ഷെഹ്‌ല, ഞങ്ങളോട് ക്ഷമിക്കൂ

Web Desk
Posted on December 06, 2019, 10:52 pm
p a vasudevan

ഷെഹ്‌ലയുടെ ദുരന്തമരണം ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ആദ്യത്തേത് നമ്മുടെ പ്രാഥമിക വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ എത്ര അപകടകരമാണെന്നതാണ്. വയനാടിലെ ബത്തേരിയില്‍ സര്‍വജന സ്കൂളിലെ ഒരു വിദ്യാര്‍ഥിനിയായിരുന്നു ഷെഹ്‌ല എന്ന കൊച്ചുകുട്ടി. ക്ലാസില്‍ നിന്ന് പാമ്പുകടിയേറ്റാണ് മരിച്ചത്. ചാനലുകളില്‍ വന്ന ചിത്രങ്ങള്‍ സ്കൂള്‍ നടത്തിപ്പുകാരുടെ ഹീനമായ അവഗണനയെയാണ് വ്യക്തമാക്കുന്നത്. ക്ലാസു മുറിയില്‍ അത്യഗാധമായ കുഴികളാണ്. ചുറ്റുവട്ടത്തില്‍ നിന്നും ഇഴജന്തുക്കള്‍ക്ക് വന്നു താമസിക്കാന്‍ സൗകര്യപ്രദമായ മാളങ്ങളാണ്, ഈ മക്കള്‍ ഓടിച്ചാടി നടക്കുന്ന ക്ലാസുമുറികളിലുള്ളത്. അത് ഒരു ദിവസം ഉണ്ടായതല്ലല്ലോ. എന്തേ ആരും ശ്രദ്ധിച്ചില്ല. ഇടയ്ക്കിടെ വിഷജന്തുക്കളെ കാണാറുണ്ടായിരുന്നുവെന്ന് കുട്ടികള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

സ്കൂളിന് ചുറ്റും കാടാണ്. അവിടെ മാത്രമല്ല, മറ്റു പല സ്കൂളുകളിലെയും സ്ഥിതി ഇതുതന്നെ. മാളത്തിനടുത്ത് കാലുവച്ചിരുന്ന ഷെഹ്‌ലയെയാണ് പാമ്പ് കടിച്ചത്. അതിനെ സഹായിക്കാന്‍ സ്കൂളില്‍ മറ്റൊരു നിയമം കൂടിയുണ്ടത്രെ. അധ്യാപകര്‍ക്കല്ലാതെ കുട്ടികള്‍ക്ക് പാദരക്ഷ ധരിച്ച് ക്ലാസില്‍ കയറാന്‍ പാടില്ലപോല്‍. തീര്‍ത്തും വൃത്തിയില്ലാത്ത തറയില്‍ ഈ മക്കള്‍ ചെരുപ്പിട്ട് കയറിയാലെന്താ ദോഷം. ഇത് അമ്പലമൊന്നുമല്ലല്ലോ. കേരളത്തിലെ ഏറെ സ്കൂളുകളിലൊന്നും ഇങ്ങനെയൊരു നിയമമുള്ളതായി അറിയില്ല. അധികൃതരുടെ ക്രൂരമായ വിവേചനമോ സാഡിസമോ ഒക്കെയാണിത്. ഇത്ര അപകടമായ ഭൗതിക സാഹചര്യത്തില്‍ സാമൂഹ്യ ബുദ്ധിയുള്ളവര്‍ ചെയ്യുന്നതല്ലല്ലോ മാനേജ്മെന്റും അധ്യാപകരും ചെയ്തത്. ഈ സംഭവത്തെ തുടര്‍ന്ന്, സ്കൂളുകളുടെ അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നാലുനാള്‍ കഴിഞ്ഞ് ചാലക്കുടിയില്‍ ഒരു കുട്ടിയെ സ്കൂളില്‍ പാമ്പുകടിച്ച വാര്‍ത്ത വന്നിരുന്നു. തൊട്ടുപിന്നാലെയാണ് അഗളിയിലെ സ്കൂളില്‍. തീര്‍ത്തും അപകടകരമായ ചുറ്റുപാടില്‍ കുട്ടികള്‍ നടന്ന് സ്കൂളിലെത്തുന്നതും പലതരം ജന്തുക്കളുള്ള സ്കൂളിനു ചുറ്റുമുള്ള കളിസ്ഥലങ്ങളില്‍ കളിക്കുന്നതുമായ വാര്‍ത്ത വന്നത്. ഇത് ഈ സ്കൂളുകളിലെ മാത്രം കഥയല്ല. ഒരുപാട് ഗ്രാമീണ പ്രൈമറി സ്കൂളുകളിലെ സ്ഥിതിയും ഇതുതന്നെയാണ്. സ്കൂളിലെ ഹാജര്‍ പട്ടികയില്‍ കുട്ടികള്‍ വെറും പേരുകള്‍ മാത്രമാണെങ്കിലും ഓരോ വീട്ടിലെയും സ്വപ്നവും പ്രതീക്ഷയുമാണവര്‍. അത് അധികൃതര്‍ ഓര്‍ക്കണം. എയ്ഡഡ് ആയാലും അണ്‍ എയ്ഡഡ് ആയാലും തിരിഞ്ഞുനോക്കാന്‍ മുതിര്‍ന്നവരില്ലാത്ത അവസ്ഥയാണ്. പേരിന് അധ്യാപകരും പിടിഎയുമൊക്കെയുണ്ട്. കുട്ടികളുടെ സൗകര്യങ്ങള്‍ നോക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. കയറിച്ചെല്ലാവുന്ന ശുചികേന്ദ്രങ്ങളില്ല, അപ്പര്‍ പ്രൈമറി തലത്തില്‍ പെണ്‍കുട്ടികള്‍ക്കെങ്കിലും സ്വകാര്യ ശുചികേന്ദ്രങ്ങള്‍ വേണം. എത്ര സ്കൂളില്‍ അതുണ്ട്.

ഇത്തരം പ്രാഥമിക കാര്യങ്ങള്‍ ശ്രദ്ധിക്കാനാരുമില്ലാത്ത സ്ഥിതിയാണ്. ഇനി മറ്റൊരുകാര്യം, കേള്‍ക്കുന്നതും വായിക്കുന്നതുമായ വാര്‍ത്തകള്‍ ഒട്ടും ആശാസ്യമല്ലാത്തവയാണ്. കുട്ടി പാമ്പുകടിയേറ്റ് ഏറെക്കഴിഞ്ഞാണ് അധ്യാപകര്‍ അതേക്കുറിച്ച് ശ്രദ്ധിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായ അധ്യാപികയെ പിന്തിരിപ്പിച്ചു. കുറേനേരം കുട്ടികള്‍ ബഹളംവച്ച് പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ ആശുപത്രിയിലെത്തിയിട്ടും ഡോക്ടര്‍മാര്‍ അലംഭാവം കാണിച്ചു. പിന്നെ മറ്റൊരു ആശുപത്രിയിലെത്തിച്ചു. അതിനിടയില്‍ മനുഷ്യന്റെ ക്രൂരതയ്ക്കും ഉദാസീനതയ്ക്കുമിടയില്‍ വിധി അതിന്റെ തീരുമാനം നടപ്പിലാക്കി. ഒരു കുടുംബത്തിന്റെ വിളക്കാണ് കെട്ടത്. ഇതൊക്കെയാണ് വായിച്ച വാര്‍ത്തകള്‍. ഇതില്‍ കുറച്ചെങ്കിലും ശരിയാണെങ്കില്‍ ഈ അധ്യാപകര്‍ക്കെന്തുപറ്റി. ഒരു വെറും തൊഴിലല്ലാത്തതാണല്ലോ അധ്യാപനം. ഉയര്‍ന്ന ധാര്‍മ്മികബോധവും അറിവും ആവര്‍ത്തന ചടുലതയും വേണ്ട ഒരുകൂട്ടം അധ്യാപകര്‍ ആ സ്കൂളിലില്ലായിരുന്നോ? ഉണ്ട്. അവര്‍ ചെയ്തത് പൊറുക്കാനാവാത്ത കുറ്റമാണ്. ഈ പോടും മടയുമൊക്കെ ഉണ്ടായിട്ടും അവര്‍ അതേക്കുറിച്ചൊന്നും ശ്രദ്ധിക്കാത്തതെന്തേ? പാഠപുസ്തകം തുറന്ന് പതിവു പടികളാണോ അധ്യാപനം. ഈ ലേഖകനും അധ്യാപകനായിരുന്നു. ഇത്തരം ഒരധ്യാപക സങ്കല്‍പം ഒരിക്കലും മനസിലുണ്ടായിരുന്നില്ല.

നാട്ടിന്‍പുറത്തെ ഒരു സാദാ സ്കൂളില്‍ നിന്നു പഠിച്ചുവന്ന എനിക്ക് ഇന്നും എന്റെ സങ്കല്‍പ്പങ്ങളില്‍ ബിരുദങ്ങളൊന്നുമില്ലാതിരുന്ന അന്നത്തെ അധ്യാപകര്‍ക്ക് കൊളമ്പസിന്റെ ഉയരമുണ്ടായിരുന്നു. അന്നും ഇന്നും ഒരുതരം ധാര്‍മ്മികച്യുതിയും കര്‍മ്മലോപവും ഉണ്ടാവരുതാത്തവരാണ് അധ്യാപകര്‍. ഇനി മറ്റൊന്ന്, ഈ സ്കൂളുകള്‍ക്കൊക്കെ ഒരു പിടിഎ ഇല്ലേ. അവരുടെ ഒരു നിരന്തര മോണിറ്ററിംഗുണ്ടായിരുന്നെങ്കില്‍ ഷെ­ഹ്‌ലയുടെ അനുഭവം ഉണ്ടാവുമായിരുന്നില്ല. നട്ടിന്‍പുറത്ത് വന്‍ കെട്ടിടങ്ങള്‍ വേണമെന്നല്ല. ഉള്ളത് സുരക്ഷിതമാവണ്ടെ, പിടിഎയുടെ പുറത്ത് ഒരു ‘ഔട്ടര്‍റിംഗ്’ ആയി പഞ്ചായത്തില്ലേ, മുനിസിപ്പാലിറ്റിയില്ലേ. ഒരു സ്കൂളും ശൂന്യതയിലെ ഒരു കേവല യൂണിറ്റ് ആവരുത്. പിടിഎയുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രാദേശിക പ്രതിനിധിയുമൊക്കെ അതിന്റെ സുരക്ഷാവലയങ്ങളായി പ്രവര്‍ത്തിക്കണം. പാഠ്യപദ്ധതികളില്‍ ഇടപെടുന്നില്ലെങ്കിലും പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ അവരുടെ നിരീക്ഷണം വേണം. അതില്ലാതെ പോയതിന്റെ ദുരനുഭവമാണ് സര്‍വ‍ജന സ്കൂളിലുണ്ടായത്. ആ സ്കൂളിനൊരു മനേജ്മെന്റുണ്ടല്ലോ, അവര്‍ ഈ സ്ഥിതി കണ്ടിരുന്നില്ലേ? പ്രൈമറി, സെക്കന്‍ഡറി തലത്തില്‍ വിദ്യാഭ്യാസം അവഗണനയിലും അഴിമതിയിലുമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ തികഞ്ഞ അവഗണനയാണ്.

സ്വകാര്യ സ്കൂളുകള്‍ നിയമനങ്ങള്‍ക്കു പണം വാങ്ങാന്‍ മാത്രമുള്ളവയാണ്. അത് തനി കച്ചവടം. അടിസ്ഥാന സൗകര്യങ്ങള്‍പോലും കുട്ടികള്‍ക്ക് നല്‍കാന്‍ അവര്‍ ബാധ്യത കാണിക്കുന്നില്ല. സര്‍ക്കാര്‍ അവരെ കയറൂരിവിട്ടിരിക്കുകയുമാണ്. ചുറ്റുമുള്ള സമൂഹത്തിന്റെ ജാഗ്രതയിലല്ലാതെ ഒരു വിദ്യാലയത്തിനും ഫലവത്തായി പ്രവര്‍ത്തിക്കാനാവില്ല. പ്രാഥമിക വിദ്യാലയങ്ങളുടെ കാര്യത്തില്‍ ഇത് പ്രത്യേകം പരിഗണന അര്‍ഹിക്കുന്ന കാര്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിരന്തരമായി ഇടപെടണം. കാടുപിടിച്ച കോമ്പൗണ്ടുകളും തകര്‍ന്ന കെട്ടിടങ്ങളുമൊക്കെ സമൂഹത്തിന്റെ ഉദാസീനതയില്‍ നിലനില്‍ക്കുന്നതാണ്. ഒരു വിദ്യാലയത്തെ ആ പ്രദേശത്തിന്റെ അകക്കണ്ണായി കാണാന്‍ കഴിയണം. ആ നിലവാരത്തിലേയ്ക്ക് സമൂഹം‍ ഉയര്‍ന്നാലേ സര്‍വജന സ്കൂളുകള്‍ ഇനി സംഭവിക്കാതിരിക്കൂ. ഷെഹ്‌ലയുടെ മരണശേഷം ചാനലില്‍ ആ സ്കൂളിലെ കുട്ടികള്‍ പ്രകടിപ്പിച്ച രോഷം കാണാതിരുന്നുകൂട. സ്കൂളിനെയും അധ്യാപകരെയും കുറിച്ച് അവര്‍ പറഞ്ഞ ശാപവാക്കുകള്‍. തന്ത്രത്തിന്റെയും നിയമത്തിന്റെയും ഏതു വഴികളിലൂടെയും രക്ഷപ്പെടാന്‍ അവര്‍ ശ്രമിച്ചാലും പഴയ ഭാഷയില്‍ ‘കാലുപിടിച്ചാല്‍ തീരാത്ത ബാലശാപ’മാണത്.