റഫാലില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിരേഖകള്‍ പരിശോധിക്കും

Web Desk
Posted on April 10, 2019, 10:33 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. കേസില്‍ തെളിവുകളായി പ്രതിരോധ രേഖകള്‍ സ്വീകരിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ വാദം കോടതി തള്ളി.
രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്ന് കോടതി പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്.
ഇടപാടില്‍ വന്‍ അഴിമതി ആരോപിക്കപ്പെട്ട സാഹചര്യത്തില്‍ വളരെധികം പ്രാധാന്യനര്‍ഹിക്കുന്നതാണസുപ്രീം കോടതിയുടെ പുതിയ നടപടി. ഇത് ആരോപണങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്യും. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായാണ് രേഖകളിലെ മുഖ്യ വെളിപ്പെടുത്തല്‍. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
റഫാല്‍ ഇടപാട് അന്വേഷിക്കാന്‍ ആവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീം കോടതി 2018 ഡിസംബറില്‍ തള്ളിയിരുന്നു. ഇതിനെതിരെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ദ ഹിന്ദു ദിനപത്രം പുറത്തു വിട്ട പുതിയ രേഖകള്‍ ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി തുടങ്ങിയവര്‍ കോടതിക്ക് കൈമാറിയത്. എന്നാല്‍ ഈ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന വിചിത്രവാദം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കുകയായിരുന്നു.
റഫാലില്‍ ഹര്‍ജിക്കാര്‍ ഉന്നയിച്ച രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഇവ പരിശോധിക്കരുതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.
ഔദ്യോഗിക രഹസ്യനിയമം, വിവരാവകാശ നിയമം, തെളിവുനിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതിരോധരേഖകള്‍ക്ക് സവിശേഷാധികാരം നല്‍കുന്നുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ അതിന്റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ കോടതിക്ക് പരിഗണിക്കാനാകില്ല. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നു പ്രതിരോധ രേഖകളെ ഒഴിവാക്കിയിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ ദുരുദ്ദേശ്യത്തോടെയാണെന്നും പൊതുസമൂഹത്തിന്റെ മുന്നിലുള്ള രേഖകള്‍ കോടതിക്ക് എങ്ങനെ അവഗണിക്കാന്‍ കഴിയുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഒടുവില്‍ രേഖകള്‍ പരിശോധിക്കുന്നതില്‍ തടസ്സമില്ലെന്നാണ് കോടതി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
രഹസ്യനിയമത്തിന്റെ കീഴില്‍ വരുന്ന രേഖകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കാന്‍ രാജ്യത്തെ ഒരു നിയമവും കേന്ദ്രസര്‍ക്കാരിന് അധികാരം അനുവദിക്കുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.