പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന സമരം സമാധാനപരമെന്ന് സുപ്രീം കോടതി നിയമിച്ച മധ്യസ്ഥന്‍ വജാത് ഹബീബുള്ള. അനാവശ്യമായി റോഡ് ബ്ലോക്ക് ചെയ്യുന്നത് പൊലീസാണെന്നും മധ്യസ്ഥന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഷഹീന്‍ബാഗില്‍ അഞ്ചിടങ്ങളില്‍ പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് സൃഷ്ടിച്ച തടസ്സങ്ങള്‍ മാറ്റിയാല്‍ തന്നെ ഗതാഗതം സുഗമമാകുമെന്നും ഹബീബുള്ള കൂട്ടിച്ചേര്‍ത്തു.
റോഡ് തടസ്സപ്പെടുത്തുന്നതിന്റെ ഉത്തരവാദികൾ ആരാണെന്ന് പൊലീസ് തന്നെ വിശദീകരിക്കണമെന്നും അദ്ദേഹം പറയുന്നു. സിഎഎ, എൻപിആര്‍, എൻആർസി തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തണമെന്ന് ഷബീബുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമരവേദിക്ക് അരികിലൂടെ സ്‌കൂള്‍ വാഹനങ്ങളും ആംബുലന്‍സുകളും കടത്തിവിടുന്നുണ്ടെന്ന് ഹബീബുള്ള തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പൊതുപ്രവർത്തകനായ സയീദ് ബഹാദുർ നഖ്വി, ഭീം ആര്‍മി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവരും പൊലീസിനെതിരെ സമാനമായ ആരോപണങ്ങളുമായി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി മൂന്നംഗ മധ്യസ്ഥ സമിതിയെയാണ് നിയമിച്ചിട്ടുള്ളത്.
മുൻ ചീഫ് ഇൻഫർമേഷൻ കമ്മിഷണറായ ഹബീബുള്ളയ്ക്ക് പുറമെ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം മധ്യസ്ഥ സമിതി സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതലാണ് ഷഹീന്‍ബാഗ് സമരം തുടങ്ങിയത്. സമരം ഗതാഗതതടസ്സം സൃഷ്ടിക്കുന്നുവെന്ന് കാട്ടി അഭിഭാഷകനായ അമിത് സാഹ്നി, മുൻ ബിജെപി എംഎൽഎ നന്ദകിഷോർ ഗാർഗ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ENGLISH SUMMARY: Shaheen bang strike police stops the traffic
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.