ഷംന ബ്ലാക്ക് മെയിൽ കേസ്; അന്വേഷണം വിരൽചൂണ്ടുന്നത് ആ പ്രമുഖ നിർമ്മാതാവിലേക്ക്

Web Desk

കൊച്ചി

Posted on July 03, 2020, 12:53 pm

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ ഷംനയുടെ വീട്ടിലെത്തിയ സിനിമ നിർമ്മാതാവിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാക്കറെ. വിവാഹത്തട്ടിപ്പ് സംഘം ഷംനയുടെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വിദേശത്തുനിന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നിർമാതാവ് എത്തിയത്. സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുകയാണ്. കേസിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ടെന്നും ഐ ജി വിജയ് സാക്കറെ വ്യക്തമാക്കി.

അതേ സമയം കേസിൽ ടിക്ടോക്ക് താരത്തിന്റെ മൊഴിയെടുക്കുകയാണ്. കാസർകോട് സ്വദേശിയായ യാസറിന്റെ മൊഴിയാണ് എടുക്കുന്നത്. ഇയാളുടെ ചിത്രം ഉപയോഗിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. ബ്ലാക്ക് മെയിൽ കേസിൽ ചലച്ചിത്ര നിർമ്മാതാവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വിവാഹതട്ടിപ്പിനായി പ്രതികൾ ഷംനയുടെ വീട്ടിൽ പോയി വന്ന ശേഷം ഇയാൾ വീട്ടിൽ വന്നെന്ന ഷംന പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. വീഡിയോ കോൺഫറൻസ് വഴി ഷംന കാസിം പൊലീസിന് നൽകിയ മൊഴിയിലാണ് നി‍ർമ്മാതാവിൻ്റെ സന്ദ‍ർശനത്തെക്കുറിച്ച് പറയുന്നത്.

ജൂൺ 20‑നാണ് ഈ നി‍ർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. ഇതേ തുട‍ർന്ന് വീട്ടുകാ‍ർ നടിയെ ബന്ധപ്പെട്ടപ്പോൾ ഒരു നിർമ്മാതാവിനേയും താൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്. വീട്ടുകാ‍ർ ഇക്കാര്യം നി‍ർമ്മാതാവിനോട് പറഞ്ഞപ്പോൾ കൈയിലുള്ള ഫോൺ കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഷംന തനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അതിൻ്റ അടിസ്ഥാനത്തിലാണ് വന്നതെന്നും ഇയാൾ പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിൽ ഷംന ഇക്കാര്യം പറയുകയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

you may also like this video