ഷാ ഫൈസലിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഐസിജെയില്‍ പരാതി നല്‍കാനുള്ള നീക്കം

Web Desk
Posted on August 17, 2019, 1:07 pm

ന്യൂഡല്‍ഹി: ജമ്മു ആന്‍ഡ് കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റ് ഷാ ഫൈസലിന്റെ അറസ്റ്റിലേക്ക് നയിച്ചത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ അന്താരാഷ്ട്ര നീതിന്യായക്കോടതിയില്‍ പരാതി നല്‍കാനുള്ള നീക്കമെന്ന് റിപ്പോര്‍ട്ട്.
ബുധനാഴ്ച തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് ഷാ ഫൈസല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്. പൊതുസുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത ഫൈസലിനെ തുടര്‍ന്ന് തിരികെ കശ്മീരിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഷാ ഫൈസലിനെ ഏത് തടങ്കല്‍ കേന്ദ്രത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ച് കുടുംബത്തിനുപോലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഇസ്താംബുളിലെത്തി അവിടെനിന്നും ഹേഗിലേക്ക് പോകാനായിരുന്നു ഫൈസലിന്റെ നീക്കമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഷാ ഫൈസലിനെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും ഫാക്കല്‍റ്റികളും പൂര്‍വ വിദ്യാര്‍ഥികളും കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
കശിമീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിയന്ത്രണം 13 ദിവസം പിന്നിട്ടിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ, ഉമര്‍ അബ്ദുല്ല, എന്നിവരുള്‍പ്പെടെ മുഖ്യധാര രാഷ്ട്രീയത്തില്‍ സജീവമായ എല്ലാ നേതാക്കളേയും അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.