പെണ്‍വാണിഭ സംഘം പിടിമുറുക്കുന്നു

Web Desk
Posted on October 09, 2018, 9:16 pm

സ്വന്തം ലേഖിക

ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം നഗരത്തില്‍ പെണ്‍വാണിഭ സംഘം പിടിമുറുക്കുന്നു. നഗരത്തിലെ നിരത്തുകളില്‍ രാപ്പലുകള്‍ വ്യത്യാസമില്ലാതെ സജീവമാകുന്ന ഇത്തരക്കാരുടെ കേന്ദ്രങ്ങള്‍ ഹൗസ് ബോട്ടുകളും റിസോര്‍ട്ടുകളുമാണ്. നഗരത്തിലെ പ്രധാനപ്പെട്ട നിരത്തുകാളായ പഴവങ്ങാടി, കനാല്‍ക്കര, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ്, പുന്നമട, പള്ളാത്തുരുത്തി എന്നിവിടങ്ങളാണ് പെണ്‍വാണിഭ സംഘങ്ങളുടെ പ്രധാന ഡീലിംഗ് കേന്ദ്രങ്ങള്‍. വന്‍തുകകള്‍ ഈടാക്കി യുവതികളെ ഇടനിലക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സംശയം തോന്നാതിരിക്കാന്‍ ബൈക്കുകളിലും ഓട്ടോറിക്ഷയിലാണ് ഇടനിലക്കാര്‍ സ്ത്രീകളുമായി എത്തുക. ഇതിന് ഒത്താശ ചെയ്തുകൊടുക്കാന്‍ നഗരത്തില്‍ ചിലഓട്ടോ ഡ്രൈവര്‍മാരുമുണ്ട്. റോഡരുകില്‍ നിന്നുതന്നെ പെണ്‍കുട്ടികളെ തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഇടപാടുകള്‍ നടക്കുന്നത്. കസ്റ്റമേഴ്‌സിനു പ്രത്യേകം പാക്കേജുകളും വ്യവസ്ഥകളും ഉറപ്പിക്കാന്‍ ഇടനിലക്കാര്‍ രംഗത്തുണ്ട്. ഇതിന് പൊലീസുകാരുടെ മൗനാനുവാദം ഉണ്ടെന്നാണ് പൊതുജനസംസാരം. റെയ്ഡിന് മുമ്പ് കൃത്യമായി പൊലീസുകാര്‍ വിവരം അറിയിക്കുന്നുണ്ട്. കനത്ത ഗുണ്ടാ സംരക്ഷണത്തിലാണ് ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ പെണ്‍വാണിഭ സംഘങ്ങള്‍ നിറയുന്നത്. ഇടപാടുകാരുടെ താല്‍പ്പര്യം അനുസരിച്ച് സ്വദേശികളും വിദേശികളുമായ പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന സ്ഥിരം സംഘങ്ങള്‍ നഗരത്തില്‍ രാവിലെ മുതല്‍ സജീവമാണ്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ സെയില്‍സ് ഗേള്‍സായി എത്തുന്നവരും വീട്ടമ്മമാരും ഈ മാഫിയാ സംഘത്തിന്റെ കൈയ്യില്‍ അകപ്പെട്ടിട്ടുണ്ട്.

ഒരിക്കല്‍ പെട്ടുപോയാല്‍ പിന്നീട് ഭീഷണിപ്പെടുത്തിയാണ് ഇവരെ ഇതിനായി ഉപയോഗിക്കുന്നത്. ഓരോ തവണയും ആഹാരവും താമസവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പറഞ്ഞ് 20,000 മുതല്‍ 30,000 രൂപ വരെ ഇടനിലക്കാര്‍ ഈടാക്കുന്നുണ്ട്.