റെജി കുര്യന്‍

ന്യൂഡല്‍ഹി:

March 05, 2020, 3:30 pm

ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം; പ്രക്ഷുബ്ധം,സസ്പെൻഷൻ

ബിജെപി കൂടുതൽ പ്രതിരോധത്തിൽ, ഏഴു പേരെയും അയോഗ്യരാക്കാനും നീക്കം
Janayugom Online

ഡൽഹി കലാപവും സിഎഎയ്ക്കെതിരായ പ്രക്ഷോഭങ്ങളും ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം ഇന്നലെയും ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി. പ്രതിഷേധത്തെ പ്രതികാരബുദ്ധിയോടെ നേരിടുന്നതിന്റെ ഭാഗമായി ഏഴ് കോൺഗ്രസ് അംഗങ്ങളെ നടപ്പുസമ്മേളനം അവസാനിക്കുന്നതുവരെ സസ്പെൻഡ് ചെയ്തു. ഗൗരവ് ഗോഗോയ്, ടി മാണിക്കം, ഗുർജീത് സിങ്, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ബന്നി ബഹനാന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരെ അയോഗ്യരാക്കണമെന്നും അതിനായി സമിതി രൂപീകരിക്കണമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ ആവശ്യം സ്പീക്കർ അംഗീകരിച്ചുവെന്നും സൂചനകളുണ്ട്. സിഎഎക്കെതിരെ ഡല്‍ഹിയില്‍ നടന്നുവന്ന സമാധാനപരമായ പ്രതിഷേധ സമരങ്ങളും അവയെ നേരിടണമെന്ന ബിജെപി നേതാക്കളുടെ ആഹ്വാനത്തെ തുടര്‍ന്നുണ്ടായ കലാപവും ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.

ഇടത് അംഗങ്ങൾ ഉൾപ്പെടെ കക്ഷികള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. എന്നാല്‍ ഈ വിഷയം ചര്‍ച്ച ചെയ്താല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകും എന്നുറപ്പുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ വൈകിപ്പിക്കുകയായിരുന്നു. ഹോളി അവധിക്കു ശേഷം വിഷയം ചര്‍ച്ചയാക്കാമെന്ന സര്‍ക്കാര്‍ നിലപാട് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനോടു യോജിക്കാന്‍ പ്രതിപക്ഷം തയ്യാറാകാതിരുന്നതോടെ തുടര്‍ച്ചയായ നാലാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ ഇരു സഭകളിലും തടസ്സപ്പെട്ടു, തുടര്‍ച്ചയായ നാലാം ദിവസവും രാജ്യസഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനാകാതെ നിര്‍ത്തി വച്ചു. രാജ്യസഭയില്‍ നിന്നും വ്യത്യസ്തമായി സര്‍ക്കാരിനു ഭൂരിപക്ഷമുള്ള ലോക് സഭയുടെ നടപടികള്‍ പ്രതിപക്ഷ ബഹളത്തെ അവഗണിച്ചുകൊണ്ട് മുന്നോട്ടു കൊണ്ടു പോകാനാണ് സ്പീക്കര്‍ ശ്രമിച്ചത്.

പ്രതിഷേധം ശക്തമായതിനെതുടർന്ന് സഭാ രേഖകൾ കീറിയെറിഞ്ഞുവെന്നാരോപിച്ചാണ് അംഗങ്ങളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഡല്‍ഹി കലാപം ബിജെപി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന പ്രതിപക്ഷ നിലപാട് കൂടുതൽ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെങ്കിലും ഇത് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം സര്‍ക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രതിഷേധം ശക്തമായി തുടരുന്ന സ്ഥിതിയിൽ കൊറോണ വൈറസ് ഭീതി നിലനില്ക്കുന്നത് ചൂണ്ടിക്കാട്ടി പാര്‍ലമെന്റ് സമ്മേളനം വെട്ടിക്കുറച്ച് തടിതപ്പിയേക്കുമോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

ENGLISH SUMMARY: Sev­en Con­gress MP’s sus­pend­ed from Lok Sabha

YOU MAY ALSO LIKE THIS VIDEO