ശബരിമലയില്‍ മങ്ക സൂര്യോദയം

Web Desk
Posted on October 03, 2018, 10:32 pm
kureeppuzha

ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായിട്ട് എണ്‍പതിലേറെ മകരവിളക്ക് മഹോത്സവം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴാണ് ശബരിമലയില്‍ സ്ത്രീ-പുരുഷ വ്യത്യാസമന്യേ ഏത് പ്രായത്തിലുള്ളവര്‍ക്കും പ്രവേശിക്കാമെന്ന സ്ഥിതിയുണ്ടായത്. ആദ്യത്തെ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് നിരവധി സമരങ്ങളാല്‍ ഉത്തരം മുട്ടിപ്പോയ ഭരണാധികാരിയായിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രവേശനം സാധ്യമാക്കിയിരിക്കുന്നത് പരമോന്നത നീതിപീഠമാണ്.
ജാതി വ്യവസ്ഥയുടെ എല്ലാ ശ്രേണിയിലുംപെട്ട സ്ത്രീകള്‍ക്ക് എക്കാലത്തും പലതരം വിലക്കുകള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സവര്‍ണ സ്ത്രീകള്‍ മണ്ണാപ്പേടി, പുലപ്പേടി, പഴുക്കയേറ് തുടങ്ങിയ പീഡനാനുഭവങ്ങള്‍ക്ക് ഇരയായിരുന്നുവെങ്കില്‍ അവര്‍ണ സ്ത്രീകള്‍ മുലക്കരം തുടങ്ങിയ വിചിത്ര നികുതികള്‍ക്കും തമ്പുരാന്മാരുടെ ലൈംഗിക ദാഹത്തിനും ഇരയാകേണ്ടിവന്നിട്ടുണ്ട്.
അണ്ഡോല്‍പാദന ശേഷിയുള്ളവരുടെ ശബരിമല പ്രവേശത്തെ എതിര്‍ക്കുന്നവരുണ്ട്. അവര്‍ എതിര്‍ക്കുക തന്നെ വേണം. എങ്കില്‍ മാത്രമേ അവരുടെ വര്‍ഗസ്വഭാവമായ മനുഷ്യവിരുദ്ധത തിരിച്ചറിയപ്പെടുകയുള്ളു. മാറുമറയ്ക്കാനുള്ള പുരോഗമനവാദികളായ സ്ത്രീകളുടെ സന്നദ്ധതയെ സ്ത്രീകളെക്കൊണ്ടുതന്നെ എതിര്‍പ്പിക്കുന്നതില്‍ പുരുഷന്മാര്‍ വിജയിച്ചിട്ടുണ്ട്. ജീവിതസമരം അടക്കമുള്ള പുസ്തകങ്ങളിലെ പരാമര്‍ശങ്ങള്‍ ഈ പ്രതിലോമ ചരിത്രം പറഞ്ഞുതരുന്നുണ്ട്.
മതപരമായ ദുരാചാരങ്ങള്‍ നിരാകരിച്ചുകൊണ്ടാണ് മനുഷ്യസമൂഹം മുന്നോട്ടു വന്നിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും നല്ല ഉദാഹരണം സതിയാണ്. ഹിന്ദുമതക്കാരുടെ മൂന്നു ദൈവങ്ങളില്‍ ഒരാളായ പരമേശ്വരന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് സതിയെ സമൂഹത്തില്‍ പവിത്രമാക്കിയത്. ഭര്‍ത്താവ് മരിച്ച സ്ത്രീയെ പച്ച ജീവനോടെ കത്തിച്ചുകൊല്ലുന്നതാണ് സതി. പുരുഷന്മാരാണ് ദൈവവല്‍ക്കരിക്കപ്പെട്ട ഈ മതഭീകരതയ്‌ക്കെതിരേ രംഗത്തുവന്നത്. രാജാറാം മോഹന്‍ റോയിയെ നമ്മള്‍ ഓര്‍ക്കുന്നത് സതി നിരോധനവുമായി ബന്ധപ്പെട്ടാണല്ലോ. സതിയെ അനുകൂലിക്കുന്ന സ്ത്രീകളെ ഇക്കാലത്തും രൂപപ്പെടുത്തിയെടുക്കാന്‍ പുരുഷന് കഴിയുന്നുണ്ട്. നിരോധനത്തിനു ശേഷം സ്വതന്ത്ര ഭാരതത്തില്‍ പോലും സതിയുടെ പേരില്‍ സ്ത്രീകള്‍ കത്തിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും സതി നിയമവിരുദ്ധമായതോടെ ഈ പെണ്‍കൊലപാതകങ്ങളെ ഒഴിവാക്കാന്‍ സാധിച്ചിട്ടുണ്ട്.
ഋതുമതിയായാല്‍ ആ പെണ്‍കുട്ടിയെ ചില പൂജകളൊക്കെ നടത്തി അപമാനിക്കുന്ന രീതിയും ഇപ്പോഴില്ല. ആര്‍ത്തവദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് വീട്ടിന്റെ പൂമുഖത്തൊന്നും പ്രവേശനമില്ലാത്ത കാലവും കഴിഞ്ഞു. ആര്‍ത്തവം പ്രകൃതിദത്തമാണ്. പുതിയൊരു ജീവന്റെ സാന്നിധ്യവും സന്നദ്ധതയുമറിയിക്കുന്ന മഹനീയമായ ശരീര പ്രക്രിയയാണത്. സ്ത്രീകളുടെ ആ മഹത്വത്തെയാണ് ഇതുവരെ നിരസിക്കപ്പെട്ടിരുന്നത്.
ബാലവിവാഹത്തെ കേരളത്തില്‍ കെട്ടുകല്യാണം എന്നാണ് വിളിച്ചിരുന്നത്. ഇപ്പോള്‍ ആ അസംബന്ധം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. സഞ്ചയനം, കുളി തുടങ്ങിയ അനാചാരങ്ങളും വലിയതോതില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കോടിയണിയിക്കല്‍, വായ്ക്കരി തുടങ്ങിയ അനാചാരങ്ങളും മാറി വരുന്നുണ്ട്. ചന്ദ്രഗ്രഹണ ദിവസം, ചന്ദ്രനെ പാമ്പു വിഴുങ്ങുകയാണെന്ന ധാരണയില്‍ മടലുവെട്ടി മണ്ണിലടിക്കുന്ന ഹൈന്ദവ വിഡ്ഢിത്തം സമ്പൂര്‍ണമായും ഇല്ലാതായി. അനാചാരങ്ങളെ ഒഴിവാക്കിയാണ് നമ്മള്‍ മുന്നോട്ടു സഞ്ചരിക്കുന്നത്.
ശബരിമലയില്‍ പോകുന്നതുകൊണ്ട് സ്ത്രീകളുടെ തൊഴിലില്ലായ്മയോ സാമ്പത്തിക പ്രശ്‌നങ്ങളോ ഒന്നും പരിഹരിക്കപ്പെടുകയില്ല. ദേവസ്വം ബോര്‍ഡുജീവനക്കാര്‍ക്ക് വേതനം കൊടുക്കുന്നത് ദൈവങ്ങളാരുമല്ലല്ലോ. പക്ഷേ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്.