Friday
22 Nov 2019

അക്രമം; എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് പിരിച്ചുവിടും

By: Web Desk | Friday 12 July 2019 4:07 PM IST


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് എസ്എഫ് ഐ നേതൃത്വം. അഖിലേന്ത്യാ പ്രസിഡന്റ വി പി സാനുവാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. യൂണിറ്റിനെതിരെ നടപടിവരും. അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തിപരുക്കേല്‍പ്പിച്ച  സംഭവത്തില്‍ വധശ്രമത്തിന് കേസ് എടുത്തു. യൂണിറ്റ് പ്രസിഡന്റ് നസിം അടക്കമുള്ളവരെ പ്രതിചേര്‍ത്തിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ നിയമസഭയെ രേഖാമൂലം അറിയിച്ച കണക്കുപ്രകാരം പഠനാന്തരീക്ഷമില്ലാത്തതിനാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് വിടുതല്‍ വാങ്ങി പോയത് 187 വിദ്യാര്‍ത്ഥികള്‍. മാനസിക പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. പിന്നീട് ഈ വിദ്യാര്‍ഥിനി കോളജില്‍നിന്ന് വിടുതല്‍വാങ്ങിപോയി. വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥി യൂണിയന്റെ പ്രവര്‍ത്തനം സര്‍വ നിയന്ത്രണങ്ങള്‍ക്കും അതീതമാണെന്നായിരുന്നു റിപ്പോര്‍ട്ട്. യൂണിയന്‍ പ്രവര്‍ത്തനം അക്കാദമിക പ്രവര്‍ത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ രീതിയിലല്ല യൂണിയന്‍ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കരുത്. വിദ്യാര്‍ഥികളുടെ സമ്മതമില്ലാതെ ക്ലാസ് സമയത്ത് നിര്‍ബന്ധിച്ചു യൂണിയന്റെ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ അധ്യാപകര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു. ശാരീരിക അവശതകള്‍ ഉള്ള വിദ്യാര്‍ഥികളെപോലും സമരത്തില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നു. സ്വകാര്യ ട്യൂഷനെ ആശ്രയിക്കാത്ത വിദ്യാര്‍ഥികളുടെ പഠനത്തെ ഇതു കാര്യമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related News