ബേബി ആലുവ

കൊച്ചി

June 30, 2020, 8:54 pm

ഷംനാ കേസ് പ്രതികളുടെ ‘സമ്പർക്ക പട്ടിക’നീളുന്നു

Janayugom Online

ബേബി ആലുവ

ഷംനാ കാസിം കേസ് പ്രതികളുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വരാനുള്ളത്  പുറത്തുവന്നതിനെക്കാളേറെ. പ്രതികളുടെ സമ്പർക്ക വഴികൾ നീളുന്നതും സിനിമാ മേഖലയിലെ ചിലർ കസ്റ്റഡിയിലാവുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതും അക്കാര്യം അടിവരയിടുന്നു.
തട്ടിപ്പ്, ലൈം ഗിക ചൂഷണം, ഭീഷണിപ്പെടുത്തൽ, വിശ്വാസ വഞ്ചന, തടഞ്ഞുവയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഹവാല, സ്വർണ്ണക്കടത്ത്, മനുഷ്യക്കടത്ത് എന്നിങ്ങനെ പ്രതികളുടെ കുറ്റകൃത്യങ്ങളുടെ പട്ടിക നീണ്ടതാണ്. ഇതിനകം 18 യുവതികൾ പ്രതികൾക്കെതിരെ പരാതിയുമായി പൊലീസിൽ എത്തിക്കഴിഞ്ഞു. മാനഹാനി ഭയന്ന് പരാതിപ്പെടാത്തവരുമുണ്ട്.

15 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മുഖ്യ പ്രതിയും അയാളുടെ ബന്ധുവായ സിനിമാ മേക്കപ്പ് ആർട്ടിസ്റ്റും ഉൾപ്പെടെ എട്ടുപേരാണ് പിടിയിലായത്. തിരിച്ചറിഞ്ഞവരടക്കം ഇനിയും ചിലർ പിടിയിലാകാനുണ്ട്. അതിൽ പ്രതികളുടെ സഹായികളായ യുവതികളും പെടും. സിനിമാ, സീരിയൽ, മോഡലിങ്, ടിക് ടോക് താരങ്ങളക്കം പല യുവതികളും നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനു വിധേയനായ നടൻ ധർമ്മജൻ ബോൾഗാട്ടി തന്റെയും ഷംനാ കാസിമിന്റെയും ഫോൺ നമ്പറുകൾ പ്രതികൾക്കു ലഭിച്ചത് സിനിമാരംഗത്തെ ചിലരിൽ നിന്നാണെന്നു വെളിപ്പെടുത്തിയിട്ടുണ്ട്.

ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കിട്ടുന്ന വിവരങ്ങളും, ഇന്നലെ പിടിയിലായ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്നു പുറത്തു വരുന്ന വിവരങ്ങളും കേസിൽ പുതിയ വഴിത്തിരിവാകും. പഴയ കാലങ്ങളിൽ നിന്നു തീർത്തും വ്യത്യസ്തമായി മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പല വിവരങ്ങളും അതോടെ പുറത്തുവരും.

you may also like this video;

നേരത്തേ സിനിമാരംഗത്തെ പിടിച്ചുകുലുക്കിയ, നടൻ ദിലീപ് പ്രതിസ്ഥാനത്തു വന്ന നടിയെ ആക്രമിച്ച കേസിലെ ഇതര പ്രതികളുമായി ഷംനാ കേസിലെ പ്രതികൾക്കു ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വലിയ അവസരങ്ങളില്ലാത്തവരും സജീവമായി രംഗത്തില്ലാത്തവരുമായ സിനിമ, സീരിയൽ നടിമാരെയും മോഡലിങ്, ഇവന്റ് മാനേജുമെന്റ് രംഗത്തുള്ളവരെയുമാണ് പ്രതികൾ കൂടുതലായി ഉന്നമിട്ടിരുന്നത്. സിനിമയിൽ നല്ല വേഷങ്ങൾ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പ്രതികളുടെ സഹായികളായ സ്ത്രീകളാണ് ഇവരിൽ അധികം പേരെയും വലയിലാക്കിയിരുന്നത്. അതേസമയം, ഒന്നര വർഷം മുമ്പും കഴിഞ്ഞ സെപ്റ്റംബറിലും വാടാനപ്പള്ളി പോലീസിനും മാർച്ചിൽ എറണാകുളം നോർത്ത് സ്റ്റേഷൻ പോലീസിനും കിട്ടിയ പരാതികളിൽ ജാഗ്രതയോടെയുള്ള നടപടികളുണ്ടാവുകയും പ്രതികൾ പിടിയിലാവുകയും ചെയ്തിരുന്നെങ്കിൽ കൂടുതൽ കുറ്റകൃത്യങ്ങൾക്കുള്ള അവസരം ഉണ്ടാകുമായിരുന്നില്ല എന്ന അഭിപ്രായം ശക്തമാണ്.

വിവാഹ വാഗ്ദാനം നൽകി 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് യുവതി വാടാനപ്പള്ളി പോലീസിൽ പരാതിപ്പെട്ടത്. പരാതിയിൽ തുടർനടപടി ഇല്ലാതെ വന്നപ്പോൾ സെപ്റ്റംബറിൽ പരാതി ആവർത്തിച്ചു. അതിനും പരിഹാരമുണ്ടായില്ല. പ്രതികളുടെ പാലക്കാട്ടുള്ള തടവറയിൽ നിന്നു രക്ഷപ്പെട്ട അഞ്ചു യുവതികളിൽ, സ്വർണ്ണവും പണവും നഷ്ടപ്പെട്ട പെൺകുട്ടിയാണ് മാർച്ച് ഒന്നിന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അത് കൂടുതൽ അന്വേഷണങ്ങൾക്കായി പാലക്കാട് വാളയാർ പോലീസിനു കൈമാറിയെന്നാണ് പറയുന്നത്. ഏതായാലും കാര്യത്തിൽ പുരോഗതിയുണ്ടായില്ല. രണ്ടു യുവതികളും ഷംനാ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പിൽ പരാതിയുമായി എത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്.

you may also like this video;