ശബരിമല വിഷയത്തിൽ ഇപ്പോൾ ഒരിടപെടലും നടത്തുന്നില്ലെന്ന് സുപ്രീംകോടതി

Web Desk
Posted on December 13, 2019, 2:00 pm

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ഇപ്പോൾ ഒരിടപെടലും നടത്തുന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ. ശബരിമല ദർശനത്തിന് പോകുന്നതിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നൽകിയ ഹർജിയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

വളരെ വൈകാരികമായ ഒരു അന്തരീക്ഷമാണ് ശബരിമലയിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സംഘർഷത്തിന് ആഗ്രഹിക്കുന്നില്ല. നിങ്ങൾക്കനുകൂലമായി ഇപ്പോൾ ഉത്തരവിറക്കുന്നില്ല. പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണിത്. ആത്യന്തികമായി നിങ്ങൾക്കനുകൂലമാകുന്ന ഒരു സ്ഥിതിയാണ് ഉണ്ടാകുന്നതെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഞങ്ങൾ സംരക്ഷണം നൽകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അക്രമത്തെ ഞങ്ങൾ എതിർക്കുന്നുവെന്ന് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ ഇന്ദിരാ ജെയ്സിങ് പറഞ്ഞപ്പോൾ ഞങ്ങൾക്കറിയാം നിയമംനിങ്ങൾക്കനുകൂലമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.