Web Desk

December 29, 2019, 9:38 am

വീണ്ടും ഒത്തു തീർപ്പിനൊരുങ്ങുന്നു: അമ്മ ഷെയ്ൻ നിഗത്തെ ചർച്ചയ്ക്ക് വിളിക്കും

Janayugom Online

കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജനുവരി 9ന് കൊച്ചിയിൽ ചേരുന്ന ‘അമ്മ’ നിർവാഹക സമ്മിതി യോഗത്തിൽ ഷെയ്ൻ നിഗം വിഷയം ചർച്ച ചെയ്യും. യോഗത്തിലേക്ക് ഷെയ്ൻ നിഗത്തിനെ വിളിപ്പിക്കും. ഇതിന് ശേഷം നിർമ്മാതാക്കളുമായി ‘അമ്മ’ ചർച്ച നടത്തും.  ഷെയ്നുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന നിലപാടിൽ നിർമാതാക്കൾ ഉറച്ചു നിൽക്കുകയാണ്. അതേസമയം മനോരോഗി പരാമർശത്തിൽ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് കൗൺസിൽ എന്നിവർക്ക് സമർപ്പിച്ച കത്തിൽ ഷെയ്ൻ ഇന്നലെ ഖേദം പ്രകടിപ്പിച്ചിരുന്നു. നിർമാതാക്കളെ മനോരോഗികൾ എന്നു വിളിച്ചതിനാണ് മാപ്പു പറഞ്ഞത്.

you may also like this video

തന്റെ പരാമർശത്തിൽ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ഷെയ്ൻ കത്തിലൂടെ വ്യക്തമാക്കി. രാജ്യാന്തര ചലച്ചിത്ര മേളയിൽ വച്ചായിരുന്നു ഷെയ്നിന്റെ വിവാദ പരാമർശം. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കുന്നതിലും വെയിൽ , കുറുബാനി സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കുന്നതിലും ഷെയ്നിന്‍റെ കയ്യിൽ നിന്ന് ‘അമ്മ’ഉറപ്പ് വാങ്ങും. ഇതിന് ശേഷം ഈ ഉറപ്പുമായി അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തും. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നാണ് സൂചന. നേരത്തെ ഡിസംബർ 22ന് തീരുമാനിച്ചിരുന്ന നിർവാഹകസമിതിയോഗം മോഹൻലാൽ സ്ഥലത്തില്ലാത്തതിനാൽ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.