കരുതല്‍ ധനശേഖരത്തില്‍ നിന്നും ധനക്കമ്മി നികത്താനുള്ള തന്ത്രങ്ങള്‍ക്ക് തിരിച്ചടി

Web Desk
Posted on July 17, 2019, 10:13 pm

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം എടുത്ത് ധനക്കമ്മി നികത്താനുള്ള തന്ത്രങ്ങള്‍ക്ക് തിരിച്ചടിയായി ബിമല്‍ ജലാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന് സൂചന. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തിന്റെ അളവ്, സര്‍ക്കാരിന് ലഭിക്കാവുന്ന വിഹിതം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മോഡി സര്‍ക്കാര്‍ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗേയും സര്‍ക്കാര്‍ പ്രതിനിധിയായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തിന്റെ അളവ് കുറച്ച് സര്‍ക്കാരിന് നല്‍കണമെന്ന നിര്‍ദ്ദേശമാണ് മോഡി സര്‍ക്കാര്‍ പരോക്ഷമായി കമ്മിഷന് നല്‍കിയിരുന്നത്. എന്നാല്‍ ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്നുള്ള വിഹിതം ഘട്ടം ഘട്ടമായി നല്‍കാനാണ് കമ്മിറ്റിയുടെ ശുപാര്‍ശയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരുതല്‍ ധനശേഖരത്തിന്റെ വിഹിതം ഘട്ടം ഘട്ടമായല്ല മറിച്ച് ഒരു ഘട്ടമായി വേണമെന്ന നിര്‍ദ്ദേശം സുഭാഷ് ചന്ദ്ര ഗാര്‍ഗെ മുന്നോട്ടുവച്ചെങ്കിലും ബിമല്‍ ജലാന്‍ കമ്മിഷനിലെ മറ്റ് അംഗങ്ങള്‍ എതിര്‍ത്തതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അടുത്ത ദിവസങ്ങളില്‍ ഗാര്‍ഗെയുടെ വിയോജിപ്പോടെ ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട കണ്ടിജന്‍സി കരുതല്‍ ധനശേഖരം മാനദണ്ഡങ്ങള്‍ അനുശാസിക്കുന്നതിനെക്കാള്‍ കൂടുതലുണ്ടെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ അത്യവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഫണ്ട് മാത്രമേയുള്ളൂവെന്നാണ് ആര്‍ബിഐ ഇക്കാര്യത്തില്‍ പറയുന്നത്. മൂല്യാധിഷ്ഠിത കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ മോഡി സര്‍ക്കാര്‍ അതിനിടെ നടത്തി. ഇത് കൈമാറാന്‍ കഴിയില്ലെന്ന നിലപാടാണ് ആര്‍ബിഐ സ്വീകരിച്ചത്. ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിന് ബിമല്‍ ജലാന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിച്ചത്.
മൂന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കരുതല്‍ ധനശേഖരമാണ് ആര്‍ബിയുടെ പക്കലുള്ളത്. വിദേശ വിനിമയ നിരക്ക്, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട മൂല്യാധിഷ്ടിത കരുതല്‍ ധനശേഖരം, ആസ്തികളുമായി ബന്ധപ്പെട്ട ആസ്തി വികസന കരുതല്‍ ധനശേഖരം, അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന കണ്ടിജന്‍സി കരുതല്‍ ധനശേഖരം. 2018 ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 9 ലക്ഷം കോടിയിലധികമാണ് ആര്‍ബിഐയുടെ കരുതല്‍ ധനശേഖരം. ഇതില്‍ 6.9 ലക്ഷം കോടിയിലധികം രൂപയും മൂല്യാധിഷ്ഠിത കരുതല്‍ ധനശേഖരമാണ്. മൂല്യാധിഷ്ഠിത കരുതല്‍ ധനശേഖരത്തില്‍ നിന്നും പണം സര്‍ക്കാരിന് നല്‍കാനുള്ള ചട്ടം ഇപ്പോഴില്ല. ഇതുകൂടി മറികടക്കാനാണ് ബിമല്‍ ജലാന്‍ കമ്മിഷനെ മോഡി സര്‍ക്കാര്‍ നിയോഗിച്ചത്.