ഏകദേശം അഞ്ചുവർഷം മുമ്പാണ് ഷാഫിക്കായോട് ഒരു കഥ പറയാനായി ഞാൻ വിളിക്കുന്നത്. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറയുമെന്നുള്ള നിർദ്ദേശമനുസരിച്ച് ഞാൻ കഥ പറയുന്നു. പത്തു വയസുള്ള നായികയും 12 വയസുള്ള നായകനും ബാല്യത്തിൽ പ്രണയിച്ച് പിരിയുന്നു. പിന്നീട് അവർ കണ്ടുമുട്ടുന്നത് 35 വർഷങ്ങൾക്കു ശേഷമാണ്. ബാല്യത്തിൽ തീവ്രമായി പ്രണയിച്ചവരായിരുന്നു എന്നറിയാതെ അവർ ഒന്നിച്ചു കലഹിച്ചു കഴിയുന്നു. കഥ തീർന്നു.
ഒരു നിമിഷം ഫോണിന്റെ അങ്ങയെ തലയ്ക്കൽ ഒരു നിശബ്ദത. മലയാളത്തിന്റെ സൂപ്പർഹിറ്റ് സിനിമകളുടെ തമ്പുരാനോട് ആണ് ഞാൻ സംസാരിക്കുന്നത്. എന്തായിരിക്കും മറുപടി പറയുക? കുറേ നിമിഷങ്ങളുടെ മൗനത്തിനുശേഷം മറുപടി വരുന്നു. അതിൽ ഒരു കഥയുണ്ട്. നമുക്ക് ആലോചിക്കാം.
നോക്കൂ… നാലുവരി കൊണ്ട് ഒരു സിനിമയുടെ രസതന്ത്രം ക്രിയേറ്റ് ചെയ്യുന്ന മനഃശാസ്ത്ര ജാലവിദ്യ സ്വായത്തമാക്കിയ ഒരാൾ. തീർത്തും അസ്വാഭാവികമായ ഒരു കഥ. പ്രണയത്തിന്റെ ഉഷ്ണമാപിനികളെക്കുറിച്ച് ബോധ്യമുള്ള ഏതൊരാളും എത്ര കാലം കഴിഞ്ഞാലും തങ്ങൾ പ്രണയിച്ചവരെ ഏതവസ്ഥയിലും തിരിച്ചറിയുമെന്ന് സാമാന്യ ലോജിക്കിനെതിരെ ഇല്ലോ ജിക്കായി ഷാഫിക്കാ ഇടപെടുന്നു, വിലയിരുത്തുന്നു. അതിൽ സിനിമയുണ്ട്. അതെ, അസ്വാഭാവികതയുടെ കഥാതന്തുക്കളുടെ തമ്പുരാൻ സ്വാഭാവികമായി അവയെ സിനിമയാക്കി രൂപാന്തരപ്പെടുത്തുമ്പോൾ പ്രേക്ഷകർ ഒപ്പം കൂടുന്നു. ചിരിച്ചു അർമാദിക്കുന്നു.
കശാപ്പുശാലയുടെ മുന്നിൽ വെട്ടിക്കൂട്ടിയിട്ട മാംസ കഷ്ണങ്ങൾക്കിടയിൽ വർത്തമാനമലയാള സിനിമ നിൽക്കുമ്പോൾ ഷാഫിക്കായുടെ സ്രാങ്ക് ചിരിക്കുന്നു. പിന്നെ പിറുപിറുക്കുന്നു. “ഇതെന്തു മറിമായം. എനിക്ക് ഭ്രാന്ത് ആയതാണോ അതോ നാട്ടുകാർക്കു മൊത്തം ഭ്രാന്ത്രായോ?”
എന്തുകൊണ്ടാണ് എക്കാലത്തേയും മലയാളികൾ ഷാഫിക്കായുടെ സിനിമകൾ നെഞ്ചോട് ചേർത്ത് പിടിക്കുന്നത്? ശരാശരി മലയാളിയുടെ ആർജവമില്ലായ്മയെ, ഭീരുത്വത്തെ, തനത് ജൈവബോധത്തെ ഇത്രമേൽ സത്യസന്ധമായി വരച്ചു കാണിച്ച മറ്റൊരു ക്രിയേറ്റർ ഉണ്ടാകുമോ? ദശമൂലം ദാമു വിരണ്ട് പറയുന്ന വാക്കുകൾ. എന്നെ എവിടെവെച്ച് കണ്ടാലും വെട്ടിക്കൊല്ലാനാ അയാള് ഓർഡർ ഇട്ടിരിക്കുന്നത്. അങ്ങനെ പേടിച്ചു പോകുന്നവനൊന്നുമല്ല ഞാൻ. എന്നാലും വെറുതെ ചോദിക്കുവാ. കോയമ്പത്തൂർക്കുള്ള ബസ് പോയോ. പോയെന്ന മറുപടി കേൾക്കുമ്പോൾ ശിവനെയെന്നുള്ള ദശമൂലം ദാമുവിന്റെ നിലവിളിയിൽ കൃത്യമായി വരച്ചു കാണിക്കുന്നത് നമ്മൾ എവിടെയൊക്കെയോ കണ്ടു മറന്ന ചിലരെയൊക്കെ തന്നെയാണ്. മക്രി ഗോപാലനും, മണവാളനും, രാജാക്കണ്ണും, മിസ്റ്റർ പോഞ്ഞിക്കരയും ഇപ്പോഴും മലയാളി ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു. ചിരിക്കാൻ മറന്നുപോയ ഒരു പുതിയ കാലത്ത് ചിരിയുടെ വസന്തം വിരിയിച്ച ഒരാൾ നടന്നകന്നിരിക്കുന്നു. മലയാളിയുടെ സ്വാഭാവിക ചലനങ്ങളോട് ഇത്രമാത്രം ചേർന്നുനിന്ന ഈ കാരിക്കേച്ചറുകൾ മലയാളി ഉള്ള കാലത്തോളം മലയാളിയെ പിൻന്തുടർന്നുകൊണ്ടേയിരിക്കും.
മുറ്റത്തെ മുല്ലേ ചൊല്ല് എന്ന് പറഞ്ഞു തുടങ്ങുന്ന പ്രണയങ്ങളെ, വെട്ടി മാറ്റിയാലും മാറി പോകാത്ത ബന്ധങ്ങളെ, ഹൃദയത്തോടെ ഒട്ടിനിൽക്കുന്ന സൗഹൃദങ്ങളെ, അനിതര സാധാരണമായ സംഘർഷനിമിഷങ്ങളെ ഒക്കെ കൃത്യമായി അഭിസംബോധന ചെയ്ത വിദൂഷകൻ ദാർശനികനാകുമെന്ന മഹാ സത്യത്തെ തിരിച്ചറിഞ്ഞ ഷാഫിക്ക കഥ പറഞ്ഞ് പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. മലയാളി, സിനിമാ പ്രേക്ഷകനപ്പുറം ഷാഫിക്കായുടെ സൃഷ്ടികളെ ഹൃദയത്തിലേറ്റി.
തന്റെ കാലത്തിന്റെ മനുഷ്യമുഖം ക്രൂരമാണെന്ന തിരിച്ചറിവോടെ മാറുന്ന സിനിമയുടെ പുതുകാലത്തെ ഉത്കണ്ഠയോട് കണ്ടുകൊണ്ട് പുതിയ എഴുത്തുകാരെ സംവിധായകരെ ഷാഫിക്ക ചേർത്ത് നിർത്തി പ്രോത്സാഹിപ്പിച്ചു. മലയാളത്തിലെ സൂപ്പർ ഹിറ്റുകൾ നിർമ്മിക്കുന്ന തമ്പുരാൻ ആയിരുന്നിട്ടും, ഒട്ടും സ്റ്റാറ്റസ് കോൺഷ്യസ് നസ് ഇല്ലാതെ കലാകാരൻ എന്ന നിലയിൽ ഓരോരുത്തരെയും നെഞ്ചോട് ചേർത്തു നിർത്തി. ഭൂമിയിൽ ഏറെക്കാലം ഇനി ബാക്കിയില്ലെന്ന് അന്തർ നേത്രങ്ങളിലൂടെ കാണുന്ന ചിലരെങ്കിലും ജീവിതമെന്ന സത്യത്തെ ഈഗോയുടെ വിഴുപ്പ് ഭാണ്ഡങ്ങളില്ലാതെ നിർന്നിമേഷരായി നോക്കിക്കാണും. അവരുടെ വേർപാട് ഹൃദയത്തിന്റെ ഘന ശ്യാമമായ പുറംകടലുകളിൽ ആർക്കും കാണാൻ വയ്യാത്ത കോറലുകൾ മുദ്രണം ചെയ്തു കടന്ന് പോകും. രക്തബന്ധങ്ങൾ പോലും ലാഭവിപണനം ചെയ്യപ്പെടുന്ന ദുരന്തപൂർണമായ ഒരു വർത്തമാനകാലത്ത് നിന്ന് കലാകാരന്റെ മാനുഷികതയെ കുറിച്ച് പുനർവിചിന്തനം ചെയ്യാൻ നമുക്ക് മറ്റൊരു ഷാഫിക്കാ ഇല്ലായെന്ന് വേദനയോടെ തിരിച്ചറിയുന്നു.
അലിവോടെ മറ്റുള്ളവരുടെ കഥകൾ കേട്ടിരുന്ന പ്രിയപ്പെട്ട ഷാഫിക്ക യാത്ര ചോദിച്ചു പോകുമ്പോൾ എന്തു ബാക്കി വച്ചു. സംഘർഷഭരിതമായ വർത്തമാനകാലത്ത് മനുഷ്യന്റെ നൊമ്പര നിമിഷങ്ങൾക്ക് മുകളിലേക്ക് വീഴുന്ന ആഹ്ലാദത്തിന്റെ ചെറുകണികകൾ. ഒരാളിന്റെ ജീവിതത്തിൽ എങ്കിലും ഒരു തുള്ളി നന്മയുടെ മഞ്ഞുതുള്ളിയെങ്കിലും, സന്തോഷത്തിന്റെ ഒരു ചെറു പുഞ്ചിരിയെങ്കിലും നൽകി കടന്നു പോകുന്ന, ഒരു ചെറു മൺചൊരാതിന്റെ നേർത്ത മഞ്ഞ വെളിച്ചെമെങ്കിലും വീശി വഴികാട്ടി പോകുന്ന ഏതൊരാളും വിജയിയാണെന്ന് ഷാഫിക്കാ മിസ്റ്റർ പോഞ്ഞിക്കരയെയും ദശമൂലം ദാമുവിനേയും സ്രാങ്കിനെയും കൂടെ നിറുത്തി നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നു. പറയാൻ ബാക്കി വച്ച കഥകൾ പിന്നെയും രൂപമെടുക്കുമ്പോൾ ഷാഫിക്കാ എവിടെയോ ഇരുന്ന് നിറഞ്ഞ ഹൃദയത്തോടെ അത് കണ്ട് ചിരിക്കുമെന്ന് നമുക്ക് വെറുതെയെങ്കിലും ആശിക്കാം. വൻകാട് ഇനിയും ബാക്കിയുള്ളതുകൊണ്ട് മരങ്ങളില്ലല്ലോ എന്നോർത്ത് നാമാരും ഖേദിക്കാറില്ലല്ലോ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.