അഡ്വ. പി ഗവാസ്

February 01, 2020, 5:15 am

ഷഹീൻ ബാഗ്: സർഗ്ഗാത്മകതയുടെ സമരാവേശം

Janayugom Online

ൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണ വേദികളിൽ ഷഹീൻ ബാഗിലെ സമരക്കാർക്കെതിരെ അമിത്ഷാ ആക്രോശിക്കുകയാണ്. ദേശവിരുദ്ധമെന്ന സ്ഥിരാരോപണമാണ് ബിജെ­പിയിലെ തുക്കടാ തുക്കടാ സംഘം ആക്ഷേപമായി ഷഹീൻ ബാഗിലെ സമരക്കാർക്കെതിരെ ഉന്നയിക്കുന്നത്. ദേശീയ പതാകയെ ഉയർത്തിപ്പിടിച്ച്, ദേശീയ ഗാനം പാടി, ആസാദിയും ഇങ്കുലാബും മുഴക്കി, ലാൽസലാം നീൽസലാം പറഞ്ഞ് ഭരണഘടനയെ നെഞ്ചോടുചേർത്ത് ഷഹീൻ ബാഗ് സമരമുഖരിതമാവുമ്പോൾ ദേശവിരുദ്ധ ആ­ക്ഷേപത്തെ ജനാധിപത്യ ഇന്ത്യ മുഖവിലക്കെടുക്കില്ല.

ഡൽഹിയിലെ തെരഞ്ഞെടുപ്പിന് ശേഷം അമിത് ഷായുടെ ആക്രോശം ദീന രോദനമാകുമെ­ന്നാ­ണ് ഷഹീൻ ബാഗും തെരുവോരങ്ങളും വരച്ചുകാട്ടു­ന്ന­ത്. വർഗ്ഗീയമായ വിഭജനവും കലാപവും ലക്ഷ്യമിട്ട് അമിത് ഷാ കൊണ്ടുവന്ന പൗരത്വ നിയമത്തിലെ ഭേദഗതികൾ ജനാധിപത്യപരവും സർഗ്ഗാത്മകവുമായി ഇന്ത്യ പ്രതിരോധിക്കുന്നതിന്റെ അവേശകരമായ അനുഭവമാണ് ഷഹീൻ ബാഗും ജാമിയ മില്ലിയയും. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിന് മനുഷ്യരാണ് ഇവിടങ്ങളിലെ സമരവഴിയിൽ ഒത്തുകൂടിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി തെരുവിലിറങ്ങിയ ഡൽഹിയിലെ വിദ്യാർത്ഥി കൂട്ടത്തെ ജാമിയ മില്ലിയയിലും ജെഎൻയുവിലും മോഡിയുടെ പാർട്ടിയും പൊലീസും ക്രൂരമായി നേരിട്ട നാളിലൊന്നിലാണ് പ്രതിഷേധത്തിന്റെ സമരരൂപമായി കുറച്ചു സ്ത്രീകൾ തെരുവിലിറങ്ങിയത്. മണിക്കൂറുകൾക്ക് മുമ്പ് അമിത് ഷായുടെ ഡൽഹി പൊലീസ് വെടിയുണ്ടയും ലാത്തിയും വർഷിച്ച, നിരവധി പേരെ തല്ലിച്ചതച്ച ഷാഹിൻ ബാ­ഗിലെ തെരുവിൽ നിരായുധരായി അവർ നിരന്ന് ഇരുന്നു. മുത്തശ്ശിമാർ മുതൽ പത്തു മാസം പ്രായമായ കുഞ്ഞിനെ മാറിലൊതുക്കിയെത്തി­യ യുവതി വരെ. ഭരണഘടനയും ജനാധിപത്യവും ചുട്ടെരിച്ച്, പിറന്ന മണ്ണിൽ നിന്ന് തങ്ങളെ ആട്ടി പായിക്കാൻ ശ്രമിക്കുന്ന മോഡി-അമിത് ഷാ കുതന്ത്ര നിയമങ്ങളെ അംഗീകരിക്കില്ലെന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് അവർ തെരുവിലിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നവർക്ക് വഴങ്ങിതരില്ല എന്ന പ്രഖ്യാപനത്തോടെ.

ഡൽഹിയിൽ നിന്ന് യുപിയിലേക്കുള്ള ദേശീയ പാതയെ അവർ സമര കേന്ദ്രമാക്കി. റോഡിനിരുവശവും കാഴ്ച്ച ക്കാരായിരുന്നവരും സമരക്കാരായി മാറി. ഊർജ്ജ­മൊ­ട്ടും കുറയാത്ത സ്ത്രീ ശബ്ദത്തെ അവർ ഏറ്റുവിളി­ച്ച് കൂടുതൽ കരുത്തുള്ളതാക്കി. ഒരോ ദിവസവും ആളുകൾ ഏറിവന്നു, സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയുമായി. പ്രസംഗവും കഥയും കവിതയും ഡോക്യുമെന്ററികളും വായനയും ആട്ടവും പാട്ടും ചിത്രം വരയുമെല്ലാമായി സർഗ്ഗാത്മകതയുടെ സമരാവേശം തീർക്കുകയാണ് ഷഹീൻ ബാഗ്. ഗാന്ധിയും ഭഗത് സിംഗും നെഹ്റുവും അംബേദ്കറും തുടങ്ങി ഇന്ത്യയുടെ ദേശീയ സമര നക്ഷത്രങ്ങളെ വാക്കുകളായും ചിത്രങ്ങളായും സമരമുഖത്ത് നിറഞ്ഞു നിൽക്കുന്നു. ഇടവേളകളിലെ വായനയ്ക്കായി തയ്യാറാക്കിയ ലൈബ്രറിയും സമരകേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നു. ഇന്ത്യാ ഗേറ്റിനെ ഓർമ്മിപ്പിക്കുന്ന സമര കേന്ദ്രത്തിലെ മാതൃകാ രൂപത്തിൽ പൗരത്വ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ യുപി­യിൽ ആദിത്യനാഥിന്റെ പൊലിസ് വെടിവച്ചും തല്ലിയും കൊന്ന മനുഷ്യരുടെ പേരുകൾ എഴുതി ചേർത്തിരിക്കുന്നു. ഇന്ത്യാ ഗേറ്റിൽ സ്വാതന്ത്ര്യ സമരത്തിലെ ധീര രക്തസാക്ഷികള രേഖപ്പെടുത്തപ്പെട്ടതു പോലെ. സമര കേന്ദ്രത്തിനടുത്തായി താൽക്കാലിക മെഡിക്കൽ സെന്ററും സജ്ജമാണ്. ഓരോ പ്രാസംഗികരെയും ആവേശപൂർവ്വം അവർ കേൾക്കുന്നു. കൈയടിക്കുന്നു, ഇൻക്വിലാബ് വിളിച്ച് പ്രത്യഭിവാദ്യം ചെയ്യുന്നു. പ്രകടനമായി ചെന്ന് അവരോടൊപ്പം ചേർന്ന എഐവൈഎഫ് ദേശീയ നേതൃത്വത്തെയും ഷെഹിൻ ബാഗിലെ സമരപോരാളികൾ ലാൽസലാം നീൽസലാം വിളികളോടെയാണ് സ്വീകരlച്ചത്. സമരത്തെ അഭിവാദ്യം ചെയ്ത അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആർ തിരുമലെ പ്രസംഗത്തിനിടയിൽ ഞങ്ങളെയെല്ലാം പരിചയപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം ഒറ്റക്കെട്ടായി തീർത്ത മനുഷ്യ മഹാശൃംഖലയിൽ കണ്ണി ചേർന്നതിന് ശേഷമാണ് കേരളത്തിലെ സഖാക്കൾ ഇവിടെ എത്തിച്ചേർന്നത് എന്നു പറഞ്ഞപ്പോൾ സമരക്കാർ ആവേശപൂർവ്വം അഭിവാദ്യം നേർന്നു. പ്രസംഗത്തിന് ശേഷം നിരവധി പേരാണ് നേരിൽ വന്ന് ഞങ്ങളെ­യെ­ല്ലാം ആശ്ലേഷിച്ചത്. കേരളത്തിലെ ഭരണകൂടവും ജനങ്ങളും നൽകുന്ന കലവറയിലാത്ത പിന്തുണയ്ക്ക് അഭിവാദ്യങ്ങൾ നേർന്നത്. ദിവസങ്ങൾ പിന്നിടുമ്പോൾ സമരത്തിന് ഏറിവരുന്ന പിന്തുണയും സമരപോരാളികൾ പൊതുസമൂഹത്തിലേക്ക് പട­ർത്തിവിടുന്ന ആവേശവുമാണ് അമിത് ഷായെ ആകുലപ്പെടുത്തുന്നത്.

ഡൽഹി തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി മാറിയ ഷഹിൻ ബാഗ് സമരത്തെ വർഗ്ഗീയമായും ദേശവിരുദ്ധമായും ചിത്രീകരിച്ച് തകർക്കാനുള്ള സംഘപരിവാർ ശ്രമം വിജയിക്കില്ല. അതു­കൊണ്ട് തെരഞ്ഞെടുപ്പിന് ശേഷം സമരത്തെ അ­ടിച്ചമർത്താൻ മോഡി ഭരണകൂടം ഏതറ്റം വ­രെ­യും പോകുമെന്ന ആശങ്ക നിലനിൽക്കുന്നു. ആവേശകരവും സർഗ്ഗാത്മകവും ജനാ­ധിപത്യപരവുമായ ഒരു സമരത്തെ ഇല്ലാതാക്കാൻ ഒരു തരത്തിലും അനുവദിക്കരുത്. ദേശീയ പതാകയേന്തി ചെറുചെറു കൂട്ടങ്ങളായി ചെറുപ്പക്കാർ ഷ­ഹീൻ ബാഗിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അത് ഒരു അലകടലായി രൂപാന്തരപ്പെടുന്നു. ആ­ർത്തലയ്ക്കുന്ന ഈ സമര മഹാസാഗരം ആവേശമായ ഒരു സമരാനുഭവം പകർന്നു നൽകുന്നു. വിജയം വരെയും മുന്നോട്ടുപോകുമെന്ന ആത്മവിശ്വാസവും.

(എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് ലേഖകൻ)