തീയേറ്റര്‍ പീഡനം; വീഴ്ച വരുത്തിയ എസ് ഐയ്ക്കെതിരെ കേസ്

Web Desk
Posted on May 13, 2018, 7:03 pm

മലപ്പുറം: എടപ്പാളിലെ തീയേറ്റര്‍ പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ് ഐ കെ ജി ബേബിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്സെടുക്കാന്‍ ഡി ജി പി നിര്‍ദ്ദേശം. എസ് ഐ യെ ശനിയാഴ്ച തന്നെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസ്സില്‍ അലംഭാവം കാണിച്ച കൂടുതല്‍ പോലീസുകാര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാകാന്‍ സാധ്യത ഉണ്ട്. എസ് ഐക്ക് പുറമെ അഞ്ചോളം സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയും ഡി വൈ എസ് പി, എസ്പി അടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. പോലീസിന്‍റെ വീഴ്ച മധ്യമേഖല ഡി ഐ ജിയാണ് അന്വേഷിക്കുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും അന്വേഷണം നടത്താതിരുന്ന ചങ്ങരംകുളം പോലീസിന്‍റെ വീഴ്ചയാണ് അന്വേഷിക്കുക.

തിയേറ്ററില്‍ പെണ്‍കുട്ടി നേരിട്ടത് പോസ്‌കോ നിയമത്തിലെ അതി ഗൗരവം എന്ന വിഭാഗത്തില്‍പ്പെടുന്ന പീഡനമാണെന്നാണ് വിലയിരുത്തല്‍. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പത്ത് വയസാണ്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിക്കുന്നത് പോസ്‌കോ നിയമത്തിലെ നാല്, അഞ്ച് വകുപ്പുകള്‍ പ്രകാരമുള്ള കുറ്റമാണ്. പത്ത് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയും വന്‍തുക പിഴയും വിധിക്കാന്‍ പര്യാപ്തമായ കുറ്റമാണിത്. പ്രതിക്ക് മാത്രമല്ല, സഹായിക്കുന്നവര്‍, അറിഞ്ഞിട്ടും മൗനംപാലിച്ചവര്‍ എന്നിവരും ശിക്ഷയുടെ പരിധിയില്‍ വരും.

അതിനിടെ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പു വരുത്തിക്കൊണ്ടുളള നിയമ ഭേദഗതിക്ക് ശേഷമുളള ആദ്യ പോക്‌സോ കേസാണ് എടപ്പാളിലെ തിയേറ്റര്‍ പീഡനക്കേസ്. 12 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ നല്‍കണമെന്ന നിയമം പ്രാബല്യത്തില്‍ വന്ന ശേഷമുളള കേസെന്ന പ്രത്യേകതയും ഈ കേസിലുണ്ട്. ഏപ്രില്‍ 22 നാണ് രാഷ്ട്രപതി നിയമ ഭേദഗതിയില്‍ ഒപ്പു വച്ചത്.
കത്വ, ഉന്നാവോ, സൂററ്റ് എന്നിവിടങ്ങളിലുണ്ടായ ബാലികാ പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തിയത്. നേരത്തെ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഏഴു വര്‍ഷമായിരുന്നു ശിക്ഷ. ഇപ്പോഴത് പത്തു വര്‍ഷമാക്കി ഉയര്‍ത്തി. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം കോടതികള്‍ സ്ഥാപിക്കണമെന്നും നിയമഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു മാസത്തിനുളളില്‍ കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇത്തരം കേസുകളില്‍ കുറ്റാരോപിതരാകുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കരുതെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്പദമായ സംഭവം. സ്ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറില്‍ എത്തുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീക്കൊപ്പമെത്തിയ പെണ്‍കുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. 25ന് തിയറ്റര്‍ ഉടമകള്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്തു.

26നു തന്നെ, കേസെടുക്കണമെന്ന ശുപാര്‍ശയും ദൃശ്യങ്ങളും ചൈല്‍ഡ്ലൈന്‍ പൊലീസു കൈമാറി. നടപടിയൊന്നും സ്വീകരിക്കാതിരുന്ന പൊലീസ് സംഭവം വിവാദമായതിനെത്തുടര്‍ന്നാണ് ഇന്നലെയാണ് കേസ് റജിസ്റ്റര്‍ ചെയ്തതും പ്രതിയെ പിടികൂടിയതും. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയല്‍ (പോക്സോ) നിയമം അനുസരിച്ചാണ് കേസ്.