Web Desk

ന്യൂഡൽഹി

May 17, 2021, 9:05 pm

കേന്ദ്ര കോവിഡ് ഉപദേശക സമിതിയില്‍ നിന്നും തലവൻ ഷാഹിദ് ജമീല്‍ രാജിവച്ചു

Janayugom Online

കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ഉപദേശക സമിതിയില്‍ നിന്ന് രാജിവച്ചു.ഇന്ത്യന്‍ സാര്‍സ് കൊവി-2 ജീനോമിക് കണ്‍സോഷിയ എന്ന കോവിഡ് 19 വകഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശക സമിതിയില്‍ നിന്നും രാജിവച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു. മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് അദ്ദേഹം ആരോപിച്ചിരുന്നു. തുടര്‍ന്നാണ് രാജിവച്ചത്. തന്റെ തീരുമാനം പൂര്‍ണമായും ശരിയാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും രാജിക്ക് ഒരു കാരണവും പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നുമായിരുന്നു രാജിയ്ക്ക് ശേഷം ഷാഹിദിന്റെ പ്രതികരണം. 

കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ബി 1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാര്‍ച്ച് ആദ്യം തന്നെ ഷാഹിദ് ജമീലിന്റെ നേതൃത്വത്തിലുള്ള സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാര്യമായ പരിഗണന നല്‍കിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.നേരത്തെ ഡോ. ജമീല്‍ ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ രാജ്യത്തെ കോവിഡ് പ്രതിരോധത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കുറഞ്ഞ പരിശോധന നിരക്ക്, വാക്‌സിന്‍ ദൗര്‍ലഭ്യം, വാക്‌സിനേഷന്റെ മെല്ലെപോക്ക് തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്റെ സമീപനത്തെ ജമീൽ വിമർശിച്ചിരുന്നു.

ഇതിന് പുറമേ ഇന്ത്യയില്‍ കോവിഡ് വൈറസ് രണ്ടാം തരംഗം ജൂലൈ വരെ ഉണ്ടാകും എന്നും ഷാഹിദ് ജമീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നില്ലെന്നും അതേപോലെ നില്‍ക്കുകയാണെന്നും എണ്ണം കുറയാന്‍ താമസം എടുക്കുമെന്നും ജമീല്‍ കൂട്ടിച്ചേര്‍ത്തു.കോവിഡിനെ പ്രതിരോധിക്കുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നല്‍കണമെന്ന് 800ഓളം ശാസ്ത്രജ്ഞന്മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
eng­lish summary;Shahid Jameel,chairman of the Cen­tral covid Advi­so­ry Coun­cil, has resigned
you may also like this video;