ഷഹ്‌ല ഷെറിന്റെ മരണം; ആന്റിവെനമില്ലെന്ന വാദം അടിസ്ഥാനരഹിതം

Web Desk
Posted on November 24, 2019, 9:35 pm

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഗവണ്‍മെന്റ് സകൂളിലെ ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് ബത്തേരി താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സക്ക് എത്തിച്ച വിദ്യാര്‍ഥിക്ക് ചികിത്സ നല്‍കാതിരുന്നത് പാമ്പ് കടിയേറ്റവര്‍ക്ക് നല്‍കുന്ന ആന്റിവെനം ഇല്ലാതിരുന്നതിനാലാണെന്ന് ഡ്യൂട്ടീ ഡോക്ട്ടര്‍ പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞു.
ഷെഹ്‌ല ഷെറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ 28 വയല്‍ ആന്റിവെനം സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. കാഷ്യാലിറ്റിയില്‍ 13 വയലും, ഫാര്‍മസിയില്‍ 15മടക്കമാണ് ആകെ 28 വയല്‍ ആന്റിവെനമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി സ്ഥിരീകരിക്കുകയും ചെയ്തതായി ഡിഎംഒ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ആന്റിവെനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ആംബിബാഗ് അടക്കമുള്ള ഉപകരണങ്ങളും ഈ ആശുപത്രിയില്‍ നിലവിലുണ്ട്. പീഡിയാട്രിക് വെന്റിലേറ്ററിന്റെ ആവശ്യം ആന്റിവെനം നല്‍കുന്ന ഘട്ടത്തില്‍ ആവശ്യമില്ലെന്നാണ് ഡിഎംഒ തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്. രണ്ട് വെന്റിലേറ്ററുകളുള്ള താലൂക്ക് ആശുപത്രിയില്‍ ഒരെണ്ണം പ്രവര്‍ത്തനക്ഷമമാണെന്നും പറയുന്നു. സാധാരണ നിലയില്‍ മുതിര്‍ന്ന ഒരാള്‍ക്ക് പത്ത് വയല്‍ ആന്റിവെനമാണ് പാമ്പ് കടിയേറ്റാല്‍ നല്‍കാറുളളത്. ഇത്രയും ആന്റിവെനം സ്റ്റോക്കുളളപ്പോഴാണ് ഷെഹ്‌ല ഫാത്തിമക്ക് ആന്റി വെനം നല്‍കാതിരുന്നതെന്നുളള കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം 139, ഈ വര്‍ഷം 90 പാമ്പ് കടിയേറ്റ സംഭവങ്ങളാണ് ഉണ്ടായിട്ടുളളത്. ഷെഹ്‌ല ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ടുളള അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തിര ധനസഹായം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ബാലാവകാശ സംരക്ഷണകമ്മീഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു.
ബത്തേരി പുത്തന്‍കുന്നിലെ വീട്ടില്‍ ഷഹലയുടെ മാതാപിതാക്കളെയും, സംഭവം നടന്ന ക്ലാസ് മുറിയും, സഹപാഠികളെയും സന്ദര്‍ശിച്ച് പി. സുരേഷ് മൊഴിയെടുത്തു. അധ്യപകരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണ് രണ്ട് മണിക്കൂറോളം കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിന് കാരണമെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇതിനെ ഗൗരവമായി കാണുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട അധ്യാപകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെ ഐ. പി. സി 304, ആര്‍. ഡബ്ല്യൂ 34 ബാലനീതി നിയമം 2015 75ാം വകുപ്പ് പ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ കുടുംബത്തിന് നല്‍കേണ്ട പത്ത് ലക്ഷം രൂപ അധ്യാപരും ഡോക്ടര്‍മാരും കുറ്റക്കാരാണെന്ന് കാണുന്ന പക്ഷം ഇവരില്‍ നിന്നും സര്‍ക്കാരിന് പിന്നീട് ഈടാക്കാവുന്നതാണെന്നും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കണമെന്നും കമ്മീഷന്‍ പറഞ്ഞു. മാനന്തവാടി എഎസ്പി വൈഭവ് സക്‌സേന ഐപിഎസിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കഴിഞ്ഞ ദിവസങ്ങളില്‍ ഷഹ്‌ല ഷെറിനെ ചികിത്സക്ക് എത്തിച്ച സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍, അസംപ്ഷന്‍ ഹോസ്പിറ്റല്‍, വൈത്തിരി താലൂക്ക് ഹോസ്പിറ്റല്‍, ചേലോട് ഗുഡ് ഷെപ്പേര്‍ഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ വിശദ്ധമായ തെളിവെടുപ്പ് നടത്തി.
സംഭവവുമായി ബന്തപ്പെട്ട് പ്രതിചേര്‍ക്കപ്പെട്ട മൂന്ന് അധ്യാപകരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഷഹല ഷെറിനെ ആദ്യം ചികിത്സിച്ച ബത്തേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഡോ: ജിസ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. വിദ്യാര്‍ഥിക്ക് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ സല്‍കാതിരുന്ന അധ്യാപകര്‍ക്കെതിരെ വലിയ പ്രതിഷേധത്തിലാണ് ജനങ്ങള്‍. ബാലാവകാശ കമ്മീഷനില്‍ മൊഴി നല്‍കിയ വിദ്യാര്‍തികളെ ഒരു സംഘം ആളുകള്‍ ഭീഷണിപെടുത്തുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.