മരണത്തിലും ഒരു നാടിനാകെ സന്ദേശം നല്‍കി എഴുപതുകാരിയായ വീട്ടമ്മ

Web Desk
Posted on August 20, 2019, 1:02 pm

കൊച്ചി:  മരണത്തിലും ഒരു നാടിനാകെ സന്ദേശം നല്‍കിയാണ് 70 കാരിയായ ശ്യാമള വിടവാങ്ങുന്നത്.  തന്റെ കാലശേഷം മൃതദേഹം മെഡിക്കല്‍ കോളേജ്  വിദ്യാർത്ഥികൾക്ക്  പഠനത്തിനായി വിട്ടുനല്‍കണമെന്ന ആഗ്രഹം കാല്‍നൂറ്റാണ്ട് മുന്‍പ് തന്നെ കുടുംബത്തോട് വ്യക്തമാക്കിയിരുന്നു  ശ്യാമള .

ഹൃദ്രോഗവുമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്യാമള മരണത്തിന് കീഴടങ്ങിയത്. മരണത്തോടെ ഈ ആഗ്രഹം അടുപ്പക്കാര്‍ പങ്കുവച്ചപ്പോള്‍ കുടുംബത്തിന് രണ്ടാമതൊന്ന് ആലോചിക്കാനുണ്ടായില്ല. ഇതോടെ വല്ലാര്‍പാടം ദ്വീപിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വീട്ടമ്മ മരണശേഷം തന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി നല്‍കി. ചോറ്റാനിക്കര പടിയാര്‍ സ്മാരക മെഡിക്കല്‍ കോളേജ് അധികൃതർ  ഇന്നലെ രാവിലെ ജനറല്‍ ആശുപത്രിയില്‍ നിന്ന് ശരീരം ഏറ്റുവാങ്ങി.

മരണശേഷം തന്റെ ശരീരവും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി നല്‍കണമെന്ന് ആഗ്രഹമാണ് ശ്യാമളയുടെ ഭര്‍ത്താവും മുളവുകാട് പഞ്ചായത്തില്‍ 15 വര്‍ഷം പ്ര സിഡണ്ടുമായിരുന്ന കെ എം ശരത്ചന്ദ്രനുമുള്ളത്.  തികഞ്ഞ ഈശ്വര ഭക്തയായിരുന്ന ശ്യാമള രണ്ടാഴ്ച്ച മുന്‍പാണ് പഴ നിയടക്കമുള്ള ദേവാലയ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി വന്നത് ,
ഇന്നലെ ജനറല്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ കെ എം ശരത്ചന്ദ്രന്‍ ആശുപത്രി പ്രതിനിധി കെ എസ് ശനീശ്വരന് സമ്മതപത്രം കൈമാറി .സി പി എം ഏരിയ സെക്രട്ടറി പി എന്‍ സീനുലാല്‍ ‚ജില്ല സെക്രട്ടറിയേറ്റ് അംഗം ‚കെ എ എന്‍ ഉണ്ണികൃഷ്ണന്‍ ‚മുളവുകാട് പഞ്ചായത്തു പ്ര സിഡണ്ട് വിജി ഷാജന്‍ ‚മറ്റ് ബന്ധു മിത്രാദികളും ചടങ്ങില്‍ പങ്കെടുത്തു.