August 18, 2022 Thursday

Related news

August 17, 2022
July 28, 2022
July 19, 2022
July 16, 2022
July 15, 2022
July 15, 2022
July 14, 2022
July 4, 2022
June 30, 2022
June 26, 2022

ഷഹീൻ ബാഗ് ആഗോള ശ്രദ്ധ ആകർഷിക്കുന്നു

Janayugom Webdesk
ന്യൂൂഡൽഹി
January 20, 2020 10:23 pm

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്ന ഷഹീൻ ബാഗ് ആഗോള ശ്രദ്ധ ആകർഷിക്കുന്നു. ഒരു മാസത്തിലധികമായി ഇവിടെ തുടരുന്ന സമരം ആംഗലേയ വിപ്ലവ കവിയായ ഷെല്ലിയുടെ വാക്കുകളാണ് അന്വർത്ഥമാക്കുന്നത്. സ്മൃതി കുടീരത്തിൽ നിന്നും ഒരു ആത്മാവ് ഉയർത്തെഴുന്നേൽക്കുന്നതുപോലെ, ഉദരത്തിൽ നിന്നും ഒരു ശിശു ജന്മമെടുക്കുന്നതുപോലെ, ഞാൻ ഉണരും, എല്ലാറ്റിനേയും പുനർനിർമ്മിക്കാനായി- ( ദി ക്ലൗഡ്). ഈ വാക്കുകൾ തന്നെയാണ് രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ഡൽഹിയിലെ ഷഹീൻബാഗിൽ മുഴങ്ങി കേൾക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തെ തുടർന്നാണ് ഷഹീൻ ബാഗിൽ പ്രദേശവാസികളായ സ്ത്രീകൾ ഒത്തുകൂടിയത്.

ജാതിയ്ക്കും മതത്തിനും അതീതമായി മോഡി സർക്കാരിന്റെ കാടൻ നിയമത്തിനെതിരെയുള്ള പ്രതിഷേധം ആദ്യഘട്ടത്തിൽ ആരും ശ്രദ്ധിച്ചില്ല. എന്നാൽ കഴിഞ്ഞ 36 ദിവസമായി തുടരുന്ന സമരം ദിനംപ്രതി കൂടുതൽ ശക്തി ആർജ്ജിച്ചു. സമൂഹത്തിന്റെ വിവിധ തുറയിൽപ്പെട്ടവർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തി. അമ്മയും സഹോദരിമാരും ഒരു മഹത്തായ ലക്ഷ്യത്തിനായി കൈകോർക്കുന്നു- ഇതായിരുന്നു ഷഹീൻ ബാഗ് സമരത്തിന് ദി വാഷിങ് ടൺ പോസ്റ്റ് നൽകിയ തലക്കെട്ട്. ഇന്ത്യയുടെ ചരിത്രത്തിന് പുതിയ ദിശാബോധം- ന്യൂയോർക്ക് ടൈംസ്, സാർവദേശീയ മാനമുള്ള സമരം- അറബ് ടൈംസ്, മാനവരാശിയുടെ മോചനത്തിനായുള്ള സമരം- വാൾ സ്ട്രീറ്റ് ജേണൽ- ഇതായിരുന്നു ഷഹീൻ ബാഗിലെ പ്രതിഷേധം വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ നിന്നും മുസ്‌ലിങ്ങളെ പുറത്താക്കുമെന്ന ഭീഷണിയോടെ മോഡി സർക്കാർ പാസാക്കിയ നിയമത്തിനെതിരെ ഷഹീൻ ബാഗിൽ തുടരുന്ന പ്രതിഷേധം സർക്കാരിനെതിരെയുള്ള ഒരു ദേശീയ പ്രസ്ഥാനമായി ഉയർന്നു. പരുന്തെന്നാണ് ഷഹീൻ എന്ന പദത്തിന്റെ അർത്ഥം. പരുന്തുകൾ ദേശാടന പക്ഷികളുടെ വിഭാഗത്തിൽ ഉൾപ്പെടുന്നില്ല. അതുപോലെ ഷഹീൻബാഗിലെ പ്രതിഷേധക്കാരായ തങ്ങൾ ഇന്ത്യാക്കാരാണ്. ഏത് മതത്തിൽപ്പെട്ടവരായും തങ്ങൾ ഇവിടെ വിട്ടുപോകാൻ തയ്യാറല്ലെന്നാണ് ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ പറയുന്നത്. ബിഹാറിലെ ധാരബംഗാ സ്വദേശിയായ ഉമർ പഞ്ചാബിലെ തന്റെ ജോലി ഉപേക്ഷിച്ചാണ് ഷഹീൻ ബാഗിലെ പ്രതിഷേധത്തിനായി എത്തിയത്. 82 വയസുള്ള ബിൽക്കിസ് ഇപ്പോൾ പ്രതിഷേധക്കാർക്കിടയിലെ ഗാങ്സ്റ്റർ ഗ്രാനി ( മുത്തശ്ശി) എന്നാണ് അറിയുന്നത്. വയോധികർ മുതൽ പിഞ്ചുകുഞ്ഞുങ്ങൾ വരെയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്.

ജനുവരി മാസത്തിലെ തീവ്രമായ തണുപ്പിനെ പോലും അവഗണിച്ചാണ് ഇവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. വിദേശികൾ പോലും ഷഹീൻബാഗിലെത്തി സമരത്തിന് ഐക്യാദാർഢ്യം പ്രകടിപ്പിക്കുന്നു. രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവക്യം ഉയർത്തി മുസ്‌ലിങ്ങൾ മാത്രമല്ല മറിച്ച് എല്ലാ ജാതിമതവിഭാഗത്തിൽപ്പെട്ടവരുമാണ് പ്രതിഷേധിക്കുന്നത്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഇവരുടെ മുദ്രാവാക്യം. ഒരു പക്ഷേ മോഡി സർക്കാർ വിവാദ നിയമം പിൻവലിക്കില്ല. സുപ്രീം കോടതി ഇടപെടുകയുമില്ല. എന്നാൽ ഗാന്ധിജിയുടെ ചമ്പാരൻ മാതൃകയിൽ സമരം തുടരാനാണ് ഷഹീൻബാഗിലെ പ്രതിഷേധക്കാരുടെ തീരുമാനം.

ആറുമാസമാണ് ലക്ഷ്യപ്രാപ്തിക്കായി ഗാന്ധിജി ചമ്പാരനിൽ തങ്ങിയത്. മാൻചെസ്റ്റർ കൂട്ടക്കൊലക്കെതിരെ നടന്ന പ്രതിഷേധങ്ങളെ ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ ഷഹീൻബാഗ് മോഡൽ സമരം തുടരുന്നത്. പട്ന, ഗയ, കൊൽക്കത്ത, റായ്പൂർ, ഭോപ്പാൽ, അലഹബാദ്, ഗുവാഹത്തി, ഡൽഹിയിലെ സീലാംപൂർ, ടർക് മാൻ ഗേറ്റ് എന്നിവിടങ്ങളിൽ ഷഹീൻബാഗ് മോഡൽ സമരം തുടരുന്നത്. ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ ഒരു രാജ്യത്തെ ജനതയുടെ വർഗീയ വിരുദ്ധ വികാരത്തിന്റെ പരിച്ഛേദം മാത്രമാണ്.

കടലോളം ജനങ്ങളാണ് ഈ പ്രതിഷേധത്തിൽ പങ്കാളികളാകുന്നത്. ജാമിയ മിലിയ സർവകലാശാലയിൽ നിന്നും ഷഹീൻ ബാഗിലേയ്ക്ക് നടന്ന പ്രതിഷേധമാർച്ചിൽ ഇന്നലേയും ആയിരങ്ങളാണ് പങ്കെടുത്തത്. മഹാത്മാഗാന്ധി, ബി ആർ അംബേദ്ക്കർ, ഭഗത് സിങ് എന്നിവരെ പോലെ വേഷം ധരിച്ചാണ് പ്രതിഷേധക്കാർ മാർച്ചിൽ പങ്കെടുത്തത്. 1990 ജനുവരി 19ന് കശ്മീർ താഴ്വരയിൽ നിന്നും പലയാനം ചെയ്യേണ്ടിവന്ന പണ്ഡിറ്റുകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഷഹീൻ ബാഗിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

Eng­lish sum­ma­ry: Sha­heen­bag caa protest

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.