ഏഴുവയസുകാരന്റെ ജീവനുവേണ്ടി പ്രാര്‍ഥനയോടെ കേരളം

Web Desk
Posted on March 30, 2019, 9:45 pm

തൊടുപുഴ: ഏഴുവയസുകാരന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥനയോടെ കേരളം. അമ്മയുടെ
കാമുകന്റെ ക്രൂരമായ മര്‍ദ്ദനമേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെങ്കിലും തലയോട്ടി പൊട്ടി തലച്ചോറ് പുറത്ത് വന്ന കുട്ടിയുടെ സ്ഥിതി മോശമായി തുടരുകയാണ്.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് 48 മണിക്കൂറിലധികമായി കുട്ടിയുടെ
ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്നലെ ഉച്ചയോടെ കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവച്ചിതായിട്ടുള്ള വാര്‍ത്തകള്‍ പുറത്തു വന്നതോടെ കേരളത്തിന്റെ കണ്ണൂനീര്‍ അണപൊട്ടുകയും ചെയ്തു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ വിദഗ്ദ സംഘം നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ജീവനുള്ളതായി തിരിച്ചറിഞ്ഞത്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഡോക്ടര്‍മാര്‍. ഏതാനും ദിവസം കൂടി വെന്റിലേറ്ററിന്റെ സഹായം തുടര്‍ന്നാല്‍ കുട്ടിയുടെ സ്ഥിതിയില്‍ മാറ്റമുണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ കണക്ക്കൂട്ടല്‍.

കഴിഞ്ഞ 28ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഏഴുവയസുകരാനായ കുട്ടിയെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് നില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കേസില്‍ പ്രതിയായ അരുണിന്റെ ക്രൂരമായ മര്‍ദ്ദന കഥകള്‍ പൊലീസ് നടത്തിയ
ചോദ്യം ചെയ്യലില്‍ പുറത്തുവരികയും ചെയ്തു. ഇളയകുട്ടി സോഫയില്‍ മൂത്രം ഒഴിച്ചതിനെ തുടര്‍ന്നാണ് പ്രതി ക്രൂരമര്‍ദ്ദനത്തിന് മുതിര്‍ന്നത്. സംഭവ ദിവസം കുട്ടികളുടെ അമ്മയോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കാനായി പോയി തിരികെ എത്തുമ്പോള്‍ ഇളയകുട്ടി സോഫയില്‍ കിടന്നുറങ്ങുകയായിരുന്നു. കുട്ടിയെ വിളിച്ചെഴുന്നേല്‍പ്പിക്കുമ്പോഴാണ് കുട്ടി മൂത്രമൊഴിച്ചത് ശ്രദ്ധയില്‍പ്പെടുന്നത്. ഇത് മര്‍ദ്ദനമേറ്റ കുട്ടിയുടെ അശ്രദ്ധക്കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയെ ചവിട്ടിയതിനെ തുടര്‍ന്ന് തെറിച്ച് വീണ കുട്ടി ഭിത്തിയില്‍ ഇടിച്ച് നിലത്ത് വീണു. തുടര്‍ന്ന് കുട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും കുട്ടിയെ എടുത്തെറിഞ്ഞു. ഭിത്തിയില്‍ തലയിടിച്ചതിനെ തുടര്‍ന്ന് അനക്കമില്ലാതെ കിടന്ന കുട്ടിയെ കലി തീരുവോളം ചവിട്ടുകയും തറയില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇതിനിടെയാകാം തലയോട്ടി പൊട്ടി തലച്ചോറ് പുറത്തേക്ക് വന്നതെന്നാണ് പൊലീസിന്റെയും ഡോക്ടര്‍മാരുടേയും നിഗമനം.

നെഞ്ചിനും വയറിനും ചവിട്ടേറ്റ കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ തൊടുപുഴയിലെ കുമാരമംഗലത്ത് വാടകക്ക് താമസിച്ചിരുന്ന കെട്ടിടത്തില്‍ തെളിവെടുപ്പിന് എത്തിച്ചിരുന്നു. വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ ഇവിടെയെത്തിച്ചത്. വീടിനു ചുറ്റും തടിച്ചുകൂടിയ ജനം പ്രതിയെ തിരികെ പൊലീസ് വാഹനത്തില്‍ കയറ്റുമ്പോഴേക്കും അക്രമാസക്തരായിരുന്നു.തൊടുപുഴ ഡിവൈഎസ്പി കെ പി ജോസ്,സി ഐ അഭിലാഷ് ഡേവിഡ്, എസ് ഐ എം പി സാഗര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മടങ്ങാന്‍ ശ്രമിച്ചെങ്കിലും ജനം പൊലീസ് വാഹനം വളഞ്ഞത്
സംഘര്‍ഷാവസ്ഥക്ക് ഇടയാക്കുകയും ചെയ്തു.