തൃശ്ശൂര്‍: നഗരത്തിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഏഴുപേര്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചും നഴ്സുമാരെ പൂട്ടിയിട്ടും രക്ഷപ്പെട്ടു. ഇതിൽ ഒരാളെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. രക്ഷപ്പെട്ടവരില്‍ ആറുപേര്‍ തടവുകാരും ഒരാള്‍ രോഗിയുമാണ്. തന്‍സീര്‍, വിജയന്, നിഖില്‍, വിഷ്ണു (കണ്ണന്), വിപിന്‍, ജിനീഷ് എന്നീ പ്രതികളും രാഹുല്‍ എന്ന രോഗിയുമാണ് രക്ഷപ്പെട്ടത്. വിപിന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നയാളാണ്. പാലക്കാട് വണ്ടാഴി സ്വദേശിയാണ്. ചിറ്റൂര്‍ നല്ലേപ്പിള്ളി സ്വദേശിയായ വിജയന് കൊടുംകുറ്റവാളിയുടെ പട്ടികയിലുള്ളയാളാണ്. തൃശ്ശൂര്‍ സി.ജെ.എം. കോടതിയുടെ ഉത്തരവനുസരിച്ച് പാര്‍പ്പിച്ചതാണ് രാഹുലിനെ.
കേന്ദ്രത്തിലെ തടവുകാരുടെ സെല്ലില്‍ നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.ആര്.ക്യാമ്ബിലെ പോലീസുകാരന് രഞ്ജിത്തിനെ മര്‍ദിച്ചവശനാക്കി സ്വര്‍ണമാല കവര്‍ന്നു. മൊബൈല്‍ ഫോണ്‍ തകര്‍ത്തു. നഴ്സുമാരെ മുറിയില്‍ പൂട്ടിയിട്ടാണ് സംഘം രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാന്‍ പുറത്തിറക്കിയ സമയത്താണ് സംഭവം. ജീവനക്കാരില്‍നിന്ന് താക്കോലെടുത്ത് പൂട്ടു തുറന്ന സംഘം മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു. വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.