ശബരിമല നട ഇന്ന് തുറക്കും; പുതിയ സ്വര്‍ണ വാതില്‍ സമര്‍പ്പിക്കും

Web Desk
Posted on March 11, 2019, 8:50 am

പത്തനംതിട്ട :  ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. കൊടിയേറ്റിനു മുന്നോടിയായി വൈകീട്ട് ആറിന് ശുദ്ധിക്രിയകള്‍ ആരംഭിക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ നാളെ രാവിലെ 7.30ന് 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറും.

ഉ‌ത്സവത്തോടനുബന്ധിച്ച്‌ പ്രധാന ചടങ്ങുകളായ ഉത്സവബലി 13 മുതല്‍ 20 വരെ നടക്കും. പള്ളിവേട്ട 20ന് രാത്രി 10ന് ശരംകുത്തിയില്‍. ഉത്സവത്തിന് സമാപനം കുറിച്ച്‌ 21ന് രാവിലെ 11ന് പമ്ബയില്‍ ആറാട്ട്. 21ന് ആറാട്ടിന് ശേഷം ഉച്ചയ്ക്ക് മൂന്ന് വരെ പമ്ബാ ഗണപതികോവിലില്‍ അയ്യപ്പനെ എഴുന്നള്ളിച്ച്‌ ഇരുത്തും. ഈ സമയത്ത് പറ വഴിപാട് നടത്താം. ആറാട്ട് ഘോഷയാത്ര വൈകിട്ട് ആറിന് സന്നിധാനത്തില്‍ തിരിച്ചെത്തിയ ശേഷം കൊടിയിറക്കും. 12 മുതല്‍ 20 വരെ എല്ലാ ദിവസവും രാവിലെ 5.30 മുതല്‍ ഒന്‍പത് വരെ നെയ്യഭിഷേകം നടക്കും.

ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ പുതിയ വാതില്‍ സമര്‍പ്പണം ഇന്ന് നട തുറന്ന ശേഷം നടക്കും. രാത്രിയില്‍ പഴയ വാതില്‍ മാറ്റി പുതിയത് സ്ഥാപിക്കും. കോട്ടയം ഇളംപള്ളി ധര്‍മ്മശാസ്താ ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച വാതില്‍ സമര്‍പ്പണ ഘോഷയാത്ര ശബരിമലയില്‍ സമാപിച്ചു. തന്ത്രിയുടെ കാര്‍മികത്വത്തില്‍ പൂജകള്‍ക്കു ശേഷമാണ് വാതില്‍ സമര്‍പ്പണ ഘോഷയാത്ര ആരംഭിച്ചത്. ഭക്തജനങ്ങള്‍ക്കൊപ്പം ചലച്ചിത്രതാരം ജയറാമും വാതില്‍ കൊണ്ടുപോയ രഥത്തില്‍ ശരണം വിളികളുമായി കുറെ ദൂരം സഞ്ചരിച്ചു. ഗുരുവായൂര്‍ സ്വദേശി ഇളവള്ളി നന്ദന്‍ ആചാരിയാണ് വാതില്‍ നിര്‍മിച്ചത്.