ഷാറൂഖ്​ ഖാ​​ന്റെ ഫാം ഹൗസ് ജപ്​തി ചെയ്​തു

Web Desk
Posted on January 31, 2018, 1:08 pm

ന്യൂഡല്‍ഹി: ബോളിവുഡ്​ നടന്‍ ഷാറൂഖ്​ ഖാ​​ന്റെ അലിബാഗിലെ ഫാം ഹൗസ്​ താത്​കാലികമായി ആദായ നികുതി വകുപ്പ്​ ജപ്​തി ചെയ്​തു. ബിനാമി ഇടപാടിലൂടെ നികുതിവെട്ടിച്ച്‌​ വാങ്ങിയ ഭൂമിയാെണെന്നാരോപിച്ചാണ്​ ജപ്​തി. 2016 ലെ ബിനാമി ട്രാന്‍സാക്​ഷന്‍ പ്രൊഹിബിഷന്‍ ഭേദഗതി നിയമ പ്രകാരമാണ്​ നടപടി.

കൃഷി ചെയ്യാനെന്ന പേരില്‍ ദേജ വു ഫാം വഴി അലിബാഗിലെ കൃഷിഭൂമി വാങ്ങി സ്വന്തം ഉപയോഗത്തിനുള്ള ഫാം ഹൗസാക്കി മാറ്റിയെന്നാണ്​ കേസ്​. ഇത്​ ബിനാമി ഇടപാടാണെന്നും ദേജ വു ഫാംസ്​ ഷാറൂഖിനു വേണ്ടി ബിനാമിയായിരിക്കുകയാണെന്നും ആദായ നികുതി അധികൃതര്‍ അറിയിച്ചു. ബിനാമി ഇടപാടുകള്‍ ഏഴു വര്‍ഷം വരെ തടവും വസ്​തുവിന്റെ വിപണി മൂല്യത്തി​​ന്റെ 25 ശതമാനം വരെ പിഴ ലഭിക്കാവുന്നതുമായ കുറ്റമാണ്​.

ദേജ വു ഫാം കൃഷിയില്‍ നിന്ന്​ വരുമാനമുള്ളതായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, അലിബാഗില്‍ ഭൂമി വാങ്ങാന്‍ ദേജ വു ഫാം ഷാറൂഖില്‍ നിന്ന്​ 8.4 കോടി രൂപ ഇൗടില്ലാത്ത വായ്​പ വാങ്ങിയതായും ആദായ നികുതി ഉദ്യോഗസ്​ഥര്‍ ആരോപിച്ചു. 19960 മീറ്റര്‍ സ്​ക്വയറില്‍ വ്യാപിച്ചു കിടക്കുന്ന ഫാം ഹൗസില്‍ കൃഷി ഇ​ല്ല. എന്നാല്‍, സ്വിമ്മിങ്ങ്​ പൂള്‍, ബീച്ച്‌​, സ്വകാര്യ ഹെലിപാഡ്​ എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ്​ അറിയിച്ചു. ഷാരൂഖ്​ ഖാന്​ വിശദീകരണം നല്‍കാന്‍ അധികൃതര്‍ അവസരം നല്‍കിയിട്ടുണ്ട്​.