ശബരിമല തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Web Desk
Posted on March 13, 2019, 10:44 pm

തിരുവനന്തപുരം: ശബരിമല ശ്രീ അയ്യപ്പന്റെയോ, ശബരിമലയുടെ ചിത്രങ്ങളോ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇന്നലെ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവര്‍ത്തിച്ചത്.
സാമുദായിക ധ്രുവീകരണം, ക്രമസമാധാന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന വിധത്തില്‍ ശബരിമല പ്രശ്‌നം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. മാതൃക പെരുമാറ്റ ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുള്ള കുറിപ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറി.
രാഷ്ട്രീയ പാര്‍ട്ടികള്‍തന്നെ ഉണ്ടാക്കിയ പെരുമാറ്റ ചട്ടം, പാലിക്കാനുള്ള ധാര്‍മികമായ ചുമതല പാര്‍ട്ടികള്‍ക്കുണ്ടെന്നും ടിക്കറാം മീണ പറഞ്ഞു. ഏതെങ്കിലും രീതിയില്‍ ചട്ടലംഘനം നടത്തിയാല്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചട്ടലംഘനം കണ്ടു പിടിയ്ക്കാന്‍ 14 ജില്ലകളിലും നോഡല്‍ ഓഫീസറന്മാരെ നിയമിച്ചിട്ടുണ്ടെന്നും ടിക്കറാം മീണ യോഗത്തെ അറിയിച്ചു.
എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. അതിന്റെ കാര്യക്ഷമതയെ പറ്റി സംശയം വേണ്ട. സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ ഫയല്‍ ചെയ്യുമ്പോള്‍ ക്രിമിനല്‍ കേസുകള്‍ പരസ്യപ്പെടുത്തണം. അത് തെളിവ് സഹിതം കമ്മിഷന് കൈമാറണം. ഇതിന് ചെലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഉള്‍പ്പെടുത്തും.
പെരുമാറ്റച്ചട്ട ലംഘനം തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാന്‍ തയ്യാറാക്കിയ സിവിജില്‍ ആപ്പിനെക്കുറിച്ചും യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു.
യോഗത്തില്‍ ഇടതുജനാധിപത്യ മുന്നണിയെ പ്രതിനിധീകരിച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും, സിപിഐ (എം) സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും പങ്കെടുത്തു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് തമ്പാനൂര്‍ രവി, നെയ്യാറ്റിന്‍കര സനല്‍, ബിജെപിയെ പ്രതിനിധീകരിച്ച് പി എസ് ശ്രീധരന്‍ പിള്ള, എ പത്മകുമാര്‍ എന്നിവരും പങ്കെടുത്തു.
തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണെന്നു രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. മതപരമായ കാര്യങ്ങള്‍ ഉപയോഗിച്ചു പ്രചാരണം ഒരുതരത്തിലും അനുവദനീയമല്ല. ഇക്കാര്യം പാലിക്കാനുള്ള ബാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതും ജില്ലാ കളക്ടര്‍മാര്‍ നിരീക്ഷിക്കും. അവരുടെ റിപ്പോര്‍ട്ട് പരിശോധിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് കമ്മിഷനാണു തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മീണ പറഞ്ഞു.