ജീവനെടുക്കുന്ന ജലധാര

Web Desk
Posted on November 17, 2019, 8:15 am

അശ്വതി

2007 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ സേതുവിന്റെ ‘‘അടയാളങ്ങൾ’’ എന്ന നോവൽ വായനക്കാർ ഗൗരവപൂർവ്വം ചർച്ച ചെയ്തതാണ്. ജീവിതത്തിന്റെ നടവഴികളിൽ കാലിടറി സ്തബ്ദരായി നിൽക്കേണ്ടിവരുന്ന മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾക്കൊപ്പം കനിവും കരുണയും വറ്റിത്തുടങ്ങിയ ഇളം തലമുറക്കാരുടെ മനോവ്യാപാരങ്ങളും വായിച്ച് നടുങ്ങിയപ്പോഴും നമ്മളാശ്വസിച്ചത് അത് തമിഴ് നാട്ടിലാണ്. ഇവിടെ നമ്മുടെ കേരളത്തിൽ അതൊന്നും നടക്കില്ലെന്നാണ്. എന്നാൽ പ്രായം കൊണ്ട് അവശരായിപ്പോയ, സ്വവരുമാനമില്ലാത്ത അമ്മയെയും അച്ഛനെയും കോഴിക്കൂട്ടിലും തൊഴുത്തിലും അടച്ചിട്ടതിന്റെയും ഉടുതുണിയില്ലാതെ മർദ്ദിച്ച് അവശരാക്കിയതിന്റെയും പ്രശസ്തമായ അമ്പലങ്ങളുടെയും പള്ളികളുടെയും പരിസരത്ത് ഉപേക്ഷിച്ച് കടന്നതിന്റെയും വാർത്തകൾ വരുന്നത് തമിഴ്‌നാട്ടിൽ നിന്നല്ല നമ്മുടെ സ്വന്തം കേരളക്കരയിൽ നിന്നാണെന്ന് ഇന്ന് നാം തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സേതുവിന്റെ അടയാളങ്ങൾ എന്ന നോവലും അതിനെ അധികരിച്ച് അദ്ദേഹത്തിന്റെ തിരക്കഥയിൽ വേണുനായർ സംവിധാനം ചെയ്ത ജലസമാധി എന്ന ചലച്ചിത്രവും കൂടുതൽ പ്രസക്തമാവുകയാണ്.

തലൈക്കൂത്തലിന്റെ ദൃശ്യാവിഷ്കാരം

ദൈവത്തിന്റെ പേര് പറഞ്ഞ് ദൈവത്തോട് അനുവാദം വാങ്ങിയിട്ടെന്ന വ്യാജേന, ദൈവനാമം ഉരുവിട്ടുകൊണ്ട് വീട്ടുകാർക്ക് വേണ്ടാത്ത ഒരാളെ മരണത്തിലേക്ക് ബോധപൂർവ്വം നയിക്കുന്ന ചടങ്ങാണ് തലൈക്കൂത്തൽ. ഡോക്യുമെന്ററി സംവിധായകൻ എന്നനിലയിൽ ശ്രദ്ധേയനായ വേണു നായർ സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിമാണ് ‘ജലസമാധി’. വേണ്ടാത്തതെന്തും വലിച്ചെറിയുന്ന മലയാളിയുടെ പുതിയ സ്വഭാവത്തിന്റെ പശ്ചാത്തലത്തിൽ ചിത്രം കൂടുതൽ ശ്രദ്ധനേടുകയാണ്. ശ്രദ്ധേയനായ തമിഴ് നടൻ എം എസ് ഭാസ്കറിന്റെ അതുല്യ പ്രകടനം ചിത്രത്തെ വേറിട്ടു നിർത്തുന്നു. അത്രയും കാലം നെഞ്ചിൽ ചേർത്ത് സ്നേഹിച്ച ഉറ്റവർക്ക് വേണ്ടെന്ന് മനസ്സിലാവുമ്പോൾ ആത്മസംയമനത്തോടെ സർവ്വതും ഈശ്വരനിലർപ്പിച്ച് സ്വയം മരണക്കിടക്കയിലേക്ക് വീഴുന്ന കുടുംബനാഥന്റെ വേഷമാണ് എം എസ് ഭാസ്കർ അനശ്വരമാക്കിയത്. അച്ഛനെ ഒഴിവാക്കി അദ്ദേഹത്തിന്റെ ജോലി തട്ടിയെടുക്കാൻ ശ്രമിക്കുന്ന മകനുമുണ്ട് ജലസമാധിയിൽ. കുമിളിയുടെ പ്രാന്ത പ്രദേശങ്ങളിൽ തമിഴ് സംസാരിക്കുന്ന ആളുകൾ താമസിക്കുന്ന കോളനിയിലാണ് ജലസമാധി ചിത്രീകരിച്ചിട്ടുള്ളത്. എം എസ് ഭാസ്കറിന്റെ ഭാവസാന്ദ്രമായ ഓരോ ചലനങ്ങളും പ്രേക്ഷക മനസ്സിൽ തീ കോരിയിടാൻ പോന്നവയാണ്. പ്രജിത്തിന്റെ ക്യാമറ അവയോരോന്നും ഏറെ സൂക്ഷ്മതയോടെ പകർത്തിവച്ചിട്ടുണ്ട്.

സാമൂഹിക പ്രസക്തിയുള്ള ചിത്രം

കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള മീനാക്ഷിപ്പാളയം എന്ന സാങ്കൽപിക ഗ്രാമത്തിലെ കഥയായിട്ടാണ് ജലസമാധി ഒരുക്കിയിരിക്കുന്നത്. വേണ്ടാത്തതിനെ എത്രയും വേഗം ഉപേക്ഷിക്കുന്നത് ഉപഭോഗ സംസ്കാരത്തിന്റെ പൊതുസ്വഭാവമാണ്. ഉപഭോഗ വസ്തുക്കളിൽ തുടങ്ങുന്ന ഈ മനോഭാവം പതിയെ ബന്ധങ്ങളിലും മുറുകുന്നതിന്റെ സൂചനയാണ് കേരളത്തിൽ വർദ്ധിച്ചുവരുന്ന പ്രായമായവരുടെ നടതള്ളൽ വാർത്തകൾ നൽകുന്നത്. ഈ സാഹചര്യത്തിൽ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രമായി തന്നെ ജലസമാധിയെ നമ്മൾ കാണണം. കച്ചവട സിനിമയുടെ നാട്യങ്ങളൊന്നുമില്ലാതെ വളരെ യാഥാർത്ഥ്യബോധത്തോടെയുള്ള ഡോക്യുമെന്ററി സമീപനം തന്നെയാണ് വേണുനായർ ജലസമാധിക്കായി സ്വീകരിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള അത്ഭുത പ്രകടനങ്ങളും മായാജാലങ്ങളുമൊന്നുമില്ലെങ്കിലും വിഷയം അർഹിക്കുന്ന തരത്തിലുള്ള സത്യസന്ധതയോടെ നിർമ്മിച്ച ചലച്ചിത്രമെന്ന നിലക്ക് ജലസമാധി മനസ്സ് നീറ്റുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. ഒരു പഞ്ചസാര ഫാക്ടറിയിൽ പാവപ്പെട്ട തൊഴിലാളികൾക്ക് നേെര നടക്കുന്ന ചൂഷണങ്ങളും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ വിദ്യാഭ്യാസരഹിതരായ യുവത്വത്തിന്റെ തകർച്ചകളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. വേണുനായർ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണുനായർ നിർമ്മിച്ച ചിത്രത്തിൽ രഞ്ജിത്ത് ശേഖർനായർ, വിഷ്ണുപ്രകാശ്, ലിഖ രാജൻ, ശ്യാം കൃഷ്ണൻ, അഖിൽ കുമാർ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.