൃഷ്ണകുമാര്‍(46), ഇടുക്കി സ്വദേശി രവീന്ദ്രന്‍(58) എന്നിവരെ ഇടുക്കി കട്ടപ്പന അണക്കര പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ഞായറാഴ്ച വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസിന് വഴിത്തിരിവുണ്ടാകുന്നത്.
ഇടപാടുകാര്‍ക്ക് സാമ്പിളായി നല്‍കാന്‍ കൊണ്ടുവന്ന 2.19 ലക്ഷം രൂപയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എല്ലാം 200ന്റെ നോട്ടുകളായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊല്ലത്തെ ഉറവിടം മനസ്സിലാക്കുന്നതും പുലര്‍ച്ചെ ഇടുക്കി പൊലീസ് കൊല്ലത്തെത്തി നടത്തിയ റെയ്ഡില്‍ രമാദേവിയും മക്കളായ സൂര്യയും ശ്രുതിയും പിടിയിലാകുന്നതും.
കമ്പ്യൂട്ടര്‍, കളര്‍പ്രിന്റര്‍, പേപ്പറുകള്‍ തുടങ്ങിയവയ്ക്ക് പുറമെ നിര്‍മ്മാണ പ്രക്രിയയുടെ അവസാനഘട്ടത്തിലായിരുന്ന 40 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കണ്ടെടുത്തു.
ലിയോ ആണ് തങ്ങളെ കള്ളനോട്ട് സംഘവുമായി ബന്ധിപ്പിച്ചതെന്നാണ് ഉഷ നല്‍കിയിരിക്കുന്ന മൊഴി. ഒരു ലക്ഷം ഒറിജിനല്‍ നോട്ട് നല്‍കിയാല്‍ മൂന്നര ലക്ഷത്തിന്റെ ഒറിജിനലിനെ വെല്ലുന്ന വ്യാജനോട്ടുകള്‍ നല്‍കുക എന്നതായിരുന്നു ഇവരുടെ രീതി. ഉഷ കുടുംബവീട് നില്‍ക്കുന്ന 38 സെന്റ് സ്ഥലത്തില്‍ 13 സെന്റ് നവംബറില്‍ വിറ്റിരുന്നു. അതിനുശേഷം അവശേഷിച്ച 25 സെന്റില്‍ നിന്ന് ഒന്‍പത് സെന്റ് വാങ്ങാനായി അയല്‍വാസിയായ ഹോമിയോ ഡോക്ടറെത്തിയപ്പോള്‍ ഡോക്ടറില്‍ നിന്ന് 10 ലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റിയശേഷം ഭൂമി നല്‍കാതെ വീടും സ്ഥലവും മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സിവില്‍ കേസും നിലവിലുണ്ട്.
വീടും സ്ഥലവും വിറ്റെങ്കിലും അവിടെ തന്നെ വാടകയ്ക്ക് താമസിച്ചുകൊണ്ടാണ് വ്യാജനോട്ട് നിര്‍മ്മാണത്തിലേയ്ക്ക് തിരിഞ്ഞത്. പലരില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയിരുന്നു. പലിശപ്പണമായി നല്‍കിയിരുന്നത് ഈ വ്യാജനോട്ടുകളായിരുന്നു. ഗവണ്‍മെന്റ് വനിത ഐടിഐയ്ക്ക് തൊട്ടടുത്താണ് ഉഷയുടെ ആഡംബര വീട്.
മറ്റാരുമായും യാതൊരു ബന്ധവും പുലര്‍ത്താതിരുന്നത് ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമുള്ള മറയായിരുന്നുവെന്ന് പറയപ്പെടുന്നു. അസമയങ്ങളില്‍ ആഡംബരകാറുകള്‍ എത്തുന്നത് പതിവാണെങ്കിലും നാട്ടുകാര്‍ പേടിച്ച് ഇതിലൊന്നും ഇടപെട്ടിരുന്നില്ല. ഇതും അവരുടെ സ്വകാര്യത നിറഞ്ഞ ജീവിതത്തിന് സഹായകരമായി.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി എസ്പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കട്ടപ്പന ഡിവൈഎസ്പി രാജ്‌മോഹന്‍, കുമളി സിഐ വി കെ ജയപ്രകാശ്, കട്ടപ്പന സിഐ വിഎസ് അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Related News