Web Desk

ന്യൂഡൽഹി

February 05, 2020, 11:31 am

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചു

Janayugom Online

അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാന മന്ത്രി നരേന്ദ്ര മോഡി. രാമ ക്ഷേത്ര നിർമ്മാണത്തിനായുള്ള സുപ്രീം കോടതി നിർദേശപ്രകാരമുള്ള, ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്‌സഭയിലാണ് അറിയിച്ചത്. ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിനായുള്ള ട്രസ്റ്റിന് പൂർണ്ണ സ്വാതന്ത്രം ഉണ്ടായിരിക്കുമെന്നും പ്രധാന മന്ത്രി ലോക്‌സഭയിൽ അറിയിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ പ്രഖ്യാപനം വരുന്നതെന്നതും ശ്രദ്ധേയമാണ്. കൂടാതെ പ്രഖ്യാപനം ലോക്‌സഭയുടെ അജണ്ടയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നുമില്ല.

ഇന്ന് രാവിലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം ലോക്‌സഭയിൽ നടത്തിയിരിക്കുന്നത്.അയോദ്ധ്യയിലെ മുഴുവൻ ഭൂമിയും ഈ ട്രസ്റ്റിന് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തു എന്നതാണ് സുപ്രധാനമായ മറ്റൊരു തീരുമാനം. സുപ്രീം കോടതി നിർദേശപ്രകാരം 2.77 ഏക്കർ ഭൂമിയാണ് ക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ നൽകേണ്ടിയിരുന്നത്. എന്നാൽ ഈ ഭൂമിക്ക് ചുറ്റുമുള്ള, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 67 ഏക്കർ സ്ഥലം കൂടി ട്രസ്റ്റിന് നൽകും എന്ന തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതോടെ ഏതാണ്ട് 70 ഏക്കർ വരുന്ന ഭൂമി മുഴുവനും രാമക്ഷേത്ര നിർമാണത്തിനായി മാറ്റിവയ്ക്കാനുള്ള തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

അതേസമയം മസ്ജിദ് നിർമിക്കാനായി അഞ്ചേക്കർ ഭൂമി ഉത്തർ പ്രദേശ് സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും മോദി ലോക്‌സഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഭൂമി എവിടെയാണ് കണ്ടെത്തിയതെന്നും ക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റിൽ ആരൊക്കെ ഉണ്ടാകുമെന്നുമുള്ള കാര്യത്തിലുള്ള വിഷാദശാംശങ്ങൾ പ്രധാനമന്ത്രി നൽകിയിട്ടില്ല.

Eng­lish Sum­ma­ry: Set­ting up of trust to con­struct ram tem­ple in ayodhya

You may also like this video