റഫാലില്‍ വീണ്ടും തിരിച്ചടി

Web Desk
Posted on April 30, 2019, 10:49 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും തിരിച്ചടി. പുനഃപരിശോധനാ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നാലാഴ്ച സാവകാശം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ശനിയാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി.
കേസ് വൈകിപ്പിക്കുന്നത് ലക്ഷ്യമിട്ട് നാലാഴ്ച സമയം ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിന് നാലു ദിവസത്തെ സമയം മാത്രമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
വേനലവധിക്ക് സുപ്രീം കോടതി മെയ് പത്തിന് അടയ്ക്കുമെന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പുതിയ നീക്കം നടത്തിയത്. കേസ് പരിഗണിക്കുന്നത് മാറ്റി വച്ചാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കേസില്‍ തീര്‍പ്പുണ്ടാകൂ. ഇതായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ഇന്നലെ സുപ്രീം കോടതിയുടെ പരിഗണനയ്‌ക്കെടുത്തത്. സന്നദ്ധ സംഘടനയായ കോമണ്‍കോസിനുവേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ച രേഖകളും തെളിവായി പരിഗണിക്കാമെന്ന് കോടതി നേരത്തെ തീരുമാനിച്ചിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം ഈ രേഖകളും പരിഗണിക്കുമെന്നായിരുന്നു ഏപ്രില്‍ പത്തിന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ രേഖകള്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും അതിനാല്‍ നാലാഴ്ച സമയം അനുവദിക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് എതിര്‍ സത്യവാങ്മൂലം എന്തിനെന്നും ചോദിച്ചു. കേന്ദ്രസര്‍ക്കാരിന് മറുപടി നല്‍കാനുണ്ടെന്നും, കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു. ഇതോടെ കൂടുതല്‍ രേഖകള്‍ ഉണ്ടെങ്കില്‍ ശനിയാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കോടതി നിലപാടെടുത്തു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
റഫാല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഡിസംബറില്‍ തള്ളിയിരുന്നു. യുദ്ധവിമാന ഇടപാടില്‍ ചട്ടവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിധിക്ക് ശേഷം നിരവധി പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും കാട്ടിയാണ് പുനഃപരിശോധന ഹര്‍ജികള്‍ നല്‍കിയത്.