June 1, 2023 Thursday

Related news

May 22, 2023
May 21, 2023
March 6, 2022
January 22, 2022
December 28, 2021
December 23, 2021
December 20, 2021
November 25, 2021
November 13, 2021
November 3, 2021

ആശങ്കയില്‍ തലസ്ഥാനം; ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
July 5, 2020 6:45 pm

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ക്ക് കോവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയില്‍ 22 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപ്പെട്ടിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ആര്‍ക്കും തന്നെ യാതൊരു വിധ യാത്രാ പശ്ചാത്തലവുമില്ലാത്തത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജില്ലയില്‍ സ്ഥിതി അതീവ ഗൗരവമാണെന്നും മേയര്‍ അറിയിച്ചു.

തിരുവനന്തപുരത്തെ കോവിഡ് സ്ഥിതി അതിസങ്കീർണമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. ഒരു അഗ്നിപർവതത്തിന് മുകളിലാണ് നമ്മളെന്ന് എല്ലാവരും ഓർക്കണം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ല. എങ്കിലും ഇപ്പോൾ ട്രിപ്പിൾ ലോക് ഡൗണിലേക്ക് പോയി ജനങ്ങളെ ഭയപ്പെടുത്തേണ്ട കാര്യമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സമ്പർക്ക രോഗികൾ കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നത്. തിരുവനന്തപുരത്ത് നിയന്ത്രണം കർശനമാക്കും. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവിൽപ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെൻറേറ്റീവിന് ധാരാളം ഡോക്ടർമാരുമായും ബന്ധമുണ്ട്. ഓൺലൈനുകളിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം വീടുകളിലെത്തിക്കുന്ന ഡെലിവറി ബോയ്സ് കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നവജാത ശിശുക്കളും സ്ത്രീകളും അടക്കമുള്ളവർക്കാണ് കോവിഡ് ബാധിച്ചത്. നഗരത്തിലെ കണ്ടയ്ന്‍മെന്റ് സോണില്‍ ഒരേ ഫ്ലാറ്റിൽ താമസിക്കുന്നവർക്കാണ് രോഗം. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാൽ ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തോട് ചേർന്ന പ്രദേശത്തുള്ള ഫ്ലാറ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തിൽ ഉറവിടമറിയാത്ത നാല് കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഇന്ന് 225 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കോവിഡ് ബാധ സ്ഥിരീകരിച്ച മറ്റുള്ളവരുടെ കണക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 57 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സൗദി അറേബ്യ‑35, യു.എ.ഇ.- 30, കുബൈറ്റ്- 21, ഖത്തര്‍— 17, ഒമാന്‍— 9, ബഹറിന്‍— 4, റഷ്യ‑1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നത്. കര്‍ണാടക- 24, ഡല്‍ഹി- 12, തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 8, തെലുങ്കാന- 2, ഹരിയാന- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

ENGLISH SUMMARY;serisous con­di­tion in trivandrum

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.