അമ്മയില്‍ നിന്നും പുറത്തുപോവേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും; തുറന്നടിച്ച് ഷമ്മി തിലകന്‍

Web Desk
Posted on October 15, 2020, 4:33 pm

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്നും രാജിവെച്ച നടി പാർവതി തിരുവോത്തിനെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ശക്തമായി തുറന്നടിച്ച് ഷമ്മി തിലകൻ രംഗത്ത് വന്നിരിക്കുകയാണ്. സംഘടനയിൽ നിന്ന് പുറത്തു പോകേണ്ടത് പാർവതിയല്ലെന്നും ഇടവേള ബാബുവും ഇന്നസെന്റും ആണെന്നുമാണ് ഷമ്മി വ്യക്തമാക്കിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരത്തിലൊരു തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. പാർവതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെൺകുട്ടി. അവർ പുറത്തുപോകേണ്ട കാര്യമില്ല. അവർ പറഞ്ഞതുപോലെ അയാൾ തന്നെയാണ് പുറത്തു പോകേണ്ടത്. പാർവതി ചെയ്തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവർക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകൻ പറയുന്നു.

”പുറത്താക്കാനായിട്ട് ആർക്കും തന്നെ സംഘടനയിൽ അധികാരമില്ല. അമ്മ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണ്. ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനയാണത്. അതിൽ പറയുന്ന നിയമാവലികൾ പ്രകാരം ആരെയും പുറത്താക്കാനുള്ള അധികാരം ആർക്കും തന്നെയില്ല.

അല്ലാത്തപക്ഷം അതിനകത്ത് നിന്നും പുറത്താക്കപ്പെടേണ്ടത് തിലകനോ, പാർവ്വതിയോ ഒന്നുമല്ല. ഇടവേള ബാബു എന്ന വ്യക്തിയാണ് പുറത്താക്കപ്പെടേണ്ടത്. സംവിധായകൻ വിനയൻ കോമ്ബെറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യക്ക് ഒരു കേസ് കൊടുത്തിരുന്നു. ആ കോടതിയുടെ വിധി വന്നത് ഓൺലൈനിലുണ്ട്. സേർച്ച് ചെയ്താൽ ആ ഫയൽസ് കിട്ടും. ”- ഷമ്മി തിലകൻ വ്യക്തമാക്കി.

തിലകനോട് ചെയ്തത് അനീതിയാണെന്നുള്ളത് അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട്. കോടതിയിലെ ഒരു ട്രയൽ കഴിഞ്ഞിട്ടുള്ള വിധിയാണത്. ആ റിപ്പോർട്ടിൽ അവർ വ്യക്തമായി പറയുന്നുണ്ട് തിലകനോട് ചെയ്തത് ശരിയോ തെറ്റോ എന്ന്. കോടതിയുടെ ഈ വിധി വന്നതിന് ശേഷം മാത്രമാണ് ഞാൻ ഇതിനെതിരെ അസോസിയേഷനിൽ പൊട്ടിത്തെറിച്ചിട്ടുള്ളത്.

അതിന് മുൻപ് വരെ എനിക്ക് പൊട്ടിത്തെറിക്കാൻ യാതൊരു തെളിവുകളും എന്റെ പക്കൽ ഉണ്ടായിരുന്നില്ല. പുറത്തുപോകേണ്ടത് ഇടവേള ബാബു ആണെന്നുള്ളതിൽ ഒരു സംശയവുമില്ല കൂടെ ഇന്നസെന്റും പുറത്തുപോകേണ്ടതാണ്. അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് അല്ലാത്തതുകൊണ്ടാണ് ഞാനത് പറയാത്തത്. ” ഷമ്മി തിലകൻ പറയുന്നു.

you may also like this video