“ഇത് സ്‌നേഹത്തിന്റെ രാഷ്ട്രീയം”; വൃക്ക തകരാറിലായ കെഎസ്‌യു നേതാവിന് സഹായവുമായി എസ്എഫ്‌ഐ

Web Desk
Posted on May 22, 2019, 9:13 am
റാഫിക്ക് ചികിത്സാ സഹായം അഭ്യര്‍ഥിച്ച് എസ്എഫ്‌ഐ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക് പോസ്റ്റ്

വിദ്യാര്‍ഥി രാഷ്ട്രീയം ജീവനെടുക്കുന്നതല്ല, കൊടുക്കുന്നതാണെന്ന് തെളിയിച്ചിരിക്കുകയാണ് കേരളത്തിലെ ഈ ക്യാംപസ്. ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവ് റാഫിക്ക് ചികിത്സാ സഹായം അഭ്യര്‍ഥിച്ച് എത്തിയിരിക്കുകയാണ് എസ്എഫ്‌ഐ. ജവാഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റ് അംഗവുമായ പെരിങ്ങാലമഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫിയുടെ (22) ചികിത്സയ്ക്ക് സഹയാഹസ്തവുമായി എത്തിയിരിക്കുന്നത് കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഇ.ഷാനവാസ് ഖാന്‍ ആണ്.

എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്‌സ്ബുക്കിലൂടെയാണ് സഹായം അഭ്യര്‍ഥിച്ചത്. കെഎസ്‌യു ബാന്‍ഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയര്‍ ചെയ്താണ് എസ്എഫ്‌ഐയുടെ അഭ്യര്‍ഥന. വൃക്ക നല്‍കുന്നതിനുള്ള പരിശോധനകള്‍ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലെ അഭ്യര്‍ഥനയ്‌ക്കൊപ്പം പ്രവര്‍ത്തകരില്‍ നിന്നു നേരിട്ടു പണം കണ്ടെത്താനും ശ്രമം തുടങ്ങിയെന്ന് എസ്എഫ്‌ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ് സന്ദീപ്‌ലാല്‍ പറഞ്ഞു. ഉമ്മ റയിഹാനത്ത് വീട്ടുജോലിക്കു പോകുന്നതാണ് കുടുംബത്തിന്റെ ആകെ വരുമാനം. താമസം വാടകവീട്ടിലും. ഫെഡറല്‍ ബാങ്ക് കായംകുളം ശാഖയില്‍ മുഹമ്മദ് റാഫിയുടെ പേരില്‍ അക്കൗണ്ടുണ്ട്. നമ്പര്‍: 10540100300824. ഐഎഫ്എസ്‌സി: എഉഞഘ0001054. ഫോണ്‍: 90481 00377.