എസ്എഫ്‌ഐ‑കെഎസ്‌യു സംഘര്‍ഷം; ദേവസ്വം ബോര്‍ഡ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു ‚അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Web Desk
Posted on September 04, 2018, 10:00 pm

കുന്നത്തൂര്‍: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ എസ്എഫ്‌ഐ‑കെ എസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച്ച മുതല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ വാക്കേറ്റങ്ങളുടെ തുടര്‍ച്ചയായാണ് ഇന്നലെ നടന്ന സംഘർഷം. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ പ്രശ്‌നം പിന്നീട് എസ്എഫ്‌ഐ‑കെഎസ്‌യു സംഘര്‍ഷമായി മാറുകയായിരുന്നു. പുറത്തു നിന്നുള്ള നേതാക്കന്‍മാര്‍ കൂടി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഇന്നലെ സംഘര്‍ഷം രൂക്ഷമാവുകയായിരുന്നു. രാവിലെ തുടങ്ങിയ സംഘര്‍ഷം 12 മണിയോടെ പൊലീസെത്തിയപ്പോഴാണ് അവസാനിച്ചത്. എന്നാല്‍ കോളജിന് പുറത്തേക്കും സംഘര്‍ഷം വ്യാപിച്ചു. ടൗണില്‍ വെച്ചും ഇരുകൂട്ടരും ഏറ്റുമുട്ടി. ടൗണില്‍ സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് കാഴ്ച്ചക്കാരായതായും ആക്ഷേപമുണ്ട്.