ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി; ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ്

Web Desk
Posted on October 17, 2019, 11:32 am

കൊച്ചി: സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവ നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. ഷെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിര്‍മാതാവാണ് ജോബി ജോര്‍ജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ന്‍ പറയുന്നത്.

ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തില്‍ പൂര്‍ത്തീകരിച്ച് ഷെയ്ന്‍ കുര്‍ബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ന്‍ വരുന്നത്. വെയിലില്‍ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ന്‍ എത്തുന്നത്. കുര്‍ബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാല്‍ പിന്നിലെ മുടി അല്‍പം മുറിച്ചു. ഇതിന്റെ പേരില്‍ ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ന്‍ ഇന്‍സ്റ്റഗ്രാമില്‍ ലൈവിലെത്തി പറഞ്ഞത്. സംഭവത്തില്‍ താര സംഘടനയായ അമ്മയ്ക്ക് നടന്‍ പരാതി നല്‍കുകയും ചെയ്തു.

അതേസമയം ആരോപണ വിധേയനായ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വിശദീകരണവുമായി എത്തി. ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോബി ജോര്‍ജ് പറയുന്നത്.4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്‌നിനു നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നതെന്നും നിര്‍മ്മാതാവ് പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രീകരണത്തില്‍ പങ്കെടുത്തില്ലെന്നു കാണിച്ച് നിര്‍മാതാക്കളുടെ സംഘടനക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് സംഘടന നടന്‍ ഷൈന്‍ നിഗത്തിനു അയച്ച കത്തും വാര്‍ത്താ സമ്മേളനത്തിനിടെ നിര്‍മാതാവ് ജോബി ജോര്‍ജ്ജ് ഉയത്തികാണിച്ചു. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറഞ്ഞു. അതേസമയം ഷൈൻ അമ്മ സംഘടനയിൽ പരാതി നൽകിയ വിവരം നേരിട്ട് അറിയില്ല. ചർച്ചക്ക് വിളിച്ചാൽ പോകുമെന്നും ജോബി ജോർജ് പറഞ്ഞു.

YOU MAY ALSO LIKE.…