Saturday
16 Feb 2019

സേതുബന്ധനം

By: Web Desk | Sunday 13 January 2019 9:00 AM IST

അജിത്രി

എനിക്കറിയാം
ദിക്ക് തെറ്റി പോയ
ചങ്ങാടത്തിന്റെ
കൂനന്‍ കുരിശു സത്യങ്ങള്‍
പോലുള്ള നിന്റെ
വളഞ്ഞ പ്രണയത്തെ കുറിച്ച്

ഏതു നങ്കൂരത്തിനും
നിന്നുകൊടുക്കുന്ന
അതേ പായ്കപ്പല്‍
നിന്റെയീ മസില്‍ പെരുക്കങ്ങളില്‍
മഞ്ഞുമലകളില്‍
തട്ടി പൊടിഞ്ഞേക്കാം
ഈ തുറിച്ചു നോട്ടങ്ങള്‍
ഏതു കടല്‍ക്കോളിലും തകരാം
നീ എഴുതി തന്ന
വാഗ്ദാനങ്ങള്‍
എന്നിട്ടും ഒരു
കപ്പലപകടമെങ്കിലും കാത്ത്
ഞാനിരുന്നിട്ടുണ്ട്,
ചരക്ക് മുങ്ങി പോയ
നിന്റെ നിലവിളി കേള്‍ക്കാന്‍ ..

നിന്റെ കണ്ണൂകള്‍
കടല്‍പാളിയില്‍ നിന്നൊളിച്ചു നോക്കുന്ന
നക്ഷത്ര മത്സ്യങ്ങള്‍
അതെനിക്ക് ഏത്
സന്ധ്യയിലാവും
തിരിച്ചു കിട്ടുക?
ഉപേക്ഷിച്ച സ്വപ്‌നങ്ങള്‍ക്ക്
വഴികാട്ടിയാവുക?

തിരമലരികളില്‍ ഉരുണ്ടു
രുണ്ട് കലങ്ങി മറിഞ്ഞ്
എന്റെ തീരത്തിലേക്ക് അണയുമ്പോള്‍
നിന്നില്‍ കടല്‍ ചൊരുക്ക് ബാക്കിയുണ്ടാവണം
നിന്റെ മടിത്തട്ടിലെ
അക്ഷയപാത്രങ്ങളില്‍
സൂര്യനെപ്പോലെ
നിര്‍വൃതിയും നിര്‍വാണവും
കണ്ണനെ പോലെ
ഒരു ചീരവറ്റും
ഉപേക്ഷിക്കണം.

കടല്‍ ചിറകെട്ടി കളയാതെ കാത്തുവെച്ച
ഒരുമ്മക്കല്ലുകൊണ്ടു ഞാന്‍ നിന്നിലേക്ക്
പുതിയൊരു പാലം പണിയും.
അതിലൂടെ നടന്ന് കാറ്റും കോളും അറിയാതെ
കൈകോര്‍ത്ത്
നമുക്കൊരു സേതുബന്ധനം
കാണാന്‍ പോകണം
അതുവരെ
എനിക്ക് നീ അന്യനാവണം…..