വിരമിക്കുന്ന വനിതാ പ്രിന്‍സിപ്പലിന് എസ്എഫ്‌ഐയുടെ ആദരാഞ്ജലി

Web Desk
Posted on March 29, 2018, 10:18 pm

കാഞ്ഞങ്ങാട്: പാലക്കാട് വിക്ടോറിയാ കോളജിന് പിന്നാലെ കാസര്‍കോട് കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും വിരമിക്കുന്ന പ്രിന്‍സിപ്പലിന് നേരെ എസ്എഫ്‌ഐയുടെ കാടത്തം. പ്രിന്‍സിപ്പലിന്റെ യാത്രയയപ്പ് ദിവസം ആദരാഞ്ജലികള്‍ അര്‍പ്പിച്ചും പടക്കം പൊട്ടിച്ചും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആഘോഷിച്ചത് വിവാദമായി. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലായ പി വി പുഷ്പജയുടെ വിരമിക്കല്‍ ആഘോഷമാക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം പ്രിന്‍സിപ്പാള്‍ നിഷേധിച്ചിരുന്നുവെന്നാരോപിച്ചായിരുന്നു നടപടി. പ്രിന്‍സിപ്പലുമായി കടുത്ത ശത്രുതയിലായിരുന്നു എസ്എഫ്‌ഐ വിദ്യാര്‍ഥി യൂണിയന്‍.
നെഹ്‌റു കോളജ് പ്രിന്‍സിപ്പലായ പി വി പുഷ്പജയ്ക്ക് വിരമിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസമാണ് യാത്രയയപ്പ് പരിപാടി ഒരുക്കിയത്. എന്നാല്‍ ഇതിനിടെ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ബോര്‍ഡ് തയ്യാറാക്കി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയായിരുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പണം പിരിച്ച് മിഠായിയും ലഡുവും വാങ്ങി വിതരണം ചെയ്തും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ വിരമിക്കല്‍ ആഘോഷമാക്കുകയായിരുന്നു. പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന പ്രഫ. ടി എന്‍ സരസു വിരമിക്കുന്ന ദിവസം ശവകുടീരം നിര്‍മിച്ച് എസ്എഫ്‌ഐ കാട്ടിയ കാടത്തം വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് സമാനമായ സംഭവമാണ് കാഞ്ഞങ്ങാട് നെഹ്‌റു കോളജിലും നടന്നത്. എറണാകുളം മഹാരാജാസ് കോളജിലും പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച് എസ്എഫ്‌ഐ നേരത്തേ പുലിവാല് പിടിച്ചിരുന്നു. പതിവായി ക്ലാസ്സില്‍ കയറാതിരുന്ന കുട്ടികള്‍ക്ക് അറ്റന്‍ഡന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പ്രിന്‍സിപ്പലായ പുഷ്പജയെ ഉപരോധിച്ചുകൊണ്ട് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരം ചെയ്തിരുന്നു. എസ്എഫ്‌ഐയുടെ ഭീഷണിക്കെതിരേ പ്രിന്‍സിപ്പല്‍ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുത്തതാണ് പുതിയ സംഭവങ്ങള്‍ക്ക് കാരണമെന്ന് പറയപ്പെടുന്നു. എന്നാല്‍ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ എസ്എഫ്‌ഐ നേതൃത്വം സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞൊഴിഞ്ഞുമാറുകയാണ്.