ലോകത്തിലെ ഏറ്റവും ചെറിയ കഥയുടെ രചയിതാവാണ് ഷാജിൽ അന്ത്രു. ഷാജിൽ അന്ത്രു രചിച്ച ‘ഏയ്. . ചൂ’ എന്ന രണ്ടു പ്രണയകഥകളുടെ സമാഹാരത്തിലെ ‘ഏയ്’ എന്ന കഥയാണ് ഏറ്റവും ചെറിയ കഥയ്ക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും ഹ്രസ്വ കഥയാണെന്ന് അവകാശപ്പെടുന്ന ഏണസ്റ്റ് ഹെമിംഗ് വേ എഴുതിയ ആറ് വാക്കുകളുള്ള കഥയെ നാലു വാക്കുകളുള്ള ഈ കഥ മറികടന്നു. എല്ലാ കഥകൾക്കും ഒരു കഥാസന്ദർഭം, കഥാപാത്രങ്ങൾ, സംഭവിക്കുന്ന സമയം, ഭാഷ എന്നിവ ഉണ്ടായിരിക്കും. എന്നാൽ ഷാജിൽ അന്ത്രുവിന്റെ ഈ ചെറിയ കഥയിൽ ഇതിവൃത്തം, കഥാപാത്രങ്ങൾ, സംഭവിക്കുന്ന സമയം, ഭാഷ എന്നിവ വായനക്കാരനു മനോധർമ്മം അനുസരിച്ചു സ്വീകരിക്കാമെന്ന രീതിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.
കഥയുടെ സന്ദർഭം നിർണ്ണയിക്കാനും കഥാപാത്രങ്ങളെയും സന്ദർഭത്തെയും തെരഞ്ഞെടുക്കാനും വായനക്കാരന് ഈ കഥ സ്വാതന്ത്ര്യം നൽകുന്നു. കാഞ്ഞിരമറ്റം അന്ത്രു എന്ന് ആദ്യകാലത്തും പിന്നെ കെ എം അന്ത്രുവെന്ന പേരിലും സാഹിത്യ രചന നടത്തിയ അച്ഛനാണ് ഷാജിൽ അന്ത്രുവിനെ സാഹിത്യത്തിലേക്ക് ആകർഷിച്ചത്. ഷാജിൽ അന്ത്രുവിന്റെ അപ്പൂപ്പൻ അന്തരിച്ച കെ പി അലികുഞ്ഞാണ്. കൊച്ചിയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിക്കുമ്പോൾ തന്നെ സാമൂഹ്യപ്രവർത്തനരംഗത്തും വളരെ സജീവമായിരുന്നു. തിരുവനന്തപുരത്തു താമസിക്കുന്ന ചെറുമക്കളേയും മക്കളെയും കാണാൻ വരുന്നത് തന്നെ അപൂർവം. ഇത് മനസ്സിൽ മുറിവുണ്ടാക്കി. ഈ വേദനയില്‍ നിന്നാണ് ‘വീണ്ടും ഒരു പകലിനു വേണ്ടി’ എന്ന ആദ്യത്തെ കഥ ജനിച്ചത്. കഥ. സ്കൂൾ മാഗസിനിൽ പ്രസിദ്ധീകരി ‘ദി നോട്ടി ലാമ്പ് ’ എന്ന ഇംഗ്ലീഷ് കവിതയാണ് അച്ചടി മഷി പുരണ്ട ആദ്യസൃഷ്ടി. എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് ഉമ്മച്ചിയുടെ പക്കൽ നിന്ന് വാങ്ങിയ പണംകൊണ്ട് ‘നിഴലുകൾ’ എന്ന മാഗസിൻ ഇറക്കി ഷാജിൽ അന്ത്രു പത്രാധിപരും ആയി. കുറെ കൈയെഴുത്തു മാഗസിനുകളും ഇക്കാലയളവിൽ അദ്ദേഹം പുറത്തിറക്കി. ഷാജിൽ അന്ത്രുവിന്റെ എഴുത്തു ജീവിതത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുന്നത് കേരളകൗമുദിയിൽ ‘പ്രേമലേഖനവും മാപ്പുപത്രവും’ എന്ന കഥ പ്രസിദ്ധീകരിച്ചു വന്നതോടെയാണ്.
അഞ്ഞൂറോളം കഥകളും, ഇരുപത്തിയഞ്ചോളം നോവലുകളും, ഒട്ടേറെ കവിതകളും എഴുതിയെങ്കിലും അവയിൽ വളരെ കുറച്ചു മാത്രമേ പ്രസീദ്ധീകരിച്ചുള്ളു. അവ പുസ്തകരൂപത്തിലാക്കാൻ ഷാജിൽ അന്ത്രു 2010 വരെ കാത്തു നിന്നു. 2010 ൽ ‘രക്ഷകന്റെ കഥ’കൾ എഴുതിക്കൊണ്ടിരുന്ന ഷാജിൽ അന്ത്രു പിന്നീട് പ്രസിദ്ധീകരിച്ചത് നോവൽ ആയിരുന്നു. ‘ഉത്തരം’ എന്ന നോവൽ. 1983 ൽ അറിഞ്ഞ ഒരു സംഭവം നോവലായി പരിണമിക്കുക ആയിരുന്നു. 2017 ൽ ‘സ്വപ്നങ്ങളിലെ പക്ഷി’ എന്ന കവിതാസമാഹാരമായാണ് ഷാജിൽ അന്ത്രു വന്നത്. 39 കവിതകളാണ് അതിൽ ഉള്ളത്. ഷാജിൽ അന്ത്രുവിന്റെ അച്ഛന്റെ കഥാസമാഹാരമായ “പദ്മശ്രീ ” യുടെ പ്രകാശന വേദിയിലാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. എല്ലാ പുസ്തകങ്ങള്‍ക്കും കവര്‍ വരച്ചത് രണ്ടാം ക്ലാസില്‍ പഠിക്കുന്ന മകള്‍ റോഷ്നിയാണ്. ചെറുകഥകൾ, നോവലുകൾ, കവിതകൾ, ഇംഗ്ലീഷ് നോവലുകൾ, ചെറുകഥകൾ ഷാജില്‍ അന്ത്രുവന്റെ പേനയില്‍ നിന്നും പിറന്നത് സാഹിത്യത്തിന്റെ വിവിധ രൂപങ്ങള്‍. വിളപ്പിൽശാലയിൽ ഒരു പോളിടെക്നിക് യാഥാർഥ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് ഷാജിൽ അന്ത്രു.
വെറും പോളിടെക്നിക് അല്ല. അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കുമ്പോൾ തന്നെ തൊഴിൽപരിചയം നൽകി നൈപുണ്യം വികസിപ്പിച്ചു, പഠനത്തോടൊപ്പം സ്റ്റൈപെൻഡും കൊടുക്കാൻ കൊടുക്കാൻ കഴിയണം. പോളിടെക്നിക്കിന്റെ ഗുണഭോക്താക്കളായി നാട്ടുകാരും മാറണം. അവരുടെ ഭൗതിക‑സാമ്പത്തിക ജീവിതസാഹചര്യം മാറണം. അവരിലൂടെ നാടിനനുസൃതമായ തൊഴിൽമേഖലകൾ ഉണ്ടാകണം. ഇതാണ് ഷാജില്‍ അന്ത്രുവിന്റെ സ്വപ്നം. സാധിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: “ചരിത്രം പറയുന്നത്, പൊതുനന്മയ്ക്കായി പ്രവർത്തിച്ചുകൊണ്ട് ജീവിച്ചവരാണ് ഏറ്റവും വലിയ മനുഷ്യർ. ഏറ്റവും കൂടുതൽ ആളുകളെ സന്തോഷിപ്പിച്ച മനുഷ്യൻ ഏറ്റവും സന്തോഷവാനാണെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ‘റിഫ്ലക്ഷൻസ് ഓഫ് എ മാൻ’ എന്ന പുസ്തകത്തിൽ കാറൽ മാർക്സ് എഴുതിയ ഈ വാക്കുകളാണ് എനിക്ക് പ്രചോദനം. ഒപ്പം ഓരോ ചുവടുവെയ്പ്പിലും കൂടെ നിൽക്കുന്ന എന്റെ ഭാര്യ മിനിയും മകൾ റോഷ്നിയും ആത്മവിശ്വാസവും തരുന്നു. സാഹിത്യവും സാമൂഹ്യസേവനവും അത് കൊണ്ട് എനിക്ക് സാധ്യമാണ്.”
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.