March 23, 2023 Thursday

സ്വന്തം കുടുംബം സംരക്ഷിക്കാൻ കഴിയാത്ത ആൾ എങ്ങനെ രാജ്യം സംരക്ഷിക്കും; കുഞ്ഞുങ്ങളെ നഷ്ടമാകുന്നവരുടെ വേദന മോഡിക്കറിയില്ലെന്ന് ഷഹീൻബാഗ് ദാദി

Janayugom Webdesk
കൊൽക്കത്ത
February 29, 2020 9:00 pm

കുഞ്ഞുങ്ങളെ നഷ്ടമാകുന്നതിന്റെ വേദന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കറിയില്ലെന്ന് ഷഹീൻബാഗിന്റെ ദാദി എന്നറിയപ്പെടുന്ന അസ്മ ഖത്തൂൺ. കൊൽക്കത്തയിലെ ഷഹീൻബാഗ് എന്ന് അറിയപ്പെടുന്ന പാർക്ക് സർക്കസ് മൈതാനത്ത് നടന്ന ജനകീയ കൂട്ടായ്മയെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. സമാധാനം സംരക്ഷിക്കാനും പ്രകോപനങ്ങൾക്ക് വശംവദരാകാതിരിക്കാനും അവർ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തു. സ്വന്തം കുടുംബം സംരക്ഷിക്കാൻ കഴിയാത്ത ഒരാളിന് രാജ്യത്തെ മൊത്തം എങ്ങനെ സംരക്ഷിക്കാനാകും. ഒരു കുഞ്ഞ് നഷ്ടമാകുന്നതിന്റെ വേദന അറിയണമെങ്കിൽ സ്വന്തമായി ഒരു കുഞ്ഞുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ 54 ദിവസമായി സ്ത്രീകൾ ഇവിടെയിരുന്ന് പൗരത്വ ഭേദഗതി നിയമത്തിനും നിർദ്ദിഷ്ട ദേശവ്യാപക പൗരത്വ രജിസ്റ്ററിനും ദേശീയ ജനസംഖ്യ രജിസ്റ്ററിനും എതിരെ പ്രതിഷേധിക്കുകയാണ്.

ഡൽഹിയിലെ വർഗീയ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 കവിഞ്ഞു. ഡൽഹി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത് വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളും പുരുഷൻമാരുമാണെന്നും ഇവർ ബിരിയാണിക്കും പണത്തിനും വേണ്ടിയാണ് അവിടെ പോയിയിരിക്കുന്നതെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ദീലീപ് ഘോഷ് ആരോപിച്ചിരുന്നു. ഷഹീൻബാഗിലേക്ക് സ്ത്രീകളെ ആകർഷിക്കുന്നത് ബിരിയാണി അല്ലെന്നും അസ്മ പറഞ്ഞു. ഇത്തരം വ്യാജ പ്രചരണങ്ങളിലൂടെ പ്രക്ഷോഭകരുടെ ആത്മവീര്യം കെടുത്താനുമാകില്ല. 20 പ്രതിഷേധക്കാരെ ആഭ്യന്തരമന്ത്രി അമിത്ഷാ ചർച്ചയ്ക്കായി ക്ഷണിച്ചിരുന്നു. എന്നാൽ ഞങ്ങൾ ഒരുലക്ഷം പേരുണ്ടെന്നും എവിടെയാണ് യോഗത്തിന് വരേണ്ടതെന്ന് അറിയിക്കാനും അസ്മ മറുപടി നൽകി.

അതേസമയം രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പ്രക്ഷോഭമല്ല ഇതെന്ന് തുഷാർ ഗാന്ധി പറഞ്ഞു. ചിലപ്പോൾ വർഷങ്ങളോളം ഇത് തുടരേണ്ടി വരും. ഇതിന് പ്രതിഷേധക്കാർ തയാറാകണം. ജനങ്ങൾ ഐക്യത്തോടെ നിലനിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പൗരത്വനിയമഭേദഗതി ഹിന്ദുക്കളെയോ മുസ്ലിങ്ങളെയോ അല്ല പാവങ്ങളെയാണ് ബാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പൗരന്മാരെ പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള അഭയാർത്ഥികളാണെന്ന് കള്ളം പറയിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ രേഖകളായ വോട്ടർ പട്ടികയും ഭൂമിയുടെ രേഖകളും മറ്റും കലാപകാലത്ത് ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നു. സർക്കാരിന് കൂടുതൽ വിവരങ്ങൾ നൽകുന്നത് അപകടകരമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമഭേദഗതി ആദിവാസികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നാണ് ബി ആർ അംബേദ്ക്കറിന്റെ പൗത്രൻ രാജരത്ന അംബേദ്ക്കർ അഭിപ്രായപ്പെട്ടത്. അംബേദ്ക്കർ തയാറാക്കിയ ഭരണഘടനയിൽ ഊന്നിയാണ് രാജ്യം മുന്നോട്ട് പോകുന്നത്. അല്ലാതെ ഗോൾവാൾക്കറിന്റെ ഭരണഘടനയിലൂടെ അല്ലെന്നും അദ്ദേഹം മോഡിയെയും അമിത്ഷായെയും ഓർമിപ്പിച്ചു. രാജ്യത്തെ എല്ലാ ഭരണസംവിധാനങ്ങളുടെയും നിയന്ത്രണം ആർഎസ്എസ് ഏറ്റെടുത്തിരിക്കുന്നു. ഒരു മോഡിയോ ഷായോ പോയാൽ മറ്റൊരു മോഡിയും ഷായും രംഗപ്രവേശനം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry; Sha­heen Bagh Dadi says Modi does not know pain of los­ing children

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.