Web Desk

കൊച്ചി

July 01, 2020, 7:23 pm

വിവാഹം ആലോചിച്ച് തട്ടിപ്പിന് ശ്രമം; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഷംനാ കാസിം

Janayugom Online

വിവാഹം ആലോചിച്ച് തട്ടിപ്പിനു ശ്രമിച്ച സംഘത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായി നടി ഷംന കാസിം. ഫോണിൽ വിളിച്ചവരല്ല പെണ്ണുകാണാൻ വന്നത്‌. തട്ടിപ്പ്‌ സംഘം പല കഥാപാത്രങ്ങളായി ഇവർ ഞങ്ങളുടെ വീട്ടുകാരെ പറ്റിച്ചതായും ഷംന മാധ്യമ പ്രവർത്തകരോട്‌ വീഡിയോ കോളിലൂടെ വ്യക്തമാക്കി.

പരാതി നൽകിയ ശേഷമാണ് തട്ടിപ്പു നടത്താൻ ശ്രമിച്ചത് ഇത്ര വലിയ സംഘമാണെന്നു വ്യക്തമായത്‌. വിവാഹ ആലോചനയായതിനാലാണ്‌ പ്രതികളെ തെറ്റിദ്ധരിച്ച്‌ വിളിച്ചത്‌. വാട്‌സ്‌ ആപ്‌ സന്ദേശവും നൽകി. ഫോണിൽ സംസാരിച്ചവരിൽ സ്ത്രീകളുണ്ട്. ഒരു കുട്ടി വന്ന് ഹലോ പറഞ്ഞു പോയി. ഇവർ ആരൊക്കെയാണെന്ന് അറിയണം. തന്നെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടതായി പൊലീസ്‌ പറഞ്ഞതിൽ വസ്തുതയുണ്ടാകാം. ഇതു ലക്ഷ്യമിട്ടാവണം വീടിന്റെയും വാഹനത്തിന്റെയും ഫോട്ടോ സംഘം പകർത്തിയത്. ഭീഷണിക്ക്‌ പിന്നാലെ ഇവർ എന്തും ചെയ്യുമെന്ന്‌ തോന്നിയതിനാലാണ് പരാതി നൽകിയത്. പണം ചോദിച്ചത്‌ സംശയത്തിനിടയാക്കി.

അറസ്‌റ്റിലായവർ തന്നോട് സ്വർണം കടത്താൻ ആവശ്യപ്പെട്ടിട്ടില്ല. സ്വർണ തട്ടിപ്പു നടത്തുന്നവരാണെന്നും പറഞ്ഞിട്ടില്ല. പറഞ്ഞ പേരും കാണിച്ച ഫോട്ടോയും എല്ലാം തട്ടിപ്പായിരുന്നു. അൻവറിന്റെ പേരിൽ കാണിച്ചത് മറ്റൊരാളുടെ ഫോട്ടോയായിരുന്നു. മെയ്‌ 25നാണ് വിവാഹാലോചനയുമായെത്തിയത്‌. അൻവറെന്നയാളാണ്‌ പണം ചോദിച്ചത്. കൊച്ചി വരെ വരുന്നു, അമ്മ സുഹറയും വരുന്നുണ്ടെന്നും പെൺകുട്ടിയെ കാണാം എന്നും പറഞ്ഞപ്പോഴാണ് നിരസിക്കാതിരുന്നത്. പെണ്ണും ചെറുക്കനും സംസാരിക്കണമെന്ന്‌ പറഞ്ഞപ്പോൾ അൻവറിന്റെ പേരിൽ സംസാരിച്ചത് വേറെയാളാണ്‌. ഖുറാൻ വാക്കുകളൊക്കെ ഉപയോഗിച്ചു. വീഡിയോ കോളിൽ സംസാരിച്ചപ്പോൾ മുഖം മറച്ചു പിടിച്ചു. വിവാഹലോചനയുമായി വിശ്വസനീയമായ രീതിയിൽ സംസാരിച്ചെങ്കിലും പണം ചോദിച്ചപ്പോഴാണ് സംശയമായത്‌. ഇവർ പറഞ്ഞ വിലാസം വ്യാജമാണെന്ന്‌ മനിസിലായി. പണം ചോദിച്ചതിന് പിന്നീട് ചെറുക്കന്റെ അച്ഛൻ ക്ഷമ പറഞ്ഞു. സംസാരിച്ച സംഘത്തിൽ റഫീഖ് എന്ന പേരുള്ള ആരുമില്ല. ആന്റിയും അങ്കിളുമെവിടെയെന്ന്‌ ചോദിച്ചപ്പോൾ വന്നവർക്ക് കൃത്യമായ മറുപടിയുണ്ടായില്ല. ഫോണിൽ സംസാരിച്ച ആളുകളും വന്നവരും തമ്മിൽ ചേരുന്നില്ലെന്ന്‌ അതോടെ മനസിലായി. എല്ലാവരുടെയും ഫോൺ സംഭാഷണങ്ങൾ റെക്കൊഡ്‌ ചെയ്‌തു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ്‌ പ്രതികളെ തിരിച്ചറിഞ്ഞത്‌.
സിനിമ മേഖലയുമായി ബന്ധമില്ല

തന്റെ നമ്പർ നൽകിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. ഏതൊരു പെൺകുട്ടിയുടെ നമ്പർ കൊടുത്താലും അത് ദുരുപയോഗം ചെയ്യാനിടയുള്ളതിനാൽ സമ്മതം ചോദിക്കേണ്ടതായിരുന്നു. സിനിമ സംഘടനകളിൽ നിന്ന് വിളിച്ച് പലരും പിന്തുണ നൽകി. സിനിമയിൽ വ്യക്തിപരമായി  ശത്രുക്കളാരുമില്ല. കേസിൽ സിനിമ മേഖലയുമായി ബന്ധമില്ല. എന്നെ കെണിയിൽപ്പെടുത്തുമോയെന്നും വീട്‌ ആക്രമിക്കുമോയെന്നും പേടിയുണ്ടായിരുന്നുവെന്നും ഷംന വ്യക്തമാക്കി.

Eng­lish sum­ma­ry: Sham­na Kasim case followup.

you may also like this video: