Web Desk

ന്യൂഡൽഹി

January 13, 2020, 12:50 pm

തണുപ്പിലും തളരാതെ ഷഹീൻബാഗിലെ സ്ത്രീപോരാളികൾ

Janayugom Online

ദേശാഭിമാനപ്രചോദിതമായ കവിതകളും പാട്ടുകളും ആലപിച്ചാണ് ഷഹീൻബാഗിലെ രാത്രികളിപ്പോൾ പുലരുന്നത്. ജാമിയ മില്ലിയയിലെ വിദ്യാർഥികളെ പൊലീസ് നിഷ്ഠൂരമായി വേട്ടയാടിയ ദിവസം തെരുവിലേയ്ക്കിറങ്ങിയ പത്ത് സ്ത്രീകൾ തുടങ്ങിയതാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീൻബാഗിലെ പ്രക്ഷോഭം. 90 വയസായ മുത്തശ്ശിയും മക്കളുടെ പ്രായമുള്ളവരുമടക്കം പത്തുപേർ തുടങ്ങിയ സമരം. കൈക്കുഞ്ഞുങ്ങളെ ഒക്കത്തേന്തിയിറങ്ങിയ അവർ പൗരത്വ ഭേദഗതി നിയമം വേണ്ടെന്ന മുദ്രാവാക്യവുമായി ഷഹീൻബാഗിലെ നടപ്പാതയിൽ കണ്ടെത്തിയ സ്ഥലത്ത് കുത്തിയിരുന്നു. അപ്പോഴും ഇപ്പോഴും ഡൽഹിയിൽ അസ്ഥി മരവിപ്പിക്കുന്ന തണുപ്പാണ്. എന്നിട്ടും തളരാതെ പത്തുപേർ തുടങ്ങിയ സമരം ഒരുമാസം പിന്നിടുകയാണ്. പത്തിൽ നിന്ന് നൂറിലേയ്ക്കും പല ദിവസങ്ങളിലും ആയിരങ്ങളിലേയ്ക്കും പതിനായിരങ്ങളിലേയ്ക്കും വളർന്ന് ആ സമരം തുടരുന്നു.

നടപ്പാതയിൽ അവർ കുത്തിയിരുന്ന് തുടങ്ങിയ പ്രതിഷേധത്തിന് തൊട്ടടുത്ത് ഇപ്പോൾ വലിയ സമരപ്പന്തലുണ്ട്. പലപ്പോഴും അതിനുൾക്കൊള്ളാനാവാത്ത ആളുകളെത്തുന്നുവെന്ന് മാത്രം. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തികൾ ആ സഹനസമരത്തോട് ഐക്യപ്പെട്ടെത്തി.

ലോകം പുതുവത്സരമാഘോഷിച്ച രാത്രിയിൽ മഞ്ഞുപെയ്യുമ്പോൾ ഷഹീൻബാഗിലെ സ്ത്രീകൾ ആസാദി വിളിച്ചും പാട്ടുപാടിയുമാണ് പൗരത്വഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ പുതുവർഷത്തെ വരവേറ്റത്. ഷഹീൻ ബാഗിലേയ്ക്ക് വരൂ, കൂരിരിട്ടിൽ നിങ്ങൾക്ക് പ്രകാശത്തിന്റെ ലോലകിരണങ്ങൾ കാണാം, എവിടെ സ്വാതന്ത്ര്യം അവസാനിക്കുന്നു, ഭീതി ആരംഭിക്കുന്നു, എവിടെ ഭീതി അവസാനിക്കുന്നു- എവിടെ സ്വാതന്ത്ര്യം ലഭിക്കുന്നു- എന്ന് ഉൾക്കൊള്ളാൻ വരൂ ഷഹീൻ ബാഗിലേയ്ക്ക് എന്ന കവിത ആലപിച്ചാണ് പ്രതിഷേധക്കാർ പുതുവർഷം വരവേറ്റത്.

ഡൽഹിയുടെ പ്രാന്തങ്ങളിൽ നിന്നുമാത്രമല്ല സമീപ സംസ്ഥാനങ്ങളിൽ നിന്ന് പോലും പ്രതിഷേധത്തിനായി ആളുകളെത്തുന്നുണ്ട്. ഷഹീൻബാഗിലെ സമരത്തെരുവ് രൂപംകൊണ്ടിട്ട് ഒരുമാസമായിരിക്കുന്നു. ഞായറാഴ്ച രാത്രിയിലും ദേശീയ പതാകയും മെഴുകുതിരി വെളിച്ചവുമായി ആയിരങ്ങൾ ഒത്തുകൂടിയ ഷഹീൻബാഗിലെ തെരുവ് പ്രക്ഷുബ്ധമായിരുന്നു. ഇത്രയും നാളായിട്ടും ഒരു അനിഷ്ടസംഭവം പോലും ഉണ്ടാകാതെയാണ് ആ സഹനസമരം തുടരുന്നതെന്ന പ്രത്യേകതയുമുണ്ട്.