രക്ഷിതാക്കള്‍ തനിച്ച് കിടത്തി; കട്ടിലിന്റെയും കിടക്കയുടേയും ഇടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Web Desk
Posted on October 09, 2019, 4:11 pm

സിംഗപൂര്‍: കട്ടിലിന്റെയും കിടക്കയുടേയും ഇടയ്ക്കുള്ള വിടവില്‍ കുടുങ്ങി ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. സിംഗപൂരിലാണ് സംഭവം. കുഞ്ഞിന്റെ പിതാവ് രാവിലെ ഏഴു മണിയോടെ വാതിലു തുറന്നു നോക്കിയപ്പോഴാണ് കട്ടിലിന്റെയും കിടക്കയുടേയും ഇടയ്ക്കുള്ള വിടവില്‍ കുഞ്ഞു തൂങ്ങി കിടക്കുന്നത് കാണുന്നത്. അപ്പോള്‍ തന്നെ കുഞ്ഞിനെ പുറത്ത് എടുത്തെങ്കിലും മരിച്ചിരുന്നു.

രക്ഷിതാക്കള്‍ രാത്രി കുട്ടിയെ തനിച്ചായിരുന്നു മുറിയില്‍ കിടത്തിയത്. ഒറ്റയ്ക്ക് കിടത്തി പരിശീലീപ്പിക്കാനാണ് ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ തനിച്ച് കിടത്തിയത്. കുഞ്ഞ് മുന്‍പും കട്ടിലിന്റെ വിടവില്‍ കുടങ്ങിയപ്പോള്‍ തനിയെ തല ഊരി എടുത്തുവെന്നും തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് കുഞ്ഞിനെ ഉറക്കി കിടത്തിയിട്ടാണ് താന്‍ മുറിയില്‍ നിന്ന് മടങ്ങിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ശ്വാസം മുട്ടിയാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പരിശോധിച്ച ഡോക്ടറും വ്യക്തമാക്കി. കുഞ്ഞ് ഉരുണ്ട് കട്ടിലിന്റെ വിടവില്‍ എത്തിയതാകാമെന്നും ഡോക്ടര്‍ പറഞ്ഞു.